13 November Wednesday

കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2019
കൽപ്പറ്റ
മുട്ടിലിൽ ദുരൂഹസാഹചര്യത്തിൽ യുവാവ്‌ മരിച്ച സംഭവത്തിൽ പൊലീസ്‌ അന്വേഷണം പുരോഗമിക്കുന്നു. മരിച്ച ചൂരപ്ര യൂസഫിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കൽ തുടങ്ങി. യൂസഫിന്റെ ഉമ്മ ആമിനയുടെ പരാതിപ്രകാരമാണ്‌ പൊലീസ്‌ കേസ്‌ എടുത്തത്‌.  സഹോദരങ്ങളുൾപ്പെടെയുള്ളവരുടെ മൊഴികളാണ്‌ പൊലീസ്‌ എടുക്കുന്നത്‌. സഹോദരന്റെ മരണത്തിൽ ഇവർക്കുള്ള സംശങ്ങളാണ്‌ പ്രധാനമായും ചോദിച്ചറിയുന്നത്‌. 
 വ്യാഴാഴ്‌ച്ച കബറിൽനിന്നും മൃതദേഹം പുറത്തെടുത്ത്‌ നടത്തിയ പോസ്‌റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട്‌ കാക്കുകയാണ്‌ പൊലീസ്‌. കഴിയുന്നതുംവേഗം റിപ്പോർട്ട്‌ നൽകണമെന്ന്‌ പോസ്‌റ്റ്‌മോർട്ടം ചെയ്‌ത കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌  കൽപ്പറ്റ സിഐ എം എം അബ്ദുൾകരീം പറഞ്ഞു. ഫോറൻസിക്‌, സയന്റിഫിക്‌ വിദഗ്‌ധരും മൃതദേഹം പരിശോധിച്ചിട്ടുണ്ട്‌. ശാസ്‌ത്രീയ പരിശോധനക്കായി ആന്തരീകാവയവങ്ങളുമെടുത്തിട്ടുണ്ട്‌.
സംസാരശേഷിയില്ലാത്ത യൂസഫ്‌(44) കഴിഞ്ഞ മാസം 27നാണ്‌ മുട്ടിലിൽ ജോലിക്ക്‌ നിൽക്കുന്ന കടയിൽ മരിച്ചത്‌.  കുഴഞ്ഞുവീണ്‌ മരിച്ചെന്നാണ്‌ പുറത്തറിഞ്ഞത്‌. എന്നാൽ മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന്‌ ഉമ്മ ആമിന പിന്നീട്‌ പൊലീസിൽ പരാതി നൽകുകയായിരുന്നു. മകന്റെ തലയിൽ മുറിവുണ്ടായിരുന്നെന്നും പോസ്‌റ്റ്‌മോർട്ടം നടത്താതെ തിരക്കിട്ടാണ്‌ മൃതദേഹം സംസ്‌കരിച്ചതെന്നുമാണ്‌ ഉമ്മയുടെ പരാതി. പോസ്‌റ്റ്‌മോർട്ടത്തിനായി മൃതദേഹം കബറിൽനിന്നും പുറത്തെടുത്ത്‌ ഇൻക്വസ്‌റ്റ്‌ നടത്തിയപ്പോൾ തലക്ക്‌ പിറകിലെ മുറിവ്‌ പൊലീസും കണ്ടിട്ടുണ്ട്‌. ഇത്‌ ഇൻക്വസ്‌റ്റ്‌ റിപ്പോർട്ടിലുമുണ്ട്‌. ഈ മുറിവാണോ മരണകാരണമെന്നുൾപ്പെടെയുള്ള കാര്യങ്ങൾ പോസ്‌റ്റ്‌മോർട്ട റിപ്പോർട്ട്‌ കിട്ടിയാലേ വ്യക്തമാകുകയുള്ളു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top