25 May Monday

നിർദേശങ്ങൾ പാലിക്കുന്നില്ല രോഗംവിളിച്ചുവരുത്തി നാടുചുറ്റൽ

സ്വന്തം ലേഖകൻUpdated: Saturday Mar 21, 2020
കൽപ്പറ്റ
കോവിഡിനെതിരെ  അതീവജാഗ്രതാ നിർദേശം നൽകിയിട്ടും അവഗണിച്ച്‌ യാത്രികർ. ജില്ലയിലെ അതിർത്തി ചെക്‌പോസ്‌റ്റുകളിലെ പരിശോധനയിലാണ്‌ ഇപ്പോഴും ഉല്ലാസയാത്രക്കാരെ കണ്ടെത്തുന്നത്‌. നിർദേശങ്ങൾ പാലിക്കാതെ വാഹനങ്ങളിൽ കറങ്ങുന്ന സംഘങ്ങൾ ചെക്‌പോസ്‌റ്റ്‌വഴി വരുന്നതായി പരിശോധനാ സംഘങ്ങൾ പറഞ്ഞു. മലയാളികളാണ്‌  കൂടുതൽ യാത്രചെയ്യുന്നത്‌. കോവിഡ്‌ മരണമുണ്ടായ കർണാടകയിൽ വിനോദസഞ്ചാരത്തിനുപോയി മടങ്ങുന്ന സംഘങ്ങളെ കഴിഞ്ഞ ദിവസങ്ങളിൽ മുത്തങ്ങയിലെ പരിശോധനയിൽ കണ്ടെത്തി. 
മലപ്പുറത്തുനിന്നും നിലമ്പൂർ–ഗൂഡല്ലൂർ–-ബന്ദിപ്പൂർവഴി വയനാട്ടിലേക്ക്‌  വന്ന സംഘത്തോട്‌ മടങ്ങിപോകാൻ  അധികൃതർ നിർദേശിച്ചിട്ടും ഫലമുണ്ടായില്ല.  ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണെന്ന വിവരം പറഞ്ഞിട്ടും  പിൻമാറാതെ യാത്രതുടർന്നു. ബാവലിയിലെ പരിശോധനയിലും ഉല്ലാസസംഘങ്ങളെ കണ്ടെത്തി. കറങ്ങുന്ന സംഘങ്ങളിൽ വിദേശങ്ങളിൽനിന്നും വന്നവരുണ്ടെന്നും പരിശോധക സംഘാംഗങ്ങൾ പറഞ്ഞു. വിവരം മറച്ചുവച്ചാണ്‌ ചുറ്റൽ. 
ജില്ലയിലെ 10 അതിർത്തി ചെക്‌പോസ്‌റ്റുകളിലെ പരിശോധനയിൽ അത്യാവശ്യത്തിനല്ലാതെ യാത്രചെയ്യുന്ന നിരവധിപേരെയാണ്‌ കണ്ടെത്തുന്നത്‌.  ഭൂരിഭാഗവും ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ച്‌ മടങ്ങുകയോ, യാത്ര അവസാനിപ്പിക്കുകയോ ചെയ്യുന്നുണ്ട്‌. ചുരുക്കംപേർ നിർദേശങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ല. രണ്ട്‌സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ ഏകജില്ലയാണ്‌ വയനാട്‌. കർണാണാടകയും തമിഴ്‌നാടുമായി ചേർന്നുകിടക്കുന്ന ജില്ലയിൽ ഈ സംസ്ഥാനങ്ങളിൽനിന്നുമുള്ള നിരവധിപേർ എത്തുന്നുണ്ട്‌. നിത്യേന ഇവിടെനിന്നും ഈ സംസ്ഥാനങ്ങളിലേക്ക്‌ പോകുന്നവരും ഏറെയാണ്‌. രോഗവ്യാപനത്തിന്‌ ഏറെ സാധ്യതകളാണുള്ളത്‌.  അനാവശ്യയാത്രകൾ ഒഴിവാക്കണമെന്ന്‌  ആവർത്തിച്ച്‌ പറഞ്ഞിട്ടും അനുസരിക്കാത്തവർക്കെതിരെ കർശന നടപടികളിലേക്ക്‌ അധികൃതർ നീങ്ങുകയാണ്‌. 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top