21 August Wednesday

കുടുംബശ്രീ സമൃദ്ധി ക്യാമ്പയിൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

കുടുംബശ്രീ കർഷക സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ഉദ്ഘാടനം ചെയ്യുന്നു.

കൽപ്പറ്റ
ജില്ലയുടെ കാർഷിക സംസ്കൃതി വീണ്ടെടുക്കുന്നതിന് ലക്ഷ്യമിട്ട് കുടുംബശ്രീ ഈ വർഷം നടത്തുന്ന സമൃദ്ധി ക്യാമ്പയിൻ തുടങ്ങി. കാർഷിക മേഖലയിൽ പുതിയ കൂട്ടുത്തരവാദിത്ത സംഘങ്ങൾ തുടങ്ങുക, നിർജീവമായ ജെഎൽജികൾ പുനരുജ്ജീവിപ്പിക്കുക, ജൈവകൃഷി ചെയ്യുന്ന ജെഎൽജികളുടെ എണ്ണം വർധിപ്പിക്കുക, മൂല്യവർധിത യൂണിറ്റ്, അഗ്രി ബിസിനസ്സ് സംരംഭം, പ്ലാന്റ് നേഴ്സറി തുടങ്ങിയവ ആരംഭിക്കുക, നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം വർധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. 
വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് കാർഷികമേഖലയിൽ കുടുംബശ്രീ നടപ്പാക്കുന്നത്. ജില്ലയിൽ 7956 ജെഎൽജികളിലായി 46265 അംഗങ്ങളാണുള്ളത‌്. തരിശ് ഭൂമി കൃഷിക്കാണ‌് ഈ വർഷം പ്രാധാന്യം നൽകുന്നത‌്.  437 ഏക്കർ തരിശ് ഭൂമി കണ്ടെത്തിയിട്ടുണ്ട്.  നെല്ലാണ് പ്രധാനമായും ഇവയിൽ കൃഷി ചെയ്യുന്നത്. കൂടാതെ പച്ചക്കറി, വാഴ, കിഴങ്ങ് വർഗ്ഗങ്ങൾ തുടങ്ങിയവയും കൃഷി ചെയ്യും. ഔഷധസസ്യ കൃഷിക്കും പ്രാധാന്യം നൽകും. കോട്ടക്കൽ ആര്യവൈദ്യശാലയുമായി ധാരണ ഉണ്ടാക്കി. പ്ലാന്റ് നേഴ‌്സറികൾ കൂടുതൽ സ്ഥാപിച്ച് ജില്ലക്കാവശ്യമായ തൈകൾ മുഴുവൻ ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കും. പട്ടികവർഗ വിഭാഗങ്ങളെ കൂടുതലായി കാർഷിക വൃത്തിയിലേക്ക് ആകർഷിക്കുന്നതിനായി ഓരോ സിഡിഎസ്സിലും 10 പട്ടികവർഗ്ഗ ജെഎൽജികൾ പുതുതായി രൂപീകരിക്കും. 
വെങ്ങപ്പള്ളിയിൽ സമൃദ്ധി ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം സി കെ ശശീന്ദ്രൻ എംഎൽഎ നിർവഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് പി എം നാസർ അധ്യക്ഷനായി. കുടുംബശ്രീ കർഷക സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ  ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച ജെഎൽജികളെ ചടങ്ങിൽ ആദരിച്ചു. ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ പി സാജിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോൺ, അംഗം ഭാസ്കരൻ, സി ഡിഎസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ സംസാരിച്ചു.
കുടുംബശ്രീ സമൃദ്ധി ക്യാമ്പയിൻ ഉദ്ഘാടനം തരിശ് ഭൂമിയിൽ വിത്തെറിഞ്ഞ് സി കെ ശശീന്ദ്രൻ എംഎൽഎ നിർവഹിക്കുന്നു
പ്രധാന വാർത്തകൾ
 Top