22 October Thursday

പുത്തുമലയുടെ നൊമ്പരങ്ങളുമായി ‘ദ ഷോക്ക്‌ ’

സ്വന്തം ലേഖകൻUpdated: Sunday Oct 18, 2020
കൽപ്പറ്റ
‘എപ്പോഴാണ്‌ പ്രകൃതി മനുഷ്യന്‌ മേൽ ദുരന്തം അടിച്ചേൽപ്പിക്കുക?   അതിൽ ഓരോരുത്തരുടെയും  നഷ്ടപ്പെടലിന്റെ വ്യാപ്‌തി എത്രത്തോളമാണ്‌...? 
പുത്തുമല ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഈ ചോദ്യങ്ങളും ഉത്തരങ്ങളും കോർത്തിണക്കിയുള്ള  ഹൃസ്വസിനിമ പൂർത്തീകരിച്ചിരിക്കുകയാണ്‌ പ്രശസ്‌ത സംവിധായകൻ ശരത്‌ചന്ദ്രൻ വയനാട്‌.   മനുഷ്യനും പ്രകൃതിയും തമ്മിലുള്ള  താളപ്പിഴകളുടെ ഓർമപ്പെടുത്തലുകൾ കൂടിയാവുന്നു‌  ‘ദ ഷോക്ക്‌’  എന്ന്‌ പേരിട്ട സിനിമ. അബുസലീമാണ്‌ മുഖ്യകഥാപാത്രമായെത്തുന്നത്‌.
പ്രകൃതി ദുരന്തത്തിൽ സർവതും നഷ്ടമായ വൃദ്ധന്റെ വേഷത്തിലാണ്‌ ഹംസ എന്ന കഥാപാത്രമായി അബുസലീം എത്തുന്നത്‌. മലവെള്ളപാച്ചലിൽ ഹംസയെയും പറക്കമുറ്റാത്ത പേരക്കിടാവിനെ മാത്രം അവശേഷിപ്പിച്ച്‌ എല്ലാവരെയും പ്രകൃതി കൊണ്ടുപോയി.  ഭാര്യയും മക്കളുമെല്ലാം  മണ്ണിനടയിലായി. തന്റെ ഉടയവർ ഇപ്പോഴും മണ്ണിലുണ്ടെന്ന വിശ്വാസവും അവർക്കായുള്ള ദുരന്തഭൂമികയിലെ ഇവരുടെ അലച്ചിലുമാണ്‌ സിനിമയുടെ ഇതിവൃത്തം.  നാം പ്രകൃതിയെ സംരക്ഷിച്ചാൽ പ്രകൃതി നമ്മെയും സംരക്ഷിക്കുമെന്നും  ദുരന്തമുണ്ടാകുമ്പോൾ പ്രകൃതിയെ ഓർക്കുകയും പിന്നെ മറക്കുകയും ചെയ്യുന്ന പ്രവണത നമ്മൾ മാറ്റണമെന്നും സിനിമ ഉദ്ദ്‌ബോധിപ്പിക്കുന്നു. അബുസലീം ഇന്നേവരെ ചെയ്‌തതിൽ ഏറെ വ്യത്യസ്ഥമായ കഥാപാത്രമാണ്‌ ഹംസ. 
 ശരത്ചന്ദ്രൻ വയനാട് തന്നെയാണ് 25 മിനിറ്റ്‌ നീളുന്ന സിനിമയുടെ രചനയും നിർവഹിച്ചത്‌. എം ആർ പ്രൊഡക്ഷന്റെ ബാനറിൽ ടി കെ മുനീർ, എം പി റഷീദ്  എന്നിവരാണ്‌ നിർമാണം. അമേയ, ധനേഷ് ദാമോദർ,റിയാസ് വയനാട്, ലെന, സന്തോഷ്‌ കുട്ടീസ്,ഷീന നമ്പ്യാർ, മുനീർ, സിൻസി, മുസ്തഫ തുടങ്ങിയവർ വിവിധ വേഷങ്ങളിലെത്തും. അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായ സിനിമയുടെ ഓൺലൈൻ റിലീസിങ്‌ ഉടൻ ഉണ്ടാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top