26 January Wednesday

കൽപ്പറ്റ ഏരിയാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021

സിപിഐ എം കൽപ്പറ്റ ഏരിയാ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്യുന്നു

 മുട്ടിൽ 

സിപിഐ എം കൽപ്പറ്റ ഏരിയാ സമ്മേളനത്തിന്‌ മുട്ടിലിൽ ആവേശ തുടക്കം. മുട്ടിൽ പഞ്ചായത്ത്‌ പരിസരത്ത്‌  എം വേലായുധൻ നഗറിലാണ്‌ ശനി, ഞായർ ദിവസങ്ങളിലായി സമ്മേളനം നടക്കുന്നത്‌.   മുതിർന്ന നേതാവ്‌ യു വേണുഗോപാലൻ പതാക ഉയർത്തിയതോടെയാണ്‌ രണ്ട്‌ ദിവസത്തെ സമ്മേളനത്തിന്‌ തുടക്കമായത്‌. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്‌തു.  എം മധു രക്തസാക്ഷി പ്രമേയവും പി എം നാസർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി എം മധു  പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെ സുഗതൻ കൺവീനറായി സി ഷംസുദ്ദീൻ, പി ആർ നിർമല, സീതാബാലൻ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിച്ചത്‌. സ്വാഗതസംഘം ചെയർമാൻ എം ഡി സെബാസ്‌റ്റ്യൻ സ്വാഗതം പറഞ്ഞു. 
   ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി വി ബേബി, പി വി സഹദേവൻ, കെ റഫീഖ്‌ എന്നിവർ പങ്കെടുക്കുന്നു. മുതിർന്ന തോക്കളായ പി എ മുഹമ്മദ്‌, വി പി ശങ്കരൻ നമ്പ്യാർ എന്നിവരും ഉദ്‌ഘാടനചടങ്ങിൽ പങ്കെടുത്തു. രക്തസാക്ഷി കുടുംബങ്ങളെയും ആദ്യകാല പാർടി പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. ഗ്രൂപ്പ്‌ ചർച്ചക്കും പൊതുചർച്ചക്കും ശേഷം സമ്മേളനം  ഞായറാഴ്‌ച സമാപിക്കും. ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 146 പ്രതിനിധികളാണ്‌  സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. 
 
 
കർഷക വിജയം പുതിയ പോരാട്ടങ്ങൾക്ക്‌ കരുത്തേകും: പി കെ ശ്രീമതി
കൽപ്പറ്റ
ഐതിഹാസിക പോരാട്ടത്തിലൂടെ കേന്ദ്രസർക്കാരിനെ മുട്ടുകുത്തിച്ച്‌ കർഷകർ നേടിയ വിജയം രാജ്യത്തെ എല്ലാ സമരപോരാട്ടങ്ങൾക്കും ഊർജം പകരുമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം രാജ്യത്താകെ ഉയരുന്നുണ്ട്‌. തൊഴിലാളികൾ, യുവാക്കൾ, മഹിളകൾ എന്നിവരെല്ലാം നടത്തുന്ന സമരങ്ങൾക്ക്‌ കർഷകരുടെ പോരാട്ടം ആവേശം പകരും. കൂടുതൽ ജനങ്ങളെ അണിനിരത്തി   പോരാട്ടം ശക്തമാക്കാനും ഈ സമരം പ്രചോദനമാകും. 
   ഹിന്ദുത്വരാഷ്‌ട്രം ഉണ്ടാക്കണമെന്ന ഏക ലക്ഷ്യത്തോടെ ഇന്ത്യ ഭരിക്കുന്ന പാർടിയാണ്‌ ബിജെപി. ഇന്ത്യൻ ഭരണഘടന കാറ്റിൽ പറത്തിയും ഫെഡറൽ സംവിധാനത്തിന് മേൽ കുതിരകയറിയും ജനാധിപത്യസംവിധാനത്തിനാകെ വെല്ലുവിളിയായി മാറുകയാണ്‌ ബിജെപി ഭരണം.  വർഗീയത വളർത്തിയും ചരിത്രം തിരുത്തിയെഴുതിയും  സാംസ്‌കാരിക രംഗത്തും പൊതുരംഗത്തും ഭിന്നിപ്പ്‌ ഉണ്ടാക്കാനുള്ള ഗൂഢലക്ഷ്യത്തിലാണ്‌ ബിജെപി. 
   ദേശീയതലത്തിൽ കേന്ദ്രനയത്തിനെതിരെ ഒരു ബദൽ ഉയർത്തുന്നത്‌ കേരളം മാത്രമാണ്‌. ജനങ്ങളുടെ പട്ടിണി അകറ്റിയും മികച്ച വിദ്യാഭ്യാസം നൽകിയും സംസ്ഥാന സർക്കാർ കേരള സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങൾക്ക്‌  കേരളത്തിലെ ജനങ്ങളിൽനിന്നും സർക്കാരിന്‌ വലിയ പിന്തുണയാണ്‌ ലഭിക്കുന്നതെന്നും ശ്രീമതി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top