21 May Tuesday

മണ്ഡലത്തോടുള്ള അവഹേളനം: ജില്ലയിലെങ്ങും പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
കൽപ്പറ്റ
വയനാട‌് മണ്ഡലത്തിൽ സ്ഥിരസാന്നിധ്യമുള്ള എം പി വേണ്ടെന്ന കോൺഗ്രസ‌് നേതാവ‌് രാജ‌്മോഹൻ ഉണ്ണിത്താന്റെ പ്ര‌സ‌്താവനയിൽ ജില്ലയിലെങ്ങും പ്രതിഷേധം ശക്തമാകുന്നു. സമൂഹ്യമാധ്യമങ്ങളിൽ ഉണ്ണിത്താന്റെ നിലപാടിനെതിരെ ശക്തമായ പ്രതികരണങ്ങൾ ഉയർന്നതിന‌് പിന്നാലെയാണ‌് ജില്ലക്കാരും കോൺഗ്രസ് നിലപാടിനെതിരെ രംഗത്തുവന്നത‌്.  പ്രസ‌്താവന വയനാടൻ ജനതയെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന‌് വിവിധ മേഖലകളിൽ നിന്നുള്ളവർ അഭിപ്രായപ്പെട്ടു.  ആദിവാസികൾ ഏറെയും അധിവസിക്കുന്ന ജില്ലയോടുള്ള കോൺഗ്രസിന്റെ അവഗണനയുടെ ബഹിസ‌്ഫുരണമാണ‌് ഇത്തരം നേതാക്കളുടെ പ്രസ‌്താവനയിലൂടെ വ്യക്തമാകുന്നത‌്. കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ഉയർന്നുവരേണ്ടത‌് അനിവാര്യമാണെന്നിരിക്കെയാണ‌് വയനാട‌് മണ്ഡലത്തിൽ വല്ലപ്പോഴും വന്നുപോവുന്ന എംപി മതിയെന്ന‌് ഉണ്ണിത്താൻ ചാനൽ ചർച്ചയിൽ പറഞ്ഞത‌്. വയനാട്ടിലെയും മലപ്പുറത്തേയും  മൂന്ന‌് വീതവും കോഴിക്കോട്ടെ ഒരുമണ്ഡലവും ഉൾപ്പെടുന്നതാണ‌് വയനാട‌് പാർലമെന്റ‌് മണ്ഡലം. മൂന്ന‌് ജില്ലകളിലായി ചിതറികിടക്കുന്ന   മണ്ഡലത്തിൽ എംപിയായി തെരഞ്ഞെടുക്കപ്പെടുന്നയാൾ മറ്റ‌്  എംപിമാരെ അപേക്ഷിച്ച‌്  കൂടുതൽ  സമയവും പ്രാധാന്യവും ഈ മണ്ഡലത്തിനായി   നീക്കിവെക്കണമെന്നിരിക്കെയാണ‌് ഇത്തരം നിലപാട‌് വന്നത‌്. "വയനാട്ടിൽ തർക്കമുണ്ടോ? കെ സി വേണുഗോപാൽ വയനാട്ടിൽ മത്സരിക്കുമെന്നാണല്ലോ അറിയുന്നത്' എന്ന അവതാരകയുടെ ചോദ്യത്തിന‌് മറുപടിയായിട്ടായിരുന്നു  കോൺഗ്രസിന്റെ നിലപാട‌് ഉണ്ണിത്താൻ വ്യക്തമാക്കിയത‌്. വയനാട്ടിൽ അദേഹം മത്സരിച്ചു കൂടെന്നില്ല. വയനാട്ടിൽ ആകുമ്പോ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയുമൊക്കെ മണ്ഡലത്തിൽ പോകുന്നപോലെ വല്ലപ്പോഴും അവിടെ ചെന്ന് സാന്നിധ്യം അറിയിച്ചാൽ മതി. പരിപൂർണമായി മണ്ഡലത്തിൽ നിക്കേണ്ടി വരില്ല. അത് കൊണ്ട് വേണുഗോപാൽ വയനാട്ടിൽ മത്സരിക്കാം. ഇതായിരുന്നു ഉണ്ണിത്താന്റെ അവതാരികയോടുള്ള മറുപടി. 
 ഇലക്ഷൻ പ്രഖ്യാപിച്ച‌് ദിവസങ്ങൾ  പിന്നിട്ടിട്ടും കോൺഗ്രസിന്റെ സ്ഥാനാർഥിപ്രഖ്യാപനം എങ്ങുമെത്താതെ നിൽക്കുന്നതിനിടയിലാണ‌്  വയനാടിനെ അവഹേളിക്കുന്ന പ്രസ‌്താവന  കോൺഗ്രസ‌് നേതാവിൽനിന്നും ഉണ്ടായത‌്. വയനാടിന്റെ പൊതുനൻമക്ക‌് കോൺഗ്രസ‌് ഒരു പ്രാധാന്യവും നൽകുന്നില്ലെന്ന നിരാശയിലാണ‌്  സാധാരണ കോൺഗ്രസ‌് പ്രവർത്തകർ. 
 
ഒന്നിനും അർഹതയില്ലാത്തവരാക്കി അവഹേളിക്കുന്നു: ഹരിതസേന
കൽപ്പറ്റ
മണ്ഡലത്തിൽ  എംപി വല്ലപ്പോഴും സാന്നിധ്യമായാൽ മതിയെന്ന കോൺഗ്രസ‌് നേതാവ‌് രാജ‌്മോഹൻ ഉണ്ണിത്താന്റെ പ്രസ‌്താവന   അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന‌് ഹരിതസേന ജില്ല പ്രസിഡന്റ‌് എം സുരേന്ദ്രൻ പറഞ്ഞു. പൊതുസമൂഹത്തിന‌് മുന്നിൽ  വയനാട്ടുകാരും വയനാട‌് മണ്ഡലത്തിൽ ഉൾപ്പെട്ടവരും  യാതൊരു പരിഗണനക്കും അർഹതിയില്ലാത്തവരാണെന്ന‌് വിളിച്ച‌് അവഹേളിക്കുകയാണ‌്. യഥാർഥത്തിൽ മറ്റ‌് മണ‌്ഡലങ്ങളേക്കാൾ ഏറ്റവും കൂടുതൽ പരിഗണന വേണ്ടവരാണ‌് വയനാട്ടുകാർ. കാർഷികമേഖലയിലെ തകർച്ച, ആദിവാസികൾ നേരിടുന്ന പ്രശ‌്നങ്ങൾ ഇവയെല്ലാം പാർലമെണ്ടിൽ എത്തിച്ച‌് ശക്തമായ നടപടികൾ വേണമെന്നിരിക്കെയാണ‌്   മണ്ഡലത്തിലുളളവരെ ഒന്നടങ്കം അപമാനിക്കുന്നത‌്. ഇത്തരം നിലപാടുകൾ ജില്ലക്കാർക്ക‌് ദോഷകരമാണ‌്.  
വോട്ടർമാർ പാഠം പഠിപ്പിക്കും : എകെഎസ‌്
ആദിവാസി ഭൂരിപക്ഷമുള്ള വയനാടൻ ജനതയെ അഹേളിക്കുന്ന കോൺഗ്രസിനെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന‌് എകെഎസ‌് ജില്ലാ കമ്മിറ്റി പ്രസ‌്താവനയിൽ പറഞ്ഞു.  മണ്ഡലത്തിന‌് വല്ലപ്പോഴും സാന്നിധ്യം അറിയിക്കുന്ന എംപി മതിയെന്ന നിലപാട‌് ജനങ്ങേളോടുള്ള വെല്ലുവിളിയാണ‌്. വയനാടൻ ജനത നേരിടുന്ന പ്രശ‌്നങ്ങളൊന്നും ലോക‌്സഭയിൽ ഉന്നയിക്കപ്പെടേണ്ടതല്ലെന്നും ഇവയ‌്ക്കൊന്നം പരിഹാരം നേടാൻ ഒരു ഇടപെടലും തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നും കോൺഗ്രസ‌് വ്യക്തമാക്കിയിരിക്കുകയാണ‌്. വയനാട്ടുകാരെ പുച്ഛത്തോടെ കാണുന്ന നിലപാടിനെതിരെ ആദിവാസികൾ അടക്കമുള്ള ജനവിഭാഗം ശക്തമായി പ്രതികരിക്കും. 
പ്രതിഷേധം  ഉയരണം : സിപിഐ 
വയനാട‌്മണ്ഡലത്തിന്റെ  പൊതുവികസനത്തിന‌് കോൺഗ്രസ‌് ഒരു പ്രധാന്യവും കൽപിക്കുന്നില്ലെന്നതിന്റെ തെളിവാണ‌് എംപിയുടെ സാന്നിധ്യം മണ്ഡലത്തിൽ വേണ്ടെന്ന കോൺഗ്രസ‌് നിലപാടെന്ന‌് സിപിഐ ജില്ലാ കമ്മിറ്റി പ്രസ‌്താവനയിൽ പറഞ്ഞു. ഇതിനെതിരെ പ്രതിഷേധം ഉയരണം.
 മണ്ഡലത്തിലുള്ളവരെ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത‌് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന കക്ഷികൾക്ക‌് ഭൂഷണമല്ല. ജനകീയ പ്രശ‌്നങ്ങൾ ഏറ്റെടുക്കാനും പാർലമെന്റിലെത്തിക്കാനുമുള്ള ശ്രമങ്ങളെ ലാഘവബുദ്ധിയോടെയാണ‌് കോൺഗ്രസ‌് നോക്കികാണുന്നതെന്നും ഇതിന‌് ജനം തിരിച്ചടി നൽകുമെന്നും പ്രസ‌്താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top