24 October Thursday

മനക്കരുത്ത്‌ നേടാൻ യുവതയുടെ കൈത്താങ്ങ്‌

സ്വന്തം ലേഖകൻUpdated: Monday Sep 16, 2019

 

 
 
കൽപ്പറ്റ
ഒരായുസ്സുകൊണ്ട്‌ ഉണ്ടാക്കിയത്‌ മുഴുവനും ഉറ്റവരെയും ഉരുളെടുത്തതിന്റെ തീരാവേദനയിൽ കഴിയുന്ന പുത്തുമലയിലുള്ള കുടുംബങ്ങൾക്ക്‌ ആശ്വാസത്തിന്റെ പുഞ്ചിരിയുമായി ഡിവൈഎഫ്‌ഐ ‘സ്‌മൈൽ ക്യാമ്പയിൻ’.   ദുരന്തത്തിന്റെ ആഘാതത്തിൽ മനസ്‌ തകർന്നവർക്കും  ഒറ്റപ്പെടലിന്റെ വേദനയിൽ വീട്ടിൽതന്നെ കഴിയുന്നവർക്കും സാന്ത്വനമേകാനാണ്‌ ഡിവൈഎഫ്‌ഐ രംഗത്തിറങ്ങിയത്‌. പ്രത്യേക പരിശീലനം ലഭിച്ച  സൈക്കോളജി, എംഎസ്‌ഡബ്ല്യു ബിരുധധാരികളും വിദ്യാർഥികളും ഡിവൈഎഫ്‌ഐ വളണ്ടിയർമാരും അടങ്ങുന്ന നാൽപ്പതംഗ സംഘം വീടുകളിലെത്തി കൗൺസലിങ്‌ നൽകി. നാലുപേരടങ്ങുന്ന കൗൺസലർമാർ  ഡിവൈഎഫ്‌ഐയുടെ  പ്രാദേശിക വളണ്ടിയർക്കൊപ്പം വീടുകളിലെത്തിയാണ്‌ കൗൺസലിങ്‌ നൽകിയത്‌. 13, 14, 15 തീയതികളിൽ പുത്തുമല പ്രദേശത്തെ നൂറ്റമ്പതോളം വീടുകളിൽ എത്തി കൗൺസലിങ്ങ്‌ നൽകുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തു.  ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. കവളപ്പാറയിലും ഇതേരീതിയിൽ കൗൺസലിങ് നൽകിയിരുന്നു. രണ്ട്‌ പ്രദേശങ്ങളിൽനിന്നും  ശേഖരിച്ച  വിവരങ്ങൾ ക്രോഡീകരിച്ച്‌  തിങ്കളാഴ്‌ച കോഴിക്കോട്‌ നടക്കുന്ന അവലോകന യോഗത്തിൽ അവതരിപ്പിക്കും. സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ തുടർനടപടികളെ കുറിച്ച്‌ ആലോചിക്കും. കലിക്കറ്റ്‌ സർവകലാശാല മനശാസ്‌ത്ര വിഭാഗം മേധാവി  ഡോ. ബേബി ശാരിയും പങ്കെടുക്കും. പുത്തുമലയിൽ ‘സ്‌മൈൽ’ പദ്ധതിക്ക്‌ ജില്ലാ സെക്രട്ടറി കെ റഫീഖ്‌, പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്‌, അർജുൻ ഗോപാൽ, സി ഷംസുദ്ദീൻ എന്നിവരും  കൗൺസലർമാരുടെ സംഘത്തിന്‌ അരുണും  നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top