08 June Thursday

ഓസ്കർ നിറവിൽ ‌ആനക്കുട്ടികൾക്ക്‌ താരാട്ടുപാടി മുതുമല

അബ്‌ദുള്ള ഗൂഡല്ലൂർUpdated: Monday Mar 20, 2023

ബൊമ്മനും ബെല്ലിയും

ഗൂഡല്ലൂർ
കൊലയാളി, അക്രമകാരിയെന്നെല്ലാമുള്ള ജനങ്ങളുടെ രോഷ പ്രകടനത്തിനിടയിലും കാട്ടാനകൾക്ക്‌ സ്‌നേഹത്തിന്റെയും പരിലാളനത്തിന്റെയും ഉറവവറ്റാത്ത സങ്കേതമാണ്‌ മുതുമല. തമിഴ്‌നാട്‌ നീലഗിരി ജില്ലയിലെ ഏഷ്യയിലെ ഏറ്റവും വലിയ ആന വളർത്തൽ കേന്ദ്രം ഇപ്പോൾ ഓസ്‌കർ നിറവിലാണ്‌. മുതുമലയിലെ കുട്ടിയാനകളായ ബൊമ്മിയെയും രഘുവിനെയും സ്‌നേഹപരിലാളനകൾ നൽകി സ്വന്തം കുഞ്ഞുങ്ങളെപ്പോലെ നോക്കിയ പാപ്പാന്മാരായ ‌ബൊമ്മനെയും ഭാര്യ ബെല്ലിയെയും കുറിച്ചുള്ള ഷോർട്ട്‌ ഫിലിം ‘ദ എലിഫന്റ്‌ വിസ്‌പറേഴ്‌സിന്‌’ ഓസ്‌കർ ലഭിച്ചതോടെയാണ്‌ മുതുമല ആനക്യാമ്പും കൂടുതൽ ആകർഷണകേന്ദ്രമാവുന്നത്‌. ആളുകളെ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്തതിനാൽ പിടികൂടി കൊണ്ടുവന്നവ, തള്ളയാനകൾ ചരിഞ്ഞ്‌ കുട്ടികൾ തനിച്ചായവ, വനത്തിൽ ഉപേക്ഷിക്കപ്പെട്ടവ, ക്യാമ്പിൽതന്നെ ജനിച്ചവ എന്നിങ്ങനെ വിവിധരീതികളിൽ എത്തിച്ചേർന്നവയാണ്‌ ആനക്യാമ്പിലുള്ളത്‌. ഗജപോക്കിരികളായവരും, കുസൃതിയും കുറുമ്പും കാട്ടുന്നവയുമെല്ലാം ആനവളർത്തൽ കേന്ദ്രത്തിലെ പാപ്പാൻമാരുടെ കീഴിൽ അനുസരണയുള്ള കുട്ടികളായി മാറും.  
1917ലാണ്‌ ആനക്യാമ്പ്‌ ആരംഭിച്ചത്‌.  ഇപ്പോൾ ചെറുതും വലുതുമായ 29 ആനകൾ ക്യാമ്പിലുണ്ട്‌. 52 പാപ്പാൻമാരുമുണ്ട്‌. കേരള, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലായി ആളുകളെ കൊന്ന് പിന്നീട് മയക്കുവെടിവച്ച്‌ പിടികൂടിയ ആനകളും കുങ്കിയാനകളായി പരിവർത്തനം നടത്തി ഇവിടെയുണ്ട്‌. ഡോക്യുമെന്ററിക്ക്‌ ഓസ്‌കർ ലഭിച്ചതോടെ ആനക്കുട്ടികളെ പരിചരിച്ച ബെല്ലിക്കും ബൊമ്മനും മികച്ച അംഗീകാരവും ലഭിക്കുന്നുണ്ട്‌. തമിഴ്നാട് മുഖ്യമന്ത്രി ചെന്നൈയിൽവച്ച് രണ്ടുപേർക്കും ഒരോ ലക്ഷം രൂപ നൽകുകയും ഇതിന്റെ ആഹ്ലാദത്തിൽ തമിഴ്നാട്ടിലെ ആനക്യാമ്പുകളിലുള്ള പാപ്പാന്മാർക്ക് ഓരോ ലക്ഷം രൂപയും വീടും വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top