29 February Saturday

മറ്റ‌് രണ്ട‌് ദുർമരണങ്ങളും സംശയത്തിന്റെ നിഴലിൽ

സ്വന്തം ലേഖകൻUpdated: Sunday Jan 19, 2020
 
ബത്തേരി
വീട്ടിലെ കാർഷിക ജോലികൾ ചെയ‌്തുവന്ന ആദിവാസി മധ്യവയസ‌്കനെ കഴുത്ത‌് ഞെരിച്ച‌ു കൊന്നശേഷം സംഭവം ആത്മഹത്യയാക്കി മാറ്റിയ കേസിൽ കൊലപാതക കുറ്റത്തിന‌് അറസ‌്റ്റിലായ പിതാവിനും മകനും നേരെ വിരൽചൂണ്ടി കേണിച്ചിറയിലെ മറ്റ‌് രണ്ട‌് ദുർമരണങ്ങളും. കർഷക തൊഴിലാളിയും ഗോത്രവർഗക്കാരനുമായ അതിരാറ്റ‌്പാടി കോളനിയിലെ മണിയെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ കേണിച്ചിറ വെങ്ങലൻതൊടിയിൽ തങ്കപ്പനും മകൻ സുരേഷും അറസ‌്റ്റിലായതിന്റെ പിന്നാലെയാണ‌് ഇതിന‌് മുമ്പ‌് നടന്ന രണ്ട‌് ദുർമരണങ്ങളിലും ഇവർക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നത‌്. മണി മരിച്ച‌് മൂന്നാഴ‌്ചക്ക‌് ശേഷം തങ്കപ്പന്റെ കൃഷിയിടത്തിൽ ജോലിക്കെത്തിയ മറുനാട്ടുകാരനായ രാജൻ എന്ന മധ്യവയസ‌്കന്റെ മൃതദേഹമാണ‌് തങ്കപ്പന്റെ മിഷ്യൻ പുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത‌്. വർഷങ്ങൾക്ക‌് മുമ്പ‌് മറ്റൊരു മറുനാടൻ തൊഴിലാളിയുടെ മൃതദേഹം പരിക്കുകളോടെ റോഡരികിൽ കണ്ടെത്തിയ സംഭവത്തിലും തങ്കപ്പനെതിരെ ആരോപണം ഉയർന്നിരുന്നു. ഭൂവുടമയും രണ്ട‌് പടക്ക കടകളുടെ ഉടമയുമായ തങ്കപ്പന്റെ സാമ്പത്തിക ശ്രോതസുകളെയും ഉന്നതരുമായുള്ള ബന്ധത്തെയും സംബന്ധിച്ച‌് അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട‌്. നിലവിലെ വീടിന‌് പുറമെ നാലായിരം സ‌്ക്വയർഫീറ്റുള്ള  മറ്റൊരു വീടും ഇയാൾ നിർമിച്ചിട്ടുണ്ട‌്. മണിയുടെ മരണം ആത്മഹത്യയാക്കി ഒതുക്കുന്നതിന‌് ലോക്കൽ പൊലീസും അറസ‌്റ്റിലായ സുരേഷിന്റെ ബന്ധു കൂടിയായ  ഡിവൈഎസ‌്പിയും ശ്രമിച്ചെന്ന ആരോപണവുമുണ്ട‌്. ക്രൈംബ്രാഞ്ചിന്റെ പഴുതുകൾ അടച്ചുള്ള അന്വേഷണമാണ‌് പ്രതികളെ കുടുക്കിയത‌്
പ്രധാന വാർത്തകൾ
 Top