17 June Monday

അഗതി രഹിത കേരളം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019
കൽപ്പറ്റ
കുടുംബശ്രീ അഗതി രഹിത കേരളം സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ‌്ച കൽപ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവ്വഹിക്കും. സംസ്ഥാന സർക്കാരിന്റെ ആയിരംദിനാഘോഷങ്ങളുടെ ഭാഗമായി രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ സി കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനാകും.  കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ് ഹരികിഷോർ പദ്ധതി വിശദീകരണം നടത്തും. ആശ്രയ ഫണ്ട് വിതരണോദ്ഘാടനം ഐ സി ബാലകൃഷ്ണൻ എംഎൽഎയും ഹെൽത്ത് കാർഡ് വിതരണോദ്ഘാടനം ഒ ആർ കേളു എംഎൽഎയും നിർവ്വഹിക്കും. ആശ്രയ പദ്ധതി പൂർത്തീകരിച്ച സിഡിഎസുകളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയും നൂറുശതമാനം ഡിജിറ്റലൈസേഷൻ പ്രക്രിയ പൂർത്തീകരിച്ച സിഡിഎസുകളെ കുടുംബശ്രീ ഗവേണിങ് ബോർഡ് അംഗം ബേബി ബാലകൃഷ്ണനും ആദരിക്കും. ജില്ലാ കളക്ടർ എ ആർ അജയകുമാർ മുഖ്യപ്രഭാഷണം നടത്തും. കുടുംബശ്രീ ഉൽപന്ന വിപണനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് പി എം നാസർ നിർവ്വഹിക്കും. നിരാശ്രയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന ആശ്രയ പദ്ധതി വിപുലീകരിച്ച് ആരംഭിക്കുന്നതാണ് അഗതി രഹിത കേരളം പദ്ധതി. സംസ്ഥാനത്തെ 1,60000 പേർ ഇതിന്റെ ഭാഗമാകും. അശരണരും നിരാലംബരുമായവർക്ക് സാമൂഹ്യാധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങൾ ലഭ്യമാക്കുകവഴി അവരെ മുഖ്യധാരയിലേക്ക് ഉയർത്തുകയെന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. അതിജീവനാവശ്യങ്ങളായ ഭക്ഷണം, ചികിത്സ, വസ്ത്രം, വിവിധതരം പെൻഷനുകൾ എന്നിവയും അടിസ്ഥാന ആവശ്യങ്ങളായ ഭൂമി, പാർപ്പിടം, കുടിവെള്ളം, ശുചിത്വ സംവിധാനം, വൈദ്യുതി, വിദ്യാഭ്യാസം എന്നിവയും ഗുണഭോക്താക്കൾക്കു ലഭിക്കും. വികസന ആവശ്യങ്ങളായ ജീവനോപാദികൾ, തൊഴിൽ പരിശീലനം, മാനസിക വികസന ആവശ്യങ്ങൾക്കായുള്ള പ്രത്യേക സംവിധാനങ്ങളും പദ്ധതിവഴി സാധ്യമാകും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top