17 September Tuesday

വീട്ടകങ്ങളിൽ ഉള്ളുലയ്‌ക്കും കാഴ്‌ചകൾ

സ്വന്തം ലേഖികUpdated: Wednesday Aug 14, 2019
കൽപ്പറ്റ
"എല്ലാം പോയി. ഇനി ആദ്യം മുതൽ തുടങ്ങണം . കഴിഞ്ഞ പ്രളയത്തിന്റെ  നഷ്ടങ്ങൾ തീർത്ത് വരുന്നതേയുള്ളു’ ചുഴലി അമ്പാടി വീട്ടിൽ ജാനകി വിതുമ്പി.
പ്രളയം വിഴുങ്ങിയ വീട്ടിലേക്ക് ചൊവ്വാഴ്ചയാണ് ജാനകിയും കുടുംബവും തിരിച്ചെത്തിയത്. വസ്ത്രങ്ങൾ, വൈദ്യുതോപകരണങ്ങൾ തുടങ്ങി  സകലസമ്പാദ്യങ്ങളും നശിച്ച വീടാണ് അവരെ കാത്തിരുന്നത്. ചുഴലിപ്പുഴയോരത്തുള്ള ഇവരുടെ വീട്ടിൽ കഴിഞ്ഞ വർഷവും വെള്ളം കയറിയിരുന്നു. ഈ ദുരന്തത്തിൽനിന്ന് കരകയറും മുമ്പാണ് രണ്ടാമതും പ്രളയമുണ്ടായത്. രോഗികളായ ഭർത്താവും മകളും അടങ്ങുന്ന കുടുംബം ദുരിത മുഖത്ത് തന്നെയാണ്. സമീപത്തെ ലീലയുടേയും മാനസിക രോഗിയായ മകൾ ലളിതയുടേയും വീടുകളും പ്രളയത്തിൽ മുങ്ങി.
കാർഷിക വികസന ബേങ്ക്  സെക്രട്ടറി സച്ചിദാനന്റെ നേതൃത്യത്തിൽ സന്നദ്ധ പ്രവർത്തനം നടത്തി ഇവിടെത്തെ വീടുകൾ ശുചീകരിച്ചു. നേര് സ്വാശ്രയ സംഘം, ഹരിത കമസേന, അനശ്വര ആർട്സ് ആൻസ് സ്പോർട്സ്  ക്ലബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
  മഴ  മാറി മാനം തെളിഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ആളുകൾ മടങ്ങി തുടങ്ങി. ആകാശം അൽപ്പം തെളിഞ്ഞെങ്കിലുംഅവരുടെ മനസിൽ അവശേഷിക്കുന്നത് ആശങ്കയുടെ കാർമേഘങ്ങളാണ്. വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടതിന് പുറമെ ചെളി നിറഞ്ഞ വീട്ടകങ്ങൾ കണ്ട് അവരുടെ ഉള്ളുപിടഞ്ഞു.    തദ്ദേശ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളാണ് ആകെയുള്ള ആശ്വാസം .
മഴ വീണ്ടും ഉണ്ടാകുമോ എന്ന ആശങ്കയിൽ മുഴുവൻ പേരെയും ക്യാമ്പിൽ നിന്ന് തിരിച്ചയക്കേണ്ടതില്ല എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. മണ്ണിടിച്ചിലും ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്ന പ്രദേശങ്ങളിൽനിന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെ തൽക്കാലം ക്യാമ്പിൽതന്നെ നിർത്തും. ഇനിയും ദുരന്തം ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് ചിലർ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങുന്നത്.  കൽപ്പറ്റ നഗരത്തിലെ പ്രളയബാധിത മേഖലകളിൽനിന്ന് ചില കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top