18 June Tuesday

പാലിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ വരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019
കൽപ്പറ്റ
 കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ  ആരംഭിക്കുന്ന   ബാണാ അഗ്രോ ആന്റ‌് അലൈഡ‌് പ്രൊഡ്യൂസർകമ്പനിയുടെ ഉദ‌്ഘാടനം വ്യാഴാഴ‌്ച പകൽ 10ന‌് കുപ്പാടിത്തറയിൽ മന്ത്രി എ സി മൊയ‌്തീൻ  നിർവഹിക്കും.  പാലുൽപ്പാദനവും മൂല്യവർധിത ഉൽപ്പന്ന    നിർമാണവുമാണ‌്  കുടുംബശ്രീ ലക്ഷ്യമിടുന്നത‌്.  
സൂക്ഷ‌്മ സംരംഭങ്ങളിൽ നിന്നും വ്യാവസായികാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിലേക്ക‌്കുടുംബശ്രീ അംഗങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ‌് പ്രൊഡ്യൂസർ കമ്പനിക്ക‌് രൂപ നൽകിയിരിക്കുന്നത‌്. 35 ലക്ഷം രൂപ കുടുംബശ്രീ ഇതിനായി  നൽകി. നബാഡും സാമ്പത്തിക സഹായം ലഭ്യമാക്കുന്നു.  ക്ഷീരമേഖലയിൽ കൂടുതൽ സാധ്യതകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി 2013ൽ സമഗ്ര പദ്ധതിയുടെ ഭാഗമായാണ‌് ക്ഷീരസാഗരം ആരംഭിക്കുന്നത‌്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 14 ഗ്രൂപ്പുകളിലായി 70 ഗുണഭോക്താക്കൾ പദ്ധതിയിൽ അംഗങ്ങളായി. 2014ൽ രണ്ടാം ഘട്ടമായി ഏഴ‌് ഗ്രൂപ്പുകളിലായി 35 ഗുണഭോക്താക്കൾ ചേർന്നു. ഒരു ഗുണഭോക്താവിന‌് രണ്ട‌് പശുക്കൾ വീതമാണ‌് വിതരണം ചെയ‌്തത‌്. നിലവിൽ 210 പശുക്കളെ പദ്ധതി അംഗങ്ങൾ വളർത്തുന്നുണ്ട‌്. ലഭ്യമാവുന്ന പാൽ സമീപങ്ങളിലെ മിൽക്ക‌് സൊസൈറ്റികൾ മുഖേന വിതരണം ചെയ‌്തുവരികയാണ‌്. 
മൂല്യ വർധിത ഉൽപ്പന്ന നിർമാണത്തിനായി കർഷകരിൽ നിന്നും പ്രൊഡ്യൂസർ കമ്പനി നേരിട്ട‌് പാൽ ശേഖരിക്കും.  ശീതികരിച്ച പാൽ, തൈര‌്, മോര‌്, പേഡ, സിപ‌്അപ്പ‌്, പനീർ, ഐസ‌്ക്രീം തുടങ്ങി വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങൾ  നിർമിക്കും.  പാൽ ഉൽപ്പാദന രംഗത്തെ കുടുംബശ്രീയുടെ ഇടപെടൽ പൊതുജനങ്ങൾക്ക‌് ലഭ്യമാക്കുക,  അംഗങ്ങളുടെ വരുമാനം വർധിപ്പിക്കുക തുടങ്ങിയവയും കുടുംബശ്രീ ലഭ്യമിടുന്നുണ്ട‌്.  പാക്ക‌് ചെയ‌്ത ഉൽപ്പന്നങ്ങൾ സൂപ്പർമാർക്കറ്റുകൾ, കുടുംബശ്രീ ബസാർ, ബ്രഹ്മഗിരി ഔട്ട‌് ലെറ്റുകൾ, വിപണന  മേളകൾ എന്നിവയിലൂടെ വിപണിയിലെത്തിക്കാനാണ‌് കുടുംബശ്രീ ഒരുങ്ങുന്നത‌്.
പ്രധാന വാർത്തകൾ
 Top