01 April Wednesday
വയനാട് മെഡിക്കൽ കോളേജ്

ഭൂമി ഏറ്റെടുക്കാൻ നടപടി പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020
കൽപ്പറ്റ
വയനാട്‌ മെഡിക്കൽ കോളേജ്‌ നിർമിക്കാൻ   ചുണ്ടേൽ വില്ലേജിൽപ്പെട്ട ചേലോട്‌ എസ്‌റ്റേറ്റിലെ 50 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ സർകാർ അന്തിമ വിഞ്‌ജാപനമിറക്കി.  കെഎൽആർ  ആക്ട് പ്രകാരം  ഭേദഗതി വരുത്തിയ 11 (1) നോട്ടിഫിക്കേഷൻ കലക്ടറേറ്റ്‌, സബ് കലക്ടർ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, ചുണ്ടേൽ വില്ലേജ് ഓഫീസ്, വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫീസ്, എന്നിവിടങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ  കലക്ടർ ഡോ. അദീല അബ്‌ദുള്ള അറിയിച്ചു. ഭൂ ഉടമകൾക്ക്‌ നഷ്‌ടപരിഹാരം നൽകി എത്രയും പെട്ടെന്ന്‌ ഭൂമി ഏറ്റെടുക്കാൻ കഴിയും. കോഴിക്കോട്‌ കൊല്ലഗൽ ദേശീയ പാതയിൽ കിൻഫ്രക്ക്‌ സമീപത്തായി ചേലോട്‌ എസ്‌റ്റേറ്റ്‌ ഉടമസ്ഥതയിലുള്ള   ഭൂമിയാണ്‌ മെഡിക്കൽ കോളേജിനായി ഏറ്റെടുക്കുന്നത്‌. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ്‌ അഞ്ച്‌ മാസം കൊണ്ട്‌  ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായത്‌. 2019 ആഗസ്‌ത്‌ 29നാണ്‌ മെഡിക്കൽ കോളേജിനായി  ചേലോട്‌ എസ്‌റ്റേറ്റ്‌ ഏറ്റെടുക്കാൻ സംസ്ഥാന സർകാർ ഉത്തരവിറക്കിയത്‌. തുടർന്ന്‌ സർവേ നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി. 
 യുഡിഎഫ്‌ സർകാർ മടക്കിമലയിൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും നിർമാണത്തിനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. നിർമാണത്തിന്‌ കൺസൾട്ടൻസിയെ ഏൽപ്പിച്ചതും അഴിമതിയിൽ കുടുങ്ങി സ്‌തംഭിച്ചു.  എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയശേഷമാണ്‌ ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കിയത്‌.    മെഡിക്കൽകോളേജിന്റെ വിശദപഠന റിപ്പോർട്ട്‌ (ഡിപിആർ) തയ്യാറാക്കാൻ ഇൻകെലിനെ ചുമതലപ്പെടുത്തി. ഇൻകെൽ തയ്യാറാക്കിയ  632 കോടി രൂപയുടെ മാസ്‌റ്റർ പ്ലാൻ മന്ത്രിസഭ സമിതി അംഗീകാരം നൽകി.  മെഡിക്കൽ കോളേജ്‌ നിർമിക്കുന്ന പ്രദേശത്തേക്കുള്ള  റോഡ്‌ പ്രവർത്തിയും പൂർത്തിയാക്കി.  സംസ്ഥാന വിഹിതമുൾപ്പെടെ അനുവദിച്ച 41 കോടി രൂപ ഉപയോഗിച്ച് മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ   2018 ആഗസ്‌ത്‌ 17ന്‌ ഉദ്‌ഘാടനം ചെയ്യാനും തീരുമാനിച്ചു.   എന്നാൽ രണ്ട്‌ വർഷം തുടർച്ചയായുണ്ടായ  മഹാപ്രളയം എല്ലാ തീരുമാനങ്ങളും  അട്ടിമറിച്ചു.  ഈ ഭൂമിയിൽ കെട്ടിടം നിർമിക്കുന്നത്‌  സുരക്ഷക്ക്‌ ഭീഷണിയാണെന്ന്‌ ജില്ല ദുരന്തനിവാരണഅഥോറിറ്റിയും ജിയോഗ്രഫിക്കൽ സർവേ ഓഫ്‌ ഇന്ത്യയും നടത്തിയ പഠനത്തിൽ  കണ്ടെത്തി.   ഇതേ തുടർന്നാണ്‌ചേലോട്‌ എസ്‌റ്റേറ്റ്‌ ഏറ്റെടുക്കാൻ  സർകാർ തീരുമാനിച്ചത്‌.
പ്രധാന വാർത്തകൾ
 Top