23 August Friday

പ്രളയത്തിന്റെ ഓർമകൾക്ക് ഒരു വയസ് ‘അമ്മിണിക്കുട്ടി'യെ കാണാൻ വിദ്യാർഥികളെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

‘അമ്മിണിക്കുട്ടി ’ യെ കാണാനെത്തിയ ബത്തേരി സാർവജന ഹയർസെക്കൻഡറി സ‌്കൂളിലെ വിദ്യാർഥികളും അധ്യാപകരും

 

കൽപ്പറ്റ
മഹാപ്രളയത്തിന്റെ ഓർമകൾക്ക് ഒരു വയസ് തികയുമ്പോൾ 'അമ്മിണിക്കുട്ടി'യെ കാണാൻ  ബത്തേരി ഗവ.സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് വിദ്യാർഥികളും അധ്യാപകരുമെത്തി. ഡോണേറ്റ് എ കൗ ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ്  എൻഎസ്എസ് വിദ്യാർഥികൾ  ‘അമ്മിണിക്കുട്ടി'യെ മാനന്തവാടി എടവക പഞ്ചായത്തിലെ എള്ളുമന്നം ചേർക്കോട് കോളനിയിലെ ശാന്തയ്ക്ക്  വാങ്ങി നൽകുന്നത്. ഉപജീവന മാർഗമായ കറവ പശുക്കളെ പ്രളയത്തിൽ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായിരുന്ന അവർക്ക് വിദ്യാർഥികൾ വലിയൊരു ആശ്വാസമാകുകയായിരുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ അമ്പത്തിയാറായിരം രൂപയോളം ചെലവഴിച്ചാണ് വിദ്യാർഥികൾ കറവപശുവിനെ വാങ്ങി നൽകിയത്. ശാന്തയുടെ ഏഴിലും ആറിലും പഠിക്കുന്ന മക്കളായ നകുലനും നിവേദുമാണ് പശുവിന് അമ്മിണിക്കുട്ടിയെന്നു പേരിടുന്നത്. 
അപ്രതീക്ഷിതമായി കുട്ടികളുടെ സംഘത്തെ വീട്ടുമുറ്റത്തു കണ്ടപ്പോൾ ശാന്തയ്ക്കു സന്തോഷം കൗതുകവും, പിന്നെ പറഞ്ഞാ തീരാത്ത നന്ദിയും. രണ്ടുകുട്ടികൾക്കും അമ്മയ്ക്കുമൊപ്പം ചേർക്കോട് ആദിവാസി കോളനിയിലെ കൊച്ചുവീട്ടിൽ താമസിക്കുന്ന ആ കുടുംബം ഇന്ന് പ്രളയത്തിന്റെ ഓർമകളെ അതിജീവിച്ചു കഴിഞ്ഞു. ഇന്ന് ശരാശരി 22 ലിറ്റർ പാൽ സൊസൈറ്റിയിൽ കൊടുക്കാൻ ഇവർക്ക് കഴിയുന്നുണ്ട്. അതിജീവനത്തിന്റെ അനേകം മാതൃകകളിൽ ഒന്നായി തീർന്നിരിക്കുകയാണ് ഇന്ന് ഈ കുടുംബവും. കൽപ്പറ്റ ക്ഷീര വികസന വകുപ്പ് ഓഫീസർ വി എസ് ഹർഷയുടെ നേതൃത്വത്തിലാണ് ഡോണേറ്റ് എ കൗ ക്യാമ്പയിനു തുടക്കം കുറിച്ചത്. പ്രളയത്തെ തുടർന്ന് ഉപജീവന മാർഗമായ വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് ഡോണേറ്റ് എ കൗ കാമ്പയിൻ വലിയ ആശ്വാസമായിരുന്നു. സംഘത്തോടൊപ്പം അധ്യാപകരായ ശുഭാങ്ക്, നവീൻ പോൾ, സുനിത ഇല്ലത്ത്, വി എസ് ദീപ, വിദ്യാർഥികളായ അജയ് വി റജി, അഖിൽ പി നാഥ്, എം എസ് അഭിഷേക്, ആർദ്ര സുരേന്ദ്രൻ, അബിത മാത്യൂസ്, അജിന ഷെറിൻ എന്നിവരുണ്ടായിരുന്നു.   
പ്രധാന വാർത്തകൾ
 Top