01 April Wednesday

പഞ്ചായത്തുകൾ പിഎച്ച്‌സികൾക്ക്‌ തുക അനുവദിക്കണം: മന്ത്രി കെ കെ ശൈലജ

സ്വന്തം ലേഖകൻUpdated: Wednesday Feb 19, 2020

 

 
കൽപ്പറ്റ
സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളും തങ്ങളുടെ പരിധിയിലുള്ള പ്രാഥമീകാരോഗ്യകേന്ദ്രങ്ങൾക്ക്‌(പിഎച്ച്‌സി) ഫണ്ട്‌ മാറ്റിവക്കണമെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാനതല പഞ്ചായത്ത്‌ ദിനാഘോഷത്തിൽ ‘ആർദ്രമിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. പ്ലാൻ ഫണ്ടിൽനിന്നും പഞ്ചായത്തുകൾകൂടി തുക മാറ്റിവച്ചാൽ മുഴുവൻ പിഎച്ച്‌സികളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ കഴിയും. ആരോഗ്യ സംരക്ഷണത്തിന്‌ സംസ്ഥാന സർക്കാരിനൊപ്പം പ്രാദേശിക സർക്കാരുകളും പങ്കളികളാകണം.  പിഎച്ച്‌സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ ആരോഗ്യ മേഖലയിൽ സമഗ്രമാറ്റം സൃഷ്ടിക്കാനാവും.
കേന്ദ്രസർക്കാർ ജിഡിപിയുടെ ഒരു ശതമാനമാണ്‌ ആരോഗ്യമേഖലക്ക്‌ മാറ്റിവക്കുന്നത്‌. ആഫ്രിക്കൻ രാജ്യങ്ങൾവരെ അഞ്ച്‌ ശതമാനം മാറ്റിവക്കുമ്പോഴാണ്‌ ഇന്ത്യ ഒരുശതമാനത്തിൽ ഒതുക്കിയിട്ടുള്ളത്‌. വികസിത രാഷ്‌ട്രങ്ങൾ അവരുടെ മൊത്തം വരുമാനത്തിന്റെ 30 മുതൽ 50 ശതമാനംവരെ ആരോഗ്യ മേഖലയിലാണ്‌ ചെലവഴിക്കുന്നത്‌. ആരോഗ്യമുള്ള ജനങ്ങളുണ്ടെങ്കിലെ രാജ്യത്തിന്‌ അഭിവൃദ്ധി ഉണ്ടാകു. ബുദ്ധിയുള്ള ഭരണാധികാരികൾ ആരോഗ്യമേഖലക്ക്‌ കൂടുതൽ തുക വകയിരുത്തും.  കേരളത്തിൽ ആരോഗ്യരംഗത്ത്‌ ചെയ്യുന്ന കാര്യങ്ങളുടെ ഗുണഫലം പൂർണമായും മനസ്സിലാകണമെങ്കിൽ രണ്ട്‌ വർഷംകൂടി എടുക്കും. പ്രകടമായ മാറ്റങ്ങൾ അപ്പോൾ കാണാം.
സംസ്ഥാനത്തെ ആരോഗ്യ വകുപ്പ്‌ ജീവനക്കാർ കഠിനാധ്വാനം ചെയ്യുകയാണ്‌. രാവും പകലും ഇല്ലാതെയാണ്‌ ജോലി. നിപ കാലത്തും ഇപ്പോൾ കൊറോണ വന്നപ്പോഴുമുള്ള ഇവരുടെ സമർപ്പണം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്‌. ജീവൻപോലും അപകടപ്പെടുത്തിയാണ്‌ സേവനം ചെയ്യുന്നത്‌. എത്ര അഭിന്ദിച്ചാലും മതിയാകില്ല. എൽഡിഎഫ്‌ സർക്കാർ ആരോഗ്യമേഖലയിൽ പുതിയതായി 5200 തസ്‌തികകളാണ്‌ സൃഷ്‌ടിച്ചത്‌. ഇത്രയും നിയമിനം നടത്തിയിട്ടും ആവശ്യത്തിന്‌ ജീവനക്കാരായിട്ടില്ല. പിഎച്ച്‌സികൾ കുടുംബാരോഗ്യകേന്ദ്രമാകുന്നതോടെ പ്രദേശത്ത്‌ ചികിത്സാ രംഗത്ത്‌ വലിയ മാറ്റങ്ങളുണ്ടാകും. പിഎച്ച്‌സികളിൽ ഒഴിവുള്ള തസ്‌തികളിൽ തുടർന്നും നിയമനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top