24 October Thursday

തെരുവിന്റെ മക്കളെ ഓണമൂട്ടി ഓർമക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

ഓർമക്കൂട്ടം നടത്തിയ ഓണസദ്യയിൽനിന്ന്‌

ബത്തേരി
 തിരുവോണത്തെ തെരുവോണമാക്കി ബത്തേരിയിലെ ഓർമക്കൂട്ടം .ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ നഗരത്തിൽ ഒറ്റപ്പെട്ടവരെയും അഗതികളെയും ഉദ്ദേശിച്ചാണ് നഗരത്തിലെ ഏതാനും യുവാക്കളുടെ കൂട്ടായ്മയായ ഓർമക്കൂട്ടം ഗാന്ധി ജംങ്ഷനിൽ തെരുവോണം ഒരുക്കിയത്. പ്രത്യേകം പന്തലിട്ട് പൂക്കളവും ഓണപ്പാട്ടുകളും ഒരുക്കി നടത്തിയ തിരുവോണ സദ്യയിൽ 600-ഓളം പേരാണ് സദ്യയുണ്ടത്. കുത്തരി ചോറിനൊപ്പം സാമ്പാർ, അവിയൽ, തോരൻ, ഓലൻ, എരിശേരി, കൂട്ടുകറി, അച്ചാർ തുടങ്ങിയ പതിനഞ്ചോളം കറികൾക്കൊപ്പം പപ്പടവും അടപ്രഥമനും സദ്യയിൽ വിളമ്പി.നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ പലരും തെരുവോണത്തിൽ പങ്കാളികളായി സദ്യയുണ്ടു. നഗരസഭ ചെയർമാൻ ടി എൽ സാബു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ സഹദേവൻ, കൗൺസിലർ പി പി അയൂബ്, എസ് ഐ ഇ അബ്ദുള്ള, പൊലീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവർ തെരുവോണത്തിന് ആശംസകൾ നേരാനെത്തി. ഓർമക്കൂട്ടം ഭാരവാഹികളായ കെ ഗോപകുമാർ, നിസാം പള്ളിയാൽ, കെ നദീർ, കെ സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി. 2017ലും ഓർമക്കൂട്ടം നഗരത്തിലെ ചുങ്കത്ത് തെരുവോണം ഒരുക്കിയിരുന്നു. 
പ്രധാന വാർത്തകൾ
 Top