24 October Thursday
രാത്രിയാത്രാ നിരോധനം

നിർണായകം കേന്ദ്രനിലപാട്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019
ബത്തേരി
ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട്‌ ഉറ്റുനോക്കി കേരളം. കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ  നൽകുന്ന സത്യവാങ്മൂലമായിരിക്കും കേസിൽ വഴിത്തിരിവാകുക. ദേശീയപാത 766 പൂർണമായും അടച്ചുപൂട്ടാനുള്ള നീക്കമാണിപ്പോൾ. ഹുൻസൂർ-–-ഗോണിക്കുപ്പ–--കുട്ട–--മാനന്തവാടി  റോഡ് ദേശീയപാതയായി വികസിപ്പിക്കുന്നതിന്റെ  സാധ്യതകൾ സംബന്ധിച്ച്‌  സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട്‌ സുപ്രീംകോടതി   ആവശ്യപ്പെട്ടിരിക്കുകയാണ്‌.  നാലാഴ്‌ച്ചക്കകം റിപ്പോർട്ട്‌ നൽകണമെന്നാണ്‌ ഒടുവിൽ കോടതി ആവശ്യപ്പെട്ടിട്ടുള്ളത്‌. വിഷയത്തിൽ നേരത്തെമുതൽ ബിജെപിക്ക്‌ ഇരട്ടത്താപ്പാണ്‌. കേരളത്തിൽ നിരോധനത്തിനെതിരെ പറയുകയും കേന്ദ്രത്തിൽ അനുകൂല നിപാടെടുക്കുകയുമാണ്‌. ഇത്‌ തുടരുമോ, അതോ രാത്രിയാത്രാ നിരോധനം നീക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തുമോയെന്നതാണ്‌ ആകാംക്ഷയോടെ നോക്കുന്നത്‌.  ദേശീയപാതയിലെ യാത്രാനിരോധനം നീക്കണമെന്ന്‌ കേന്ദ്രം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടില്ല. ബദൽപാത പ്രായോഗീകമല്ലെന്ന്‌ കോടതിയെ ബോധിപ്പിച്ച്‌   ദേശീയപാത 766ലെ യാത്രാനിരോധനം നീക്കുകയാണ്‌ വേണ്ടത്‌.  ഇതിനായുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെടുകയാണ്‌.  എൻഎച്ച്‌ 766 ട്രാൻസ്‌പോർട്ട്‌ പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചിന്‌ ബത്തേരിയിൽ ബഹുജനഉപവാസം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ നൈറ്റ്‌ അസംബ്ലി നടത്തി. സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നാടൊന്നാകെ ഒന്നിക്കുകയാണ്‌. കേരളസർക്കാർ ഇതിനായി ഫലപ്രദമായ ഇടപെടലുകളും നടത്തുന്നുണ്ട്‌.  ബന്ദിപ്പൂർ വനമേഖലയിൽ മേൽപ്പാലങ്ങൾ നിർമിച്ച്‌ യാത്രാപ്രശ്‌നം പരിഹരിക്കാമെന്ന നിർദേശം വന്നപ്പോൾ കേരളം  അംഗീകരിക്കുകയും  നിർമാണത്തിനാവശ്യമായ തുകയുടെ പകുതി 280 കോടി രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്‌തു. കേസ്‌ നടത്തിപ്പിന്‌ പ്രഗത്ഭരായ അഭിഭാഷകരെ നിയമിച്ചു. സുപ്രീകോടതിയിൽനിന്നും കേരളത്തിന്റെ താൽപ്പര്യങ്ങൾക്ക്‌ അനുകൂലമല്ലാത്ത നിലപാടുണ്ടായപ്പോൾ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്‌ കത്തയച്ചു.   
ബദൽപാത ദേശീയപാതയായി വികസിപ്പിച്ചാൽ  നിലവിലെ ദേശീയപാത 140 കിലോമീറ്റർ ഇല്ലാതാവും. ഇത് ദേശീയപാതയുമായി ബന്ധപ്പെട്ടുകിടക്കുന്ന  പ്രദേശങ്ങളിലെ സാമ്പത്തിക വാണിജ്യ-പ്രവർത്തനങ്ങളെയും ജനങ്ങളുടെ ജീവിതത്തെയും ഗൗരവമായി ബാധിക്കും. ബദൽപാത ദേശീയ പാതയായി വികസിപ്പിക്കുന്നതിനെതിരെ കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റിയും രംഗത്തു വന്നിട്ടുണ്ട്. വയനാടിനെ ഗുരുതരമായി ബാധിക്കുന്ന വിഷമായിട്ടും എംപി രാഹുൽഗാന്ധി വിഷയത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ല. യാത്രാനിരോധനം നീക്കുന്നതിന്‌  എംപിയുടേതടക്കമുള്ള ഇടപെടലുകളാണ്‌ വേണ്ടത്‌. കേന്ദ്രവും കേരളവും കർണാടകവും കോൺഗ്രസ്‌ ഒരുമിച്ച്‌ ഭരിച്ചപ്പോഴും പ്രശ്‌നം പരിഹരിച്ചില്ല. അതേനിസംഗതയാണിപ്പോൾ എംപി തുടരുന്നതും.
പ്രധാന വാർത്തകൾ
 Top