04 August Wednesday
- നെൽകർഷകർക്ക്‌ ആശ്വാസമഴ

വിത്ത്‌ വിതയ്‌ക്കാം ;
വയലുകൾ ഉണർന്നു

സ്വന്തം ലേഖകൻUpdated: Wednesday Jun 16, 2021
 
കൽപ്പറ്റ
കാലവർഷം പെയ്‌തിറങ്ങിയതോടെ ജില്ലയിലെ നെൽവയലുകൾ ഉണർവിലേക്ക്‌. മിഥുനമാസം ആരംഭിച്ചതോടെ വയലുകൾ ഒരുക്കുന്ന നടപടികളിലേക്ക്‌ കടക്കുകയാണ്‌ കർഷകർ. മഴ തുടർന്നാൽ പത്ത്‌ ദിവസംകൂടി കഴിയുന്നതോടെ നഞ്ചകൃഷിക്കായി നിലം ഒരുക്കി വിത്ത്‌ വിതയ്‌ക്കാം. മൺസൂൺ ആരംഭിച്ച്‌ 15 നാളായെങ്കിലും രണ്ടുദിവസംമുമ്പ്‌ മാത്രമാണ്‌ ജില്ലയിൽ മികച്ച മഴ ലഭിച്ചുതുടങ്ങിയത്‌. ഇതോടെയാണ്‌ മഴ തുടർച്ചയായി ലഭിക്കുമെന്ന പ്രതീക്ഷയിൽ  നെൽകർഷകർ ‌നിലം ഒരുക്കാനും വിത്തിടാനുമായി ഒരുക്കുന്നത്‌. കാലവർഷം കലിതുള്ളാതെ പെയ്‌താൽ വരും ദിവസങ്ങളിൽ വയലേലകൾ സജീവമാവും.‌ ജൂലൈ രണ്ടാംവാരത്തോടെ‌ ഞാറ്‌ നടീലിലേക്ക്‌ കടക്കും. അതേസമയം നടീലിനുശേഷം തുടർച്ചയായി കനത്ത മഴ പെയ്‌താൽ നെൽകൃഷി അവതാളത്തിലാവും.  2019ലെ പോലെ പ്രളയസമാനമായ മഴ ഉണ്ടായാൽ വെള്ളത്തിൽ ഞാറ്‌ നശിച്ചുപോകും. സാധാരണ മഴ ലഭിച്ചാൽ  ഈ വർഷം നെൽകൃഷിയിൽ മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന്‌ കർഷകർ പറഞ്ഞു. 
      കർഷകരുടെ ഈ ആത്മവിശ്വാസത്തിന്‌ കാരണം എൽഡിഎഫ്‌ സർക്കാരിന്റെ കാർഷികമേഖലയിലെ ഇടപെടലുകളാണ്‌. വിവിധങ്ങളായ പദ്ധതികളും ആനുകൂല്യങ്ങളും കർഷകർക്ക്‌ നൽകുന്നതിനാൽ കുടുതൽ പേർ കൃഷിയിലേക്കിറങ്ങുന്നുണ്ട്‌. ജില്ലയിൽ കഴിഞ്ഞവർഷം 7500 ലധികം ഹെക്‌ടറിൽ നെൽകൃഷിയുണ്ടായിരുന്നു. മുൻവർഷത്തേക്കാൾ മാത്രം 600 ഹെക്ടറിലധികം സ്ഥലത്ത്‌ കൃഷി വർധിച്ചു. പുൽപ്പള്ളിയിലെ ചേകാടി, കൊളവള്ളി, പടിഞ്ഞാറത്തറ കുറുമണി,  പുതുശ്ശേരിക്കടവ്, മുട്ടിലിലെ തൃക്കൈപ്പറ്റ, മാനന്തവാടിയിലെ തലപ്പുഴ, കാട്ടിക്കുളം പനമരത്തെ വെള്ളമ്പാടി, മേച്ചേരി, വാഴക്കണ്ടി, മാത്തൂർ വയൽ, കരിമ്പുമ്മൽ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ധാരാളമായി നെൽകൃഷി നടത്തുന്നുണ്ട്‌. 
സർക്കാരിന്റെ പ്രോത്സാഹന പദ്ധതികൾ‌
 
കൃഷി നഷ്‌ടത്തിലാണ്‌ എന്ന പല്ലവിക്ക്‌ അറുതിവരുത്തി കർഷകരെ ‌നെൽകൃഷിയിലേക്ക്‌ കൈപിടിച്ചുയർത്തുന്നത്‌ സർക്കാരിന്റെ കാർഷിക  പ്രോത്സാഹനനയം. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൂടുതൽപേർ നെൽകൃഷി ആരംഭിച്ചു. തരിശിട്ട പാടങ്ങളിലെല്ലാം വിത്തെറിഞ്ഞു. നെൽകൃഷി ചെയ്യുന്ന ഭൂവുടമകൾക്ക്‌ റോയൽറ്റി,  കൂലിച്ചെലവ്‌ നൽകൽ, തരിശ്‌ കൃഷിയിടങ്ങളിൽ കൃഷിചെയ്യുന്നവർക്ക്‌ സഹായം, മികച്ച വിലയിൽ നെല്ല്‌ സംഭരണം എന്നിവയെല്ലാം കർഷകരെ ആകർഷിക്കുകയും  കൃഷി ലാഭകരമാക്കുകയും ചെയ്‌തു. തരിശ്‌ ഭൂമിയിൽ കൃഷിചെയ്യാൻ 40, 000 രൂപ വരെ സർക്കാർ സബ്‌സിഡി ഏർപ്പെടുത്തി. നെൽ കർഷകർക്ക്‌  ഹെക്ടറിന്‌ 2000 രൂപ റോയൽട്ടി ഏർപ്പെടുത്തി.  യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 16 രൂപയായിരുന്ന സംഭരണ വില 28 രൂപയിലേക്ക്‌ ഉയർത്തി. കൂലിച്ചെലവ്‌ ഇനത്തിൽ ഹെക്ടറിന്‌ അയ്യായിരം രൂപയും ധനസഹായം നൽകുന്നുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top