21 October Monday

നൂതന വാണിജ്യരീതികൾ ഉപയോഗപ്പെടുത്തണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019
കൽപ്പറ്റ
വയനാടിന്റെ കാർഷികമേഖലയുടെ സമഗ്രവികസനത്തിന്‌ പുതിയ സാങ്കേതികവിദ്യകളും നൂതന വാണിജ്യരീതികളും ഉപയോഗപ്പെടുത്തണമെന്ന്‌ മന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. മലബാർ കാപ്പി  പദ്ധതി ശിൽപ്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അഞ്ച്‌ ശതമാനത്തിൽ താഴെയാണ്‌ കാപ്പി ഉൽപാദനം. ചെറുകിട കർഷകരാണ്‌ കൂടുതൽ.  കർഷകരിൽ 90 ശതമാനവും രണ്ട്‌ ഹെക്ടറിൽ താഴെയുള്ളവരാണ്‌.  കാപ്പി കൂടുതലായി ഉപയോഗിക്കുന്നവരിൽ 80 ശതമാനവും വികസിത രാജ്യങ്ങളിലുള്ളവരാണ്‌.  അന്താരാഷ്‌ട്ര വിപണിയിൽ വയനാടൻകാപ്പി ബ്രാൻഡ്‌ ചെയ്തിറക്കുകയാണ്‌.     പ്രകൃതിക്കിണങ്ങിയ വിപണി സൗഹൃദാന്തരീക്ഷം  ഇതിലെ പ്രധാനഘടകമാണ്‌. ജില്ലയിൽ നടപ്പാക്കുന്ന കാർബൺ ന്യൂട്രൽ പദ്ധതി കാപ്പിയുടെ വിപണനത്തിന്‌ ഉപയോഗപെടുത്തണം. സുസ്ഥിര കൃഷിയിലൂടെ വരുമാനം വർധിക്കും. സുസ്ഥിര കൃഷിക്കായുള്ള പദ്ധതിയിൽ എല്ലാവിഭാഗം ആളുകളെയും യോജിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.  ശിൽപ്പശാലയിൽ  സി കെ ശശീന്ദ്രൻ എംഎൽഎ  അധ്യക്ഷനായി.  കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ സനിതാ ജഗദീഷ്‌, കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷാ തമ്പി, സിപിഐ എം ജില്ല സെക്രട്ടറി പി ഗഗാറിൻ, വിജയൻ ചെറുകര, പി കെ രാജൻ, സി എം ശിവരാമൻ, വി പി വർക്കി, കെ ജെ ദേവസ്യ എന്നിവർ സംസാരിച്ചു. ഒ ആർ കേളു എംഎൽഎ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികൾ, കർഷകർ, വിദഗ്ധർ, വിദേശപഠിതാക്കൾ തുടങ്ങിയവർ ശിൽപ്പശാലയിൽ പങ്കെടുക്കുന്നുണ്ട്‌.
പ്രധാന വാർത്തകൾ
 Top