18 August Sunday

ജില്ല മാലിന്യ മുക്തമാവുന്നു വയനാടിനെ തിരിച്ചുപിടിക്കാൻ ഹരിതകേരളം

സ്വന്തം ലേഖകൻUpdated: Wednesday Apr 17, 2019

 

 
കൽപ്പറ്റ
 ഹരിത വയനാടെന്ന ലക്ഷ്യത്തിലേക്ക്  കുതിച്ച‌് ജില്ല. മാലിന്യമുക്ത വയനാടിനായി  ഹരിതകേരള മിഷൻ ശുചിത്വമിഷനുമായി ചേർന്ന‌് നടത്തുന്ന പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുകയാണ‌്. ഹരിത തെരഞ്ഞെടുപ്പിനായി ജില്ലയെ സജ്ജമാക്കി. ഹരിതാഭമായ വയനാടിനായുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായാണ‌്  തെരഞ്ഞെടുപ്പിലെ ഹരിതചട്ടവും.  ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കി മാതൃകപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി.  മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കി.  ഉറവ നശിച്ച തോടുകളും കുളങ്ങളും പുനരുജ്ജീവിപ്പിച്ചു.  പുഴകളെ മാലിന്യ മുക്തമാക്കി.
വൃത്തിയും വെടിപ്പുമുള്ള  വയനാടിനായുള്ള അക്ഷീണ പ്രയത്നത്തിലാണ് ഹരിതകേരളം, ശുചിത്വ മിഷൻ പ്രവർത്തകർ. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമെന്ന' ചിന്തയിലേക്ക് സമൂഹം മാറി. ജനപങ്കാളിത്തത്തോടെ സമഗ്രവും സുസ്ഥിരവുമായ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ‌്ത‌് നടപ്പാക്കുന്നത‌്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, അനുദിനം വളർന്നുകൊണ്ടിരിക്കന്ന ടൂറിസം മേഖല ഇവയെല്ലാം മാലിന്യമുക്ത വയനാട് എന്ന ആശയത്തിന്റെ പ്രധാന്യം വിളിച്ചോതുന്നതാണ്.  ഹരിതകർമ സേനകൾ, ഗ്രീൻ പ്രോട്ടോക്കോൾ, ഈ മാലിന്യ നിർമാർജനം, മിഷൻ ക്ലീൻ വയനാട്, വിവര വിജ്ഞാന പ്രവർത്തനം, ബോധവൽക്കരണം, ദ്രവമാലിന്യ സംസ്കാരണം, ശുചീകരണം എന്നിവ അതിന്റെ അന്തസത്ത ഉൾക്കൊണ്ട് നടപ്പാക്കുകയാണ‌്. 
 
ഹരിത തെരഞ്ഞെടുപ്പ‌് 
ഹരിത തെരഞ്ഞെടുപ്പിനായി വിപുലമായ  തയ്യാറെടുപ്പുകളാണ‌് നടത്തിയത‌്.  ഹരിത തെരഞ്ഞെടുപ്പ്  ലോഗോ തയ്യറാക്കി പദ്ധതിക്ക‌് പ്രചാരണം   നൽകി. തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണങ്ങൾ പ്രകൃതി സൗഹൃദമാക്കാനും  ബൂത്ത്തല പ്രവർത്തനങ്ങൾ മാലിന്യ മുക്തമാക്കാൻ നിർദേശങ്ങൾ നൽകി.  ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ ഫെസിലിറ്റേഷൻ യൂണിറ്റുകൾ ഒരുക്കും.  വോട്ടേഴ്‌സ് ലിസ്റ്റ്, സ്‌ളിപ്പ് എന്നിവ ശേഖരിക്കുന്നതിന് പോളിങ് ബൂത്തിന്റെ പരിസരത്ത് പ്രത്യേകം സൗകര്യം ഒരുക്കും. എൻഎസ്എസ്, എൻസിസി വിദ്യാർഥികളെ ഉൾപ്പെടുത്തി  ഹരിത വളണ്ടിയർ സേന രൂപീകരിച്ചു.   രാഷ്ട്രീയ പാർടികളും സ്ഥാനാർഥികളും പ്രചാരണത്തിനുപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ തുടങ്ങിയവയിൽ പ്ലാസ്റ്റിക്കുകളും  ഫ്‌ളക്‌സുകളും പരമാവധി ഒഴിവാക്കിച്ചു.  പോളിങ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് ഉപയോഗം കുറക്കാനായുള്ള ഇടപെടലുകളും നടത്തിയിട്ടുണ്ട‌്. പ്ലാസ്റ്റിക് കുപ്പികളുടെയും ഡിസ്‌പോസിബിൾ പ്ലേറ്റ്, ഗ്ലാസ് എന്നിവയുടെ ഉപയോഗം ഒഴിവാക്കാനും നിർദേശങ്ങൾ നൽകുകയും ബോധവൽക്കരണം നടത്തുകയും ചെയ‌്തു. 
മുന്നേറി ഹരിതകർമ സേന
 പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഹരിത കർമ സേനകൾ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്ത്–-മുനിസിപ്പൽ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അജൈവ മാലിന്യകേന്ദ്രത്തിൽ എത്തിക്കുകയാണ്. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹരിതകർമസേനയുടെ പ്രവർത്തനം സജീവമാണ്. കുടുംബശ്രീവഴിയാണ് ഹരിതകർമസേന വളണ്ടിയർമാരുടെ തെരെഞ്ഞെടുപ്പ്. പഞ്ചായത്തുകളിൽ 664ഉം മുനിസിപ്പാലിറ്റികളിൽ 128 ഹഹരിതകർമ സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.   ഇവർ ശേഖരിക്കുന്ന മാലിന്യം പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്ഥാപിച്ച അജൈവ മാലിന്യ കേന്ദ്രങ്ങളിൽ എത്തിക്കുന്നു. ഈ കേന്ദ്രങ്ങളിൽനിന്ന് പുനചക്രമണം നടത്താൻ കഴിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളൊഴികെയുള്ളവ സംസ്ഥാന സർക്കാർ രൂപീകരിച്ച  ക്ലീൻ കേരള കമ്പനി ശേഖരിച്ചു കൊണ്ടുപോകും. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ലഭിക്കുന്ന നിശ്ചിത തുകയാണ് വളണ്ടിയർമാരുടെ വേതനം. ഇവരുടെ കൃത്യമായ പ്രവർത്തനത്തിനായി സർക്കാർ ഒരു വാർഡിലേക്ക് 23000 രൂപയും നൽകുന്നുണ്ട്.
പ്ലാസ്റ്റിക് ഷെഡ്ഡിങ് മെഷീൻ
ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഷെഡ്ഡിങ് മെഷീൻ സ്ഥാപിക്കുകയാണ് ഹരികേരളം മിഷന്റെ പദ്ധതി. ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ പൊടിച്ചെടുക്കാനാണ് ഈ മെഷീൻ. ഇങ്ങനെ പൊടിച്ചെടുക്കുന്ന പ്ലാസ്റ്റിക്കുകൾ  ടാറിങ്ങിന് ഉപയോഗിക്കും.  മീനങ്ങാടി, മൂപ്പൈനാട്, മേപ്പാടി, പടിഞ്ഞാറത്തറ, മുട്ടിൽ, എടവക, വൈത്തിരി, പൊഴുതന പഞ്ചായത്തുകളിൽ നിലവിൽ പ്ലാസ്റ്റിക് ഷെഡ്ഡിങ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് ലക്ഷമാണ് ഇതിന്റെ ചെലവ്. മീനങ്ങാടി, മൂപ്പൈനാട് പഞ്ചായത്തുകളിൽ ഈ പ്ലാസ്ക് പൊടി ഉപയോഗിച്ച് ടാറിങ്ങും നടത്തി.
അജൈവ മാലിന്യ കേന്ദ്രം (എംസിഎഫ്)
ഹരിതകർമസേന ശേഖരിക്കുന്ന അജൈവ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളാണ് എംസിഎഫ് അഥവാ അജൈവ മാലിന്യ കേന്ദ്രങ്ങൾ. നടപ്പു സാമ്പത്തിക വർഷത്തോടെ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും എംസിഎഫ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തീകരിക്കും. തിരുനെല്ലി, മുട്ടിൽ, മീനങ്ങാടി, പൊഴുതന, തൊണ്ടർനാട്, വൈത്തിരി, വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ കേന്ദ്രങ്ങളുടെ നിർമാണം കഴിഞ്ഞു.
നഗരസഭയിലെ പ്രവർത്തനം
ഹരിതകേരളം മിഷന്റെ നഗരസഭയിലെ പ്രവർത്തനം ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണ്. ബത്തേരിയിൽ മാലിന്യ സംസ്കരണത്തിനായി ജർമൻ സാങ്കേതിക വിദ്യയിലൂടെയുള്ള ബയോമെത്തനൈസേഷൻ അടിസ്ഥാനമാക്കിയുള്ള മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. 
കൽപ്പറ്റ നഗരസഭയിൽ വെള്ളാരംകുന്നിലെ എട്ടേക്കർ സ്ഥലത്ത് ഐആർടിസിയുടെ സഹായത്തോടെ വിൻട്രോ കംമ്പോസ്റ്റ്, വിപുലമായ അജൈവ ശേഖരണ കേന്ദ്രം, പ്ലാസ്റ്റിക് ഷെഡ്ഡിങ് യൂണിറ്റ് എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. മാനന്തവാടിയിൽ സമഗ്രമാലിന്യ സംസ്കരണത്തിനായി അജൈവ മാലിന്യ കേന്ദ്രമുൾപ്പെടെയുള്ള പദ്ധതികൾക്ക് സ്ഥലം കണ്ടെത്താൻ പദ്ധതി തയ്യാറാക്കി. 3.15 കോടിയുടെ പദ്ധതിക്കാണ് നഗരസഭ ഡിപിആർ തയ്യാറാക്കിയത്. നടപ്പുവർഷം പദ്ധതിക്കായുള്ള പ്രവർത്തനം തുടങ്ങും.
വിവരവിജ്ഞാന പ്രവർത്തനം
സ്കൂളുകളിലെ എൻഎസ്എസ് യൂണിറ്റ്, എൻസിസി, കുടുംബശ്രീ  തുടങ്ങിയവയെ ഉപയോഗിച്ച്  വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഫ്ളാഷ് മോബ്, ബൈക്കുറാലികൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ ഇതിനോടകം സംഘടിപ്പിച്ചു.
ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിൽനിന്ന്  7.50 ടൺ ഇലക്ട്രോണിക് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി മുഖേന  ജില്ലയിൽനിന്നും നീക്കം ചെയ്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top