30 July Friday
മരം മുറി:

യുഡിഎഫ്‌ സംഘത്തിന്റെ സന്ദർശനം പ്രഹസനം

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
 
കൽപ്പറ്റ
 മരം മുറിക്കാർക്ക്‌ എല്ലാ ഒത്താശയും അണിയറയിൽ ചെയ്‌തുകൊടുക്കുന്ന  യുഡിഎഫ്‌ നേതാക്കളുടെ മുട്ടിൽ സന്ദർശന നാടകം പ്രഹസനമായി. മുട്ടിൽ സൗത്ത്‌ വില്ലേജിൽ മരം മുറി നടന്ന പ്രദേശങ്ങളിലാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ്‌ നേതാക്കൾ സന്ദർശിച്ചത്‌. എന്നാൽ മരം മുറിയിൽ ആരോപണവിധേയരായ മാംഗോ ഫോൺ ഉടമകളുമായി യുഡിഎഫ്‌ നേതാക്കൾക്കുള്ള അടുപ്പം നേരത്തെ പുറത്തുവന്നിരുന്നു.  
   മരം മുറി സംബന്ധിച്ച്‌ നടന്ന ചാനൽ ചർച്ചയിലാണ്‌ മാംഗോ ഫോൺ ഉടമ ആന്റോ അഗസ്‌തിൻ തനിക്ക്‌ യുഡിഎഫുമായുള്ള ബന്ധം വെളിപ്പെടുത്തിയത്‌. രാഹുൽഗാന്ധി എം പിയുടെ വയനാട്ടിലെ പരിപാടിക്ക്‌ വാഹനം വിട്ടുനൽകിയെന്നും ടി സിദ്ദിഖ്‌ എംഎൽഎയുടെയും പി ടി തോമസിന്റെയും ഉമ്മൻചാണ്ടിയുടെയും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നും ആന്റോ വെളിപ്പെടുത്തി. പി ജെ ജോസഫ്‌  വിഭാഗം കേരള കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായതിനാൽ യുഡിഎഫിനൊപ്പമാണ്‌ താൻ നിലകൊള്ളുന്നതെന്നും ആന്റോ വ്യക്തമാക്കിയിരുന്നു. പരസ്യമായ  ഈ ആരോപണത്തെക്കുറിച്ച്‌  ഒരക്ഷരം പ്രതികരിക്കാതെയാണ്‌ മരം മുറി ആയുധമാക്കി പ്രതിപക്ഷം സർക്കാരിനെ സംശയത്തിന്റെ മുനയിൽ നിർത്തുന്നത്‌.
റവന്യൂ പട്ടയഭൂമിയിലെ സാധാരണക്കാരായ കർഷകരെ സഹായിക്കാനാണ്‌ സർക്കാർ നടപടിയെടുത്തതെന്ന്‌ മുഖ്യമന്ത്രിയും വനം റവന്യു മന്ത്രിമാരും വ്യക്തമാക്കിയിരുന്നു. കർഷകരുടെ വർഷങ്ങൾ നീണ്ട ആവശ്യം പരിഗണിച്ചാണ്‌ സർക്കാർ ഉത്തരവിറക്കിയത്‌. റവന്യൂ പട്ടയഭൂമിയിൽ കർഷകർ നട്ട്‌ വളർത്തിയതും കിളിർത്ത്‌ വന്നതുമായ മരങ്ങൾ മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ ചില നിക്ഷിപ്‌ത താൽപ്പര്യക്കാർ കൊള്ള നടത്തിയതായി സർക്കാർതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ കൊള്ളക്ക്‌ പിന്നിലുള്ള ഗൂഢാലോചന വെളിച്ചത്ത്‌ കൊണ്ടുവരുമെന്നും കുറ്റക്കാർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നും   മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കറ തീർത്ത അന്വേഷണം നടത്തുന്നതിനായി റവന്യൂ, വിജിലൻസ്‌, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി  സർക്കാർ നിയോഗിച്ച ഉന്നതതല സംഘം  അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്‌. എഡിജിപി എസ്‌ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ജില്ലയിലെത്തി.  പൊലീസ്‌, വനം വിജിലൻസ്‌ അന്വേഷണവും ഊർജിതമാണ്‌. സംഭവത്തിന്‌ പിന്നിലെ കുറ്റക്കാരെയെല്ലാം നിയമത്തിന്‌ മുമ്പിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സർക്കാർ നടപടികൾ. എന്നാൽ തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ ഷോക്കിൽ വീണുകിട്ടിയ ആയുധം സർക്കാരിനെതിരെ തിരിക്കാനാണ്‌ പ്രതിപക്ഷ നീക്കം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top