25 August Sunday

അനധികൃത സർവീസുകൾ തടയും ബത്തേരിയിലെ ഓട്ടോകൾക്ക‌് ഇനി ഡിജിറ്റൽ സ‌്റ്റിക്കർ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019
  
ബത്തേരി
നഗരത്തിൽ ഹാൾട്ടിങ‌് പെർമിറ്റുള്ള മുഴുവൻ ഓട്ടോറിക്ഷകൾക്കും നഗരസഭ ഡിജിറ്റൽ സ‌്റ്റിക്കർ നൽകുമെന്ന‌് നഗരസഭ ചെയർമാൻ ടി എൽ സാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. അനധികൃത ഓട്ടോ സർവീസുകൾ തടയുന്നതിന്റെ ഭാഗമായാണ‌് നിലവിൽ ഹാൾട്ടിങ‌് പെർമിറ്റുള്ള  670 ഓട്ടോറിക്ഷകൾക്കും ഡിജിറ്റൽ സ‌്റ്റിക്കർ നൽകുന്നത‌്. സ‌്റ്റിക്കർ നൽകുന്നതിന്റെ ഭാഗമായി 18, 19,20,22 തിയതികളിൽ നഗരസഭ ടൗൺഹാളിൽ ഓട്ടോറിക്ഷകളുടെ രജിസ‌്ട്രേഷന‌് സൗകര്യം ഒരുക്കിയിട്ടുണ്ട‌്.  ഉടമസ്ഥൻ, ഡ്രൈവർ, ആർസി ബുക്ക‌്, ഇൻഷുറൻസ‌്, പെർമിറ്റ‌്, ഡ്രൈവിങ‌് ലൈസൻസ‌് തുടങ്ങിയ രേഖകൾ രജിസ‌്ട്രേഷന‌് ആവശ്യമാണ‌്. നഗരത്തിലെ 13 സ‌്റ്റാൻഡുകളിലെ ഓട്ടോറിക്ഷകൾക്കാണ‌് രജിസ‌്ട്രേഷൻ നടപടി കഴിഞ്ഞാൽ ഡിജിറ്റൽ സ‌്റ്റിക്കർ നൽകുക. 30ന‌് സ‌്റ്റിക്കർ വിതരണം നടത്തും. 
സംയുക്ത ഒട്ടോറിക്ഷാ തൊഴിലാളി കോ–-ഓർഡിനേഷൻ കമ്മിറ്റി, ട്രേഡ‌് യൂണിയൻ പ്രതിനിധികൾ, മോട്ടോർ വെഹിക്കിൾ, പൊലീസ‌്  ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിയാലോചിച്ചാണ‌് നഗരസഭ സ‌്റ്റിക്കർ നൽകുന്നതിനുള്ള തീരുമാനം എടുത്തത‌്. 670ന് മുകളിൽ പെർമിറ്റ‌് ലഭിച്ചിട്ടുള്ള ഓട്ടോറിക്ഷകൾക്ക‌് പൂമല, പൂതിക്കാട‌്, അമ്മായിപാലം, ബ്ലോക്കോഫീസ‌്, ചെതലയം, ആറാംമൈൽ, കോളേജ‌് കുപ്പാടി, തിരുനെല്ലി, കൈവട്ടമൂല, ആർമാട‌് എന്നിവിടങ്ങളിൽ സ‌്റ്റാൻഡ‌് അനുവദിച്ചിട്ടുണ്ട‌്. ഓട്ടോറിക്ഷകൾക്ക‌് സ‌്റ്റിക്കർ നൽകിയതിന‌് ശേഷം ടൗണിൽ സർവീസ‌് നടത്തുന്ന ഗുഡ‌്സ‌് വാഹനങ്ങൾ, നാലുചക്ര ഓട്ടോറിക്ഷകൾ, ടൂറിസ‌്റ്റ‌് വാഹനങ്ങൾ, ടാക‌്സി ജീപ്പുകൾ തുടങ്ങിയവക്ക‌് പെർമിറ്റിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ സ‌്റ്റിക്കർ നൽകും. ഓട്ടോറിക്ഷ തൊഴിലാളി കോ–-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ അനീഷ‌് ബി നായർ, കെ എം വർഗീസ‌്, ഇബ്രാഹിം തൈത്തൊടി, പി ജി സോമനാഥൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top