18 July Thursday

കൊഴിഞ്ഞുപോക്കല്ല, ഒരു തിരിച്ച‌് വരവ‌ിന്റെ കഥ

കെ എ അനിൽകുമാർUpdated: Friday Jun 14, 2019

ശരത്തിനും വിഷ്‌ണുവിനുമൊപ്പം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ സഹദ്‌ എടുത്ത സെൽഫി

കൽപ്പറ്റ
കൊഴിഞ്ഞുപോക്കിന്റെ കഥകൾ ഏറെയുള്ളപ്പോഴാണ‌് മേപ്പാടിയിൽനിന്നും  ഒരു തിരിച്ചുവരവിന്റെ കഥ. പതിവുപോലെ  ഓഫീസിലെ ദൈനംദിനപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്ന  പഞ്ചായത്ത‌് പ്രസിഡന്റ‌് കെ കെ സഹദിന്റെ ഫോണിൽ ചൊവ്വാഴ‌്ച രാവിലെയാണ‌് ഒരു കോൾ വരുന്നത‌്.  ചെമ്പോത്തറയിലെ സാമൂഹികപ്രവർത്തക നജ‌്മയാണ‌് മറുതലക്കൽ. വിഷയം ഇതാണ‌് – -ചെമ്പൊത്തറ കോളനിയിലെ രണ്ട‌് കുട്ടികൾ സ‌്കൂളിൽ പോകാതെ വീട്ടിൽ തന്നെയിരിക്കുകയാണ‌്.  പറഞ്ഞിട്ട‌് അവർ അനുസരിക്കുന്നില്ല. 
മേപ്പാടി ഗവ. ഹൈസ‌്കൂളിലെ ഏഴാം ക്ലാസുകാരൻ ശരത്തും എട്ടാം ക്ലാസുകാരൻ വിഷ‌്ണുവമാണ‌് സ‌്കൂളിൽ പോകാതെ കോളനിയിൽ തന്നെ കഴിയുന്നത‌്. നജ‌്മ സ‌്കൂളിൽ പോകാൻ പറഞ്ഞപ്പോൾ ഒരാൾ കട്ടിലിനടിയിൽ ഒളിച്ചു. മറ്റൊരാൾ വീടിന‌് ചുറ്റും ഓടുകയാണ‌്. ഈ നിസ്സഹയാവസ്ഥയിൽ നിന്നായിരുന്നു നജ‌്മയുടെ കോൾ.
എന്താണ‌് അവരുടെ പ്രശ‌്നം എന്ന‌് ആരാഞ്ഞ പ്രസിഡന്റിനോട‌് അങ്ങനെ പ്രത്യേകിച്ച‌് ഒരു കാരണവുമില്ലെന്നായി മറുപടി. താൽപ്പര്യമില്ലാത്ത സ‌്കൂൾ. അതുതന്നെയാണ‌് പ്രശ‌്നം. പ്രസിഡന്റ‌് അവരോട‌് ഫോണിൽ നേരിട്ട‌് സംസാരിച്ചുനോക്കിയിട്ടും യാതൊരു മാറ്റവുമില്ല. ഒടുവിൽ രണ്ടുപേരോടും പഞ്ചായത്ത‌് ഓഫീസിൽ എത്താൻ അഭ്യർഥിച്ചു. അതിനായി നജ‌്മയെ ചുമതലപ്പെടുത്തുകയും ചെയ‌്തു. സ‌്കൂളിലേക്കല്ല എന്ന‌് പറഞ്ഞതോടെ അവർ വസ‌്ത്രം മാറി പുറപ്പെട്ടു. പഞ്ചായത്ത‌് ഓഫീസിൽ എത്തിയ ശരതിനെയും വിഷ‌്ണുവിനെയും പ്രസിഡന്റിന്റെ ക്യാബിനിലേക്ക‌് കൊണ്ടുപോയി ഇരുത്തി. നല്ല തിരക്കുള്ള ദിവസം.  തിരക്കുകളും സന്ദർശകരും അവരുടെ ആവശ്യങ്ങളും കേട്ട‌് രണ്ട‌് മണിക്കൂറോളം അവർ അവിടെയിരുന്നു.   അപരിചിതത്വം മാറിയതോടെ പലപ്പോഴായി വിശേഷങ്ങൾ പങ്കുവെച്ചു. അവരുടെ കഥകളും
ശരത്തിന്റെ അമ്മ മരിച്ചുപോയതാണ‌്. അച്ഛൻ എവിടെയാണെന്ന‌് അറിയില്ല. കുറെ മുമ്പ‌് ഗോവയിൽ ജോലിക്ക‌് എന്ന‌് പറഞ്ഞ‌് പോയതാണത്രെ. തനിക്ക‌് എത്ര സഹോദരങ്ങളുണ്ടെന്ന‌് പോലും ഈ ബാലനറിയില്ല.    ഈ അനാഥത്വത്തിൽ  നിന്നാണ‌് ശരത‌് അന്തർമുഖതയിലേക്കും  ഒതുങ്ങിക്കൂടലിലേക്കും തിരിഞ്ഞത‌്.  വിഷ‌്ണുവിന്റെ അവസ്ഥയും മറ്റൊന്നല്ല.  അച്ഛൻ ജീവിച്ചിരിപ്പില്ല. അമ്മ ശാരദ കൂലിപ്പണിക്കു പോയിട്ടാണ് കുടുംബം പോറ്റുന്നത്. അഞ്ചാം ക്‌ളാസ്സിൽ പഠനം നിർത്തിയ മൂത്ത സഹോദരൻ കണ്ണനും കൂലിപ്പണിക്കു പോകുന്നു. ഒരു ചേച്ചിയുമുണ്ട്.
ഉച്ചയായതോടെ പഞ്ചായത്ത‌് വാഹനത്തിൽ   ഊണ‌് കഴിക്കാൻ പ്രസിഡന്റിന്റെ കൂടെ പുറത്തേക്ക‌്. ടൗണിലെ നല്ലൊരു ഹോട്ടലിൽ അവർക്ക‌് ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങി നൽകി. പിന്നെ പഞ്ചായത്ത‌് വാഹനത്തിൽ  ഒരു കറങ്ങൽ. വിഷ‌്ണുവിന‌് ഫുട‌്ബോൾ കളിക്കാൻ താൽപ്പര്യമുണ്ട‌്. അതുകൊണ്ട‌് ഒരു ഫുട‌്ബോളും വാങ്ങി നൽകി. അത്യാവശ്യം വേണ്ട മറ്റ‌് ചില സാധനങ്ങളും.  തിരികെ പഞ്ചായത്ത‌് എത്തിയപ്പോൾ ശരതും വിഷ‌്ണുവും ഉറച്ച തീരുമാനത്തിലായിരുന്നു. 
‘സാറെ, ഞങ്ങൾ ഇനി എന്തായാലും ഇനി സ‌്കൂളിൽ പോകും. ഞങ്ങൾ വന്നിട്ടില്ലെങ്കിൽ പൊലീസിനെ വിട്ടോ.’ 
പിന്നെ പ്രസിഡന്റിനൊപ്പം തന്നെ സ‌്കൂളിലേക്ക‌് പോയി. അവിടെ അധ്യാപകർ രണ്ടുപേരെയും സ‌്നേഹത്തോടെ സ്വീകരിച്ചു. പഞ്ചായത്ത‌് നടപ്പിലാക്കുന്ന
സോക്കർമാനിയ ഫുട‌്ബോൾ ടീമിൽ വിഷ‌്ണുവിനെ ഉൾപ്പെടുത്തുമെന്നും പ്രസിഡന്റ‌് അറിയിച്ചു. രണ്ടുപേരും വൈകീട്ട‌് വരെ ക്ലാസിലിരുന്നു. 
ബുധനാഴ‌്ചയും വ്യാഴാഴ‌്ചയും രാവിലെ നജ‌്മ പ്രസിഡന്റിനെ വിളിച്ചു പറഞ്ഞു. ‘പ്രസിഡന്റേ.. ശരതും വിഷ‌്ണുവും ഇന്നും സ‌്കൂളിൽ പോയിട്ടുണ്ട‌്ട്ടോ...’

 

പ്രധാന വാർത്തകൾ
 Top