17 August Saturday

ആവേശം വാനോളം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

 മാനന്തവാടി

എൽഡിഎഫ് ജനമുന്നേറ്റത്തിന്റെ വിളംബരമായി മാനന്തവാടിയിലും തെരഞ്ഞെടുപ്പ് റാലിയും റോഡ് ഷോയും. വയനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പി സുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാനന്തവാടിയിൽ നടത്തിയ മണ്ഡലം തെരഞ്ഞെടുപ്പ് റാലി അക്ഷരാർഥത്തിൽ നഗരത്തെ ഇളക്കി മറിച്ചു. മാനന്തവാടി മണ്ഡലത്തിൽ നിന്നുള്ളവർ മാത്രം പങ്കെടുത്ത റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. കൊട്ടിഘോഷിച്ച് ശനിയാഴ്ച്ച രാവിലെ പ്രിയങ്ക ഗാന്ധിയെ പങ്കെടുപ്പിച്ച്  യുഡിഎഫ് നടത്തിയ റാലിയുടെ ഇരട്ടിയിലധികം ആളുകളാണ് വൈകിട്ട് എൽഡിഎഫ് റാലിക്കെത്തിയത്. നഗരം ജനസഞ്ചമായി. കൽപ്പറ്റക്കും ബത്തേരിക്കും പിന്നാലെ മാനന്തവാടിയിലെ റാലിയിലുമുണ്ടായ അഭൂതപൂർവമായ പങ്കാളിത്തം എൽഡിഎഫിന്റെ വിജയ വിളംബരമായി. സ്ത്രീകൾ കൂട്ടത്തോടെ ഒഴുകിയെത്തി. യുവാക്കളും വിദ്യാർഥികളും തൊഴിലാളികളും കർഷകരും എൽഡിഎഫിനെ നെഞ്ചേറ്റി. ഒരു കൊടുങ്കാറ്റിലും തങ്ങളെ തകർക്കാനാവില്ലെന്ന പ്രഖ്യാപനംകൂടിയായി റാലി. സംഘപരിവാറിനെ നേരിടാതെ രാജ്യത്തെ മതേതര ഐക്യം തകർത്ത് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പിലൂടെ ഉചിതമായ മറുപടി നൽകുമെന്ന് വിളിച്ചുപറഞ്ഞായിരുന്നു എൽഡിഎഫ് റാലി.
ഗാന്ധിപാർക്കിലെ പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി വി സഹദേവൻ അധ്യക്ഷനായി. സ്ഥാനാർഥി പി പി സുനീർ, മന്ത്രി കെ കെ ശൈലജ, ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്കുമാർ, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി കെ ജാനു, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, എൻ വി രാജേഷ് എന്നിവർ സംസാരിച്ചു. മാനന്തവാടി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഇ ജെ ബാബു സ്വാഗതം പറഞ്ഞു. എംഎൽഎമാരായ ഒ ആർ കേളു, സി കെ ശശീന്ദ്രൻ, എൽഡിഎഫ് ജില്ലാ കൺവീനർ കെ വി മോഹനൻ,   സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, എൻസിപി ജില്ലാ പ്രസിഡന്റ് എം പി അനിൽ, കുര്യാക്കോസ് മുള്ളൻമട, പി ഷബീറലി, ഡോ. ഗോകുൽദേവ്, കെ എ ആന്റണി, പി വി പത്മനാഭൻ, കെ പി ശശികുമാർ, പി സന്തോഷ് കുമാർ, എ എൻ പ്രഭാകരൻ, കെ റഫീഖ്, കെ എം വർക്കി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top