20 June Thursday
ലൈഫ്

രണ്ടാം ഘട്ടത്തിൽ 509 വീടുകൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019
 
കൽപ്പറ്റ
ഭവനരഹിതർക്ക് അഞ്ച് വർഷത്തിനുള്ളിൽ സ്വന്തമായി വീടൊരുക്കുന്ന "ലൈഫ്' പദ്ധതിയിൽ  ജില്ലയിൽ രണ്ടാം ഘട്ടം ആരംഭിച്ച‌്  മാസങ്ങൾക്കകം 509 വീടുകൾ പൂർത്തിയായി.   3590പേരുടെ എഗ്രിമെന്റായതിൽ  ജനറൽ വിഭാഗത്തിൽ 446, എസ‌്സിവിഭാഗത്തിൽ 23ഉം  എസ്ടിയിൽ 40 വീടുകളുമാണ‌് പൂർത്തിയായത‌്. 725എണ്ണം മേൽക്കൂര നിർമാണത്തിലേക്ക‌് കടന്നു.  1323 എണ്ണത്തിന്റെ നിർമാണം പകുതിയേളം പൂർത്തിയായി കഴിഞ്ഞു.  ജില്ലയിൽ ഒന്നാം ഘട്ടത്തിൽ ലക്ഷ്യമിട്ട  8703 എണ്ണത്തിൽ  പട്ടികവർഗ വിഭാഗത്തിൽ 6273 വീടുകളും ജനറൽ വിഭാഗത്തിൽ 1976 വീടുകളും പട്ടികജാതി വിഭാഗത്തിൽ 454 വീടുകളും പൂർത്തിയായി. ജില്ലയിൽ പൂതാടി പഞ്ചായത്തിലാണ് കൂടുതൽ ഭവനരഹിതരുളളത് 511 പേരാണ് അപേക്ഷകർ, കുറവ് കോട്ടത്തറയിൽ 44 പേരാണുളളത്. 
 ആദ്യ ഘട്ടത്തിൽ സർക്കാറിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെട്ട പൂർത്തിക്കരികപ്പെടാത്ത വീടിന്റെ നിർമാണവും  രണ്ടാം ഘട്ടത്തിൽ  ഭൂമിയുളള ഭവനരഹിതർക്കും മൂന്നാം ഘട്ടത്തിൽ ഭൂരഹിത  ഭവനരഹിതരെയുമാണ‌് പദ്ധതിയിൽ  ഉൾപ്പെടുത്തിയിരിക്കുന്നത്.
2018 ജനുവരിയിലാണ‌്  ഭവനനിർമാണപ്രവൃത്തികൾ ജില്ലയിൽ ആരംഭിച്ചത്. 9096 വീടുകളാണ് ആദ്യഘട്ടത്തിലെ നിർമാണ ലിസ്റ്റിൽ ഉണ്ടായിരുന്നത‌്.  അപേക്ഷകളിലെ ഇരട്ടിപ്പും  മറ്റ‌് ന്യുനതകളും  പരിഹരിച്ചശേഷം 8703 വീടുകളാണ് ആദ്യഘട്ടത്തിൽ   നിർമിക്കാൻ ലക്ഷ്യമിട്ടത്. തറയിൽ ഒതുങ്ങി നിന്നതും പാതിവഴിയിൽ നിലച്ചതുമായ വീടുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. ട്രൈബൽ വകുപ്പിന്റെ ഭവനനിർമാണം, ഇ എം എസ് ഭവനപദ്ധതി, തദ്ദേശസ്ഥപാനങ്ങൾ വഴിയുള്ള വീട് നിർമാണം എന്നിങ്ങനെയുള്ള പദ്ധതികളെല്ലാം ലൈഫ് മിഷനിലൂടെ ഏകോപിപ്പിച്ചായിരുന്നു നിർമാണ പ്രവർത്തനം.
 ഭൂമിയും വീടും ഇല്ലാത്തവർക്ക്  ഫ്ളാറ്റ് ഉൾപ്പടെയുള്ള താമസസൗകര്യ ഒരുക്കുന്ന പദ്ധതി മൂന്നാംഘട്ടമായി നടപ്പാക്കും. ജില്ലയിൽ 7655 ഗുണഭോക്താക്കളാണ് ഈ ലിസ്റ്റിൽ ഉള്ളത്.
പ്രധാന വാർത്തകൾ
 Top