23 November Saturday

കണ്ണീരോർമയിൽ ആൽവിനും അമറും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

 

ബത്തേരി
കുളിക്കുന്നതിനിടെ പുഴയിൽ മുങ്ങി മരിച്ച ആൽവിൻ ജോസഫിനും അമർ മൻസൂറിനും സ്വദേശമായ അമ്പലവയൽ  കണ്ണീരോടെ  വിട നൽകി. രണ്ട്‌ യുവാക്കളുടെ  വിയോഗം നാടിന്റെ വേദനയായി . തിങ്കളാഴ്ച വൈകീട്ടാണ് കോഴിക്കോട് ഈസ്റ്റ് വെള്ളിമാടുകുന്നിന് സമീപം ചെറുവാറ്റ പുഴയിൽ പൂക്കോട്ടുകുഴി കടവിൽ അമ്പലവയൽ ആണ്ടൂർ വെട്ടിക്കുന്നേൽ റെജി ജോസഫിന്റെ മകൻ ആൽവിൻ ജോസഫ് (19) അമ്പലവയൽ ടൗണിൽ താജ് ഹോട്ടൽ നടത്തുന്ന അസീസിന്റെ മകൻ അമർ മൻസൂർ (19) എന്നിവർ മുങ്ങി മരിച്ചത്. വെള്ളിമാടുകുന്ന് അൽ സലാമ കണ്ണാശുപത്രിയിൽ ഒപ്റ്റോ മെട്രി വിദ്യാർഥിയായ ആൽവിനും ജെഡിടി ഇസ്ലാം കോളേജിൽ ഒന്നാം വർഷ ബി എസ് സി വിദ്യാർഥിയായ അമർ മൺസൂറും കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. ഇരുവരും വെള്ളിമാടുകുന്ന് ഗ്രീൻ പാലസ് ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചത്. രാത്രിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുഴയിൽ നിന്നും കണ്ടെടുത്തത്. പോസ്റ്റുമോർട്ടത്തിന് ശേഷം പകൽ മൂന്നോടെ ആൽവിന്റെയും അഞ്ചരയോടെ അമറിന്റെയും മൃതദേഹങ്ങൾ അമ്പലവയലിൽ കൊണ്ടുവന്നു.പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ആദ്യം ആൽവിന്റെയും പിന്നീട് അമറിന്റെയും മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചു. നൂറു കണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു. ആൽവിന്റെ മൃതദേഹം ഒന്നേയാർ സെന്റ് തോമസ് പള്ളി സെമിത്തേരിയിലും അമറിന്റെ മൃതദേഹം അമ്പലവയൽ ടൗൺ ജുമാ മസ്ജിദ് കബർസ്ഥാനിലും കബറടക്കി.
പ്രധാന വാർത്തകൾ
 Top