06 December Friday

അതിജീവനത്തിന്റെ അനുഭവസാക്ഷ്യം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

‘ജനകീയം ഈ അതിജീവനം' പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ‌്ഘാടനം ചെയ്യുന്നു

 കൽപ്പറ്റ

ദുരിതങ്ങളുടെ പ്രളയകാലം പിന്നിട്ട‌ുള്ള  അതിജീവനത്തിന്റെ  പുതുചരിത്രം  കലക്ടർ എ ആർ അജയകുമാർ  വിവരിച്ചു. ഒരു പെരുമഴക്കാലം വിഴുങ്ങിയ നാടും നഗരവും അധിവാസ കേന്ദ്രങ്ങളുമെല്ലാം ജനകീയ മുന്നേറ്റത്തിന്റെ കരുത്തിൽ  തിരിച്ച‌ുപിടിച്ചതിന്റെ വിജയഗാഥകൾക്ക‌് കൽപ്പറ്റ ടൗൺഹാളിൽ നിറഞ്ഞ ജനസഞ്ചയം സാഭിമാനം  ചെവിയോർത്തു.  പ്രളയദുരിതാശ്വാസ പുനർനിർമാണ പ്രവർത്തനങ്ങൾ പൊതുസമൂഹത്തെ അറിയിച്ചുള്ള ‘ജനകീയം ഈ അതിജീവനം' സംഗമം  മറ്റൊരു ജനകീയ മുന്നേറ്റത്തിന്റെ സാക്ഷ്യമായി. പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ‌്ഘാടനംചെയ‌്തു.
ജില്ലയെ വിഴുങ്ങിയ പ്രളയം  അതിജീവിച്ചതിന്റെ  ചിത്രമാണ‌് കലക്ടർ  അവതരിപ്പിച്ചത‌്. ദുരിതാശ്വാസ, പുനർനിർമാണ പ്രവർത്തനങ്ങൾ    വിശദീകരിച്ചു.  പ്രതിസന്ധിയിലായ ഓരോ മേഖലകളും തിരിച്ചു വരവിന്റെ പാതയിലാണെന്ന‌് അദ്ദേഹം പറഞ്ഞു. സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകളുടെ താക്കോൽ മന്ത്രി കൈമാറി.  മേപ്പാടി സ്വദേശിനി ശാന്ത വിജയൻ, പനമരം കൂളിവയൽ സ്വദേശിനി സുമയ്യ റഷീദ്  എന്നിവർക്കാണ‌് വീടുകൾ ലഭിച്ചത‌്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റ് തണൽ തൃശ്ശിലേരി വില്ലേജിലെ 17 കുടുംബങ്ങൾക്ക് അഞ്ചു സെന്റ് ഭൂമി വീതം സൗജന്യമായി നൽകിയതിന്റെ രേഖകളും കൈമാറി. പ്ലാമൂല കാക്കോരി, നന്മാറ കോളനിവാസികൾ ഭൂ രേഖകൾ എറ്റുവാങ്ങി. പ്രളയബാധിതരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ സാമൂഹിക- സന്നദ്ധസംഘടന പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.  സി കെ ശശീന്ദ്രൻ അധ്യക്ഷനായി. ഒ ആർ കേളു എംഎൽഎ, എഡിഎം കെ അജീഷ്, സബ് കലക്ടർ എൻ എസ‌് കെ ഉമേഷ്, കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ സനിത ജഗദീഷ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി,   സിപിഐ എം ജില്ല സെക്രട്ടരി പി ഗഗാറിൻ, സിപിഐ ജില്ല സെക്രട്ടറി വിജയൻ ചെറുകര, കോൺഗ്രസ‌് എസ‌് സംസ്ഥാന സെക്രട്ടറി പി കെ ബാബു,  എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം സി   എം ശിവരാമൻ, കെ ജെ ദേവസ്യ,  ഏച്ചോം ഗോപി, ഇ സുരേഷ് ബാബു  എന്നിവർ സംസാരിച്ചു. 
 
പ്രധാന വാർത്തകൾ
 Top