21 August Wednesday
രാത്രിയാത്ര

പരിഹാസ്യരായി കോൺഗ്രസ‌് നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
കൽപ്പറ്റ
രാത്രിയാത്രാ പ്രശ‌്നത്തിലെ രാഹുൽഗാന്ധിയുടെ പ്രസ‌്താവനയോടെ സ്വയം പരിഹാസ്യരാവുന്നത‌് കോൺഗ്രസ‌് നേതൃത്വവും രാഹുലും തന്നെ. കോഴിക്കോട‌് –-മൈസൂർ ദേശീയപാത 766 ൽ രാത്രി യാത്ര നിരോധനം നിലവിൽ വന്നിട്ട‌് 10 വർഷം പിന്നിടുമ്പോഴാണ‌് വയനാട‌് പാർലമെന്റ‌് മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ “രാത്രിയാത്ര പ്രശ‌്നം പരിഹരിക്കും’ എന്ന  പുതിയ രാഷ‌്ട്രീയ ഗിമ്മിക്കുമായി ദേശീയ അധ്യക്ഷൻതന്നെ അപഹാസ്യനാവുന്നത‌്. ദീർഘകാലം   കേന്ദ്രവും, കേരള–-കർണാടക സംസ്ഥാനങ്ങളും ഒരുമിച്ചും അല്ലാതെയും ഭരിച്ച കോൺഗ്രസും  അതിന്റെ ദേശീയ അധ്യക്ഷനും ഇത്രയും കാലം ബോധപൂർവം വയനാട്ടുകാരെ മറക്കുകയായിരുന്നോ എന്നതാണ‌് ഈ പരാമർശത്തിലൂടെ മണ്ഡലത്തിലെ പുതിയചർച്ചാവിഷയം.  സ്വന്തം കാര്യലാഭത്തിനായി മാത്രം ഒരുനാടിനെയും നാട്ടുകാരെയും ഉപയോഗിക്കുന്ന സ്ംസ‌്ക്കാരത്തിലേക്ക‌് ഒരു ദേശീയ നേതാവ‌് അധ:പതിച്ചോ എന്ന ചോദ്യവും ഉയരുന്നുണ്ട‌്. 
2009 ജൂണിലാണ് ചാമരാജ്നഗർ ജില്ല കലക്ടർ ദേശീയപാത 766 ൽ രാത്രിയാത്ര നിരോധിച്ചത്.  2009 മെയ‌് മുതൽ 2014 വരെയുള്ള കാലയളവിൽ കേന്ദ്രം ഭരിച്ചത‌് കോൺഗ്രസ‌് നേതൃത്വത്തിലുള്ള മൻമോഹൻ സിങ്‌ സർക്കാരായിരുന്നു. കേരളത്തിൽ നിന്നുള്ള എ കെ ആന്റണിയും വയലാർ രവിയും ഇപ്പോൾ  പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ  മത്സരിക്കുന്ന ശശിതരൂരും  കൊടിക്കുന്നിൽ സുരേഷുമെല്ലാം  ഈ കാലയളവിൽ കേന്ദ്ര മന്ത്രിമാരായിരുന്നു. 2011 മെയ‌് മുതൽ അഞ്ച‌് വർഷം   ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കേരളത്തിലും യുഡിഎഫ‌് ഭരണമായിരുന്നു. 2013 മെയ‌് മുതൽ കർണാടകത്തിലും സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ്സാണ‌് ഭരിച്ചത‌്.  2013 മെയ‌് മുതൽ മൻമോഹൻസിങ് സർക്കാരിന്റെ കാലവധി തീരുന്ന ഒരു വർഷത്തിലധികം  കാലം ഒരേസമയം കേന്ദ്രവും കേരളവും കർണാടകവും കോൺഗ്രസ‌് അടക്കിവാണു. രാത്രിയാത്രനിരോധനം പിൻവലിക്കുന്നതിൽ തടസ്സം നിൽക്കുന്ന കർണാടകത്തിൽ  കഴിഞ്ഞ ആറുവർഷത്തിലധികമായി കോൺഗ്രസും , കോൺഗ്രസ‌് കുട്ടുസർക്കാരുമാണ‌് അധികാരത്തിലുള്ളത‌്.   രാത്രിയാത്രനിരോധനം നിലവിൽ വന്ന കാലം മുതൽ    രാഹുൽ ഗാന്ധിയും കോൺഗ്രസിന്റെ ദേശീയ നേതൃത്വനിരയിലുണ്ട‌്. ഇതെല്ലാം മറച്ചുവെച്ചാണ‌്  കോൺഗ്രസും രാഹുലും വയനാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന  തന്ത്രമിറക്കുന്നത‌്. മുകളിൽ നിന്നും നിയമങ്ങൾ അടിച്ചേൽപിക്കുന്നതിന‌് പകരം  ജനങ്ങളിൽ നിന്നുള്ള പരിഹാരനിർദ്ദേശങ്ങളാണ‌് പ്രശ‌്നം പരിഹരിക്കുന്നതിന‌് വേണ്ടതെന്നാണ‌് കോൺഗ്രസ‌് അധ്യക്ഷൻ അഭിപ്രായപ്പെട്ടത‌്. 
നിർണായകഘട്ടത്തിൽ കോൺഗ്രസ‌് രണ്ട‌് സംസ്ഥാനങ്ങളും കേന്ദ്രവും ഭരിച്ച കാലത്ത‌് ഇത്തരത്തിൽ “ജനകീയ’ പരിഹാരത്തിന‌് ശ്രമിക്കാതിരുന്നവർ  തെരഞ്ഞെടുപ്പ‌് മുന്നിൽകണ്ട‌് നടത്തുന്ന അഭിപ്രായങ്ങളുടെ പരിഹാസ്യതയാണ‌് വയനാട്ടിൽ തുറന്നുകാട്ടപ്പെടുന്നത‌്. 
നിരോധനം വന്നതോടെ 2010 ഏപ്രിലിൽ അന്നത്തെ എൽഡിഎഫ് സർക്കാർ സുപ്രിംകോടതിയെ സമീപിക്കുകയും കേസിൽ സജീവമായി ഇടപെടുകയും ചെയ്തു.  പിന്നീട് അധികാരത്തിലേറിയ യുഡിഎഫ് സർക്കാർ കേസിൽ തികഞ്ഞ അലംഭാവം സ്വീകരിച്ചതോടെ കേസ് അനന്തമായി നീളുകയായിരുന്നു.  പിണറായി സർക്കാർ അധികാരത്തിലേറിയതോടെയാണ് കേസിൽ വീണ്ടും സജീവമായ നീക്കങ്ങൾ ഉണ്ടായത്. ഇതിന്റെ ഭാഗമായി കർണാടക സർക്കാരുമായും വനം മന്ത്രാലയവുമായുമെല്ലാം  ചർച്ചകൾ വഴി പ്രശ്നം പരിഹരിക്കാനും ഒപ്പം കോടതിയിൽ കേരളത്തിന്റെ ശക്തമായ വാദമുഖങ്ങൾ ഉയർത്താനും സാധിച്ചു. ഈ നീക്കത്തിന്റെ ഫലമായാണ് സുപ്രീം കോടതി പ്രശ്നത്തിൽ ഉന്നതതല സമിതിയെ നിശ്ചിയച്ചത്.  
നിരോധനത്തിന‌് ശാശ്വതപരിഹാരമായി  സുപ്രീകോടതി ഉന്നതതലസമിതി  നിർദേശിച്ച  മേൽപ്പാലത്തിന‌്   അനുമതി നൽകാനാവില്ലെന്ന നിലപാടിലാണ‌്  ഇപ്പൊൾ കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാർ.  മേൽപ്പാലത്തിനാവശ്യമായ തുകയുടെ പകുതിയായ 250 കോടി മുടക്കാൻ കേരളം തയ്യാറായി നിൽക്കുമ്പോഴാണ‌് കേന്ദ്രത്തിന്റെ ഈ നിലപാട‌്.  
നിരോധനം നീക്കുന്നതിന‌് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചുനീങ്ങണമെന്ന ആവശ്യം ശക്തമായിരിക്കെയാണ‌് കേന്ദ്രത്തിന്റെ ഈ നടപടി.  ഇക്കാര്യത്തിൽ  കേന്ദ്രസർക്കാരിനെതിരെ ഒരു പ്രസ‌്താവനപോലും ഇറക്കാൻ കോൺഗ്രസ‌് നേതൃത്വം തയ്യാറായിരുന്നില്ല.  വയനാട്ടുകാരെ അവഗണിച്ചും അവഹേളിച്ചും സഞ്ചാരസ്വതന്ത്യം നിഷേധിച്ചും ഭരണം നടത്തിയവരാണ‌് ഒരു നാടിന്റെ ആത്മാഭിമാനത്തെയും തിരിച്ചറിവുകളെയും   ചോദ്യം ചെയ്യുന്ന രീതിയിൽ  പ്രസ‌്താവനകളിറക്കുന്നത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top