29 February Saturday

ജില്ലാ ആശുപത്രി ന്യൂബോൺ കെയർ യൂണിറ്റും വിശ്രമമന്ദിരവും ഇന്ന്‌ ഉദ്‌ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

 - 

മാനന്തവാടി
കഴിഞ്ഞ മൂന്ന് വർഷങ്ങളായി വികസന പാതയിൽ കുതിക്കുന്ന ജില്ലാശുപത്രിയിൽ വ്യാഴാഴ്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടക്കും.  സ്‌പെഷ്യൽ  ന്യൂബോൺ കെയർ യൂണിറ്റും വിശ്രമ മന്ദിരവും വ്യാഴാഴ്ച രാവിലെ 9.30-ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും.  കെ കെ രാഗേഷ് എംപിയുടെ  ആസ്തി വികസനഫണ്ടിൽനിന്നും അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ്  വിശ്രമമന്ദിരം നിർമിച്ചത്.  ആർദ്രം പദ്ധതിയുടെ ഭാഗമായി അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചാണ് ന്യൂബോൺ കെയർ യൂണിറ്റ് പൂർത്തിയാക്കിയത്. ആർദ്രം പദ്ധതിയുടെ ഭാഗമായി എട്ടുകോടിരൂപ ചെലവഴിച്ച് നിർമിക്കുന്ന  കാത്ത് ലാബിന്റെ നിർമാണ പ്രവൃത്തിയും മന്ത്രി ഉദ്ഘാടനം ചെയ്യും.
മെഡിക്കൽ കോളേജിൽ ലഭ്യമാകുന്ന അതേ ചികിത്സാ സൗകര്യങ്ങൾ ആണ് സ്പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റിൽ ഒരുങ്ങുന്നത്. വെന്റിലേറ്റർ ഒഴികെയുള്ള മറ്റ് എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. കുട്ടികൾക്കുണ്ടാകുന്ന സെപ്റ്റിഫിമിയ ,മഞ്ഞപ്പിത്തം എന്നിവക്കൊക്കെ ഇവിടെനിന്ന് തന്നെ വിദഗ്ദ്ധ ചികിൽസ നൽകാനാകും.
പ്രായം തികയാതെയുണ്ടാകുന്ന കുട്ടികൾക്കുള്ള തീവ്രപരിചരണം സി പാപ് മെഷീനിന്റെ സഹായത്തോടെ ലഭ്യമാക്കും. മാസത്തിൽ 250 ലേറെ കുട്ടികൾ ജില്ലാശുപത്രിയിൽ ജനിക്കുന്നുണ്ട്‌. സാധാരണയായി അസുഖ ബാധിതരായാൽ സ്പെഷ്യൽ പരിചരണത്തിനായി മെഡിക്കൽ കോളേജിലേക്ക് റഫർ  ചെയ്യുകയാണ് പതിവ്. ഇനി മുതൽ എല്ലാ സൗകര്യങ്ങളും ജില്ലാശുപത്രിയിൽ തന്നെ ലഭ്യമാകും.
 
കൂട്ടിരിപ്പുകാർക്ക് എങ്ങും പോകേണ്ട
മാനന്തവാടി
 അയൽ സംസ്ഥാനങ്ങളിൽനിന്നും അന്യജില്ലകളിൽ നിന്നുമെല്ലാമായി നിരവധിയാളുകളാണ് നിത്യേന ജില്ലാശുപത്രിയിൽ ചികിൽസ തേടി വരുന്നത്. ഗുരുതരാവസ്ഥയിലുള്ളവരുടെയൊഴികെ മറ്റ് രോഗികളുടെയൊന്നും കൂട്ടിരിപ്പുകാർക്ക് രാത്രികാലങ്ങളിൽ ആശുപത്രിയിൽ നിൽക്കാൻ സാധിക്കില്ല. ഇവർക്ക്
വിശ്രമിക്കാനുള്ള സൗകര്യങ്ങൾ എവിടെയുും ലഭിക്കാറില്ല. ആദ്യമായാണ് ഇങ്ങിനെയൊരു സൗകര്യമൊരുങ്ങുന്നത്. 
പ്രധാന വാർത്തകൾ
 Top