11 August Tuesday
കിഫ്‌ബിയിൽ 1.22 കോടി

മാനന്തവാടി സബ്‌ രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടമുയരും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
മാനന്തവാടി
ബ്രിട്ടീഷ് അധിനിവേശത്തിന്റെ അടയാളമായി മാനന്തവാടിയിൽ തലയുയർത്തി നിൽക്കുന്ന സബ്‌ രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടമുയരുന്നു. 2018ലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. വകുപ്പിന്സ്വന്തമായുള്ള 47 സെന്റ് സ്ഥലത്തിൽ 365.25 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് കെട്ടിടം നിർമിക്കുക. പുതിയ കെട്ടിടത്തിന് 1.22 കോടി രൂപ വകയിരുത്തി.  12 മാസം കൊണ്ട് പണി പൂർത്തിയാക്കാനാണ് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ തീരുമാനിച്ചത്‌. 
കേരളത്തിലെ ആദ്യത്തെ സബ്‌  രജിസ്ട്രാർ ഓഫീസ് അഞ്ചരക്കണ്ടിയിൽ 1865 ഫെബ്രുവരി ഒന്നിനാണ്‌ തുടങ്ങിയത്. ഒരുമാസത്തിന്‌ ശേഷം മാർച്ച്‌ രണ്ടിനാണ്‌ മാനന്തവാടിയിൽ തുടങ്ങുന്നത്‌. ‌ താലൂക്ക് ഓഫീസിലാണ്‌ ആദ്യം തുടങ്ങിയത്‌. ഒരു വർഷം  താലൂക്ക് ഓഫീസിൽ പ്രവർത്തിച്ച രജിസ്ട്രാർ ഓഫീസ് 1865 ഡിസംബർ മുതൽ 1894 ഡിസംബർ വരെ വാടകക്കെട്ടിടത്തിലായിരുന്നു. ഇപ്പോളത്തെ കെട്ടിടത്തിലേക്ക് മാറിയത് 1894 ഡിസംബർ നാലിനാണ്.
  ചരിത്രമുറങ്ങുന്ന പഴശ്ശിരാജയുടെ ശവകുടീരത്തിനടുത്താണ്‌ ഈ കെട്ടിടം.  1865 മുതൽ വടക്കേ വയനാട്ടിലെ ഏകദേശം 6.2 ലക്ഷം ആധാരങ്ങളുടെ പകർപ്പുകൾ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നയിടമാണ് ഇത്. രണ്ട് വരി കല്ലുകൾ കൊണ്ട് തീർത്തിരിക്കുന്ന ഓഫീസ് ചുമരുകൾ ഇന്നും കാര്യമായ കേടുപാടുകളില്ലാതെ ഉയർന്നു നിൽക്കുന്നുണ്ട്. സ്ഥലപരിമിതിമൂലം
കെട്ടിടത്തിന്റെ വരാന്ത മറച്ച്  ഓഫീസിന്റെ ഭാഗമാക്കി മാറ്റാൻ അറ്റകുറ്റ പണികളെടുത്തതിനാലാണ് പുരാവസ്തു വകുപ്പ് ഇത്രയേറെ പഴക്കമുണ്ടായിട്ടും ഈ കെട്ടിടം ഏറ്റെടുക്കാത്തത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്  ഭൗതിക സാഹചര്യങ്ങൾ  അപര്യാപ്തമാണ്. അത് കൊണ്ടാണ് പഴയ കെട്ടിടത്തിന് സമീപം പുതിയ കെട്ടിടം നിർമിക്കുന്നത്.  ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടം തയ്യാറാക്കുക. രണ്ട് നിലകളിലായാണ് കെട്ടിടം നിർമിക്കുക. താഴത്തെ നിലയിൽ ഓഫീസ് റൂം, സബ്ബ് രജിസ്ട്രാർ റൂം, വാട്ടറിങ് ഏരിയ, ടോയ്ലെറ്റ് എന്നീ സൗകര്യങ്ങളുണ്ടാകും. മുകളിലത്തെ നിലയിലാണ് റെക്കോർഡ് റൂം ക്രമീകരിക്കുക. 
 
 
 
 
 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top