13 December Friday

മൊബൈൽ ടവറുകളിലെ ബാറ്ററി മോഷണം: മൂന്നുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

 

ബത്തേരി
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മൊബൈൽ ടവറുകളിലെ ബാറ്ററികൾ മോഷ്ടിച്ച സംഘത്തിലെ മൂന്ന‌് പേർ ബത്തേരി പൊലീസിന്റെ പിടിയിലായി. തോമാട്ടുചാൽ കടൽമാട‌് സ്വദേശികളായ മാഞ്ചേരി പത്തായപ്പുക്കൽ സലിം(40), മാഞ്ചേരി പത്തായപ്പുക്കൽ റഷീദ‌് (37), ചേരപ്പറമ്പിൽ സജിൽ(30) എന്നിവരാണ‌് പിടിയിലായത‌്. പ്രതികളിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടവറുകളിൽ നിന്നും മോഷണം പോയ 20 ബാറ്ററി സെല്ലുകൾ കൽപ്പറ്റക്കടുത്തുള്ള ആക്രിക്കടയിൽ നിന്നും പൊലീസ‌് കണ്ടെടുത്തു. ഇതിന‌് രണ്ടര ലക്ഷത്തോളം രൂപ വില വരും. ബത്തേരിക്കടുത്തുള്ള പൂതിക്കാട്ടെ ബിഎസ‌്എൻഎല്ലിന്റെയും ഐഡിയയുടെയും 47 ബാറ്ററികൾ മോഷണം പോയ സംഭവത്തിൽ നടന്ന അന്വേഷണത്തിലാണ‌് പ്രതികളെ കണ്ടെത്താനായത‌്. 
ഞായറാഴ‌്ച രാത്രി അമ്പലവയൽ പൊലീസ‌് സ‌്റ്റേഷൻ അതിർത്തിയിലെ  മാടക്കരയിലുള്ള മൊബൈൽ ടവറിന്റെ ലോക്ക‌് പൊളിച്ച‌് ബാറ്ററികൾ മോഷ്ടിക്കാൻ ശ്രമിക്കവെ മൊബൈൽ ഫോണിൽ ടെക‌്നീഷ്യന‌് അലാം ലഭിച്ചു. ടെക‌്നീഷ്യൻ ഉടൻ ടവറിനടുത്ത‌് എത്തിയപ്പോൾ പ്രതികൾ ബാറ്ററികൾ ഒമിനി വാനിൽ കടത്തിക്കൊണ്ടു പോകുന്നത‌് ശ്രദ്ധയിൽപ്പെട്ടു. ഒമിനി വാനിന്റെ നമ്പർ തിരിച്ചറിഞ്ഞ‌് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ‌് വാഹനത്തിന്റെ ആർസി ഉടമയായ റഷീദിനെ കസ‌്റ്റഡിയിലെടുത്തത‌്. ഇയാളിൽ നിന്നും ലഭിച്ച മൊഴിയിൽ നിന്നാണ‌് കൂട്ടുപ്രതികളായ സലീമിനെയും സജിലിനെയും തിരിച്ചറിഞ്ഞ‌് പിടികൂടിയത‌്. സലീം റഷീദിന്റെ സഹോദരനാണ‌്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ കോഴിക്കോട‌് മാവൂർ റോഡ‌്, തൃശൂർ ടോൾപ്ലാസക്ക‌് സമീപം, ഇടുക്കി, കാസർകോട‌് നീലേശ്വരം എന്നിവിടങ്ങളിലുള്ള ഓരോ ടവറുകളിൽ നിന്നും മൂവാറ്റുപുഴ, അമ്പലവയൽ, മേപ്പാടി, ബത്തേരി എന്നിവിടങ്ങളിലെ രണ്ട‌് വീതം ടവറുകളിൽ നിന്നും ബാറ്ററികൾ മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചു. മോഷ്ടിക്കുന്ന ബാറ്ററികൾ കൽപ്പറ്റക്കടുത്ത എടപ്പെട്ടിയിലെ നാസറിന്റെ ആക്രിക്കടയിലാണ‌് വിറ്റിരുന്നത‌്. പ്രതികൾ പിടിയിലായതോടെ നാസറും ഒളിവിലാണ‌്. കെഎൽ 10 എകെ 21 നമ്പർ ഒമിനി വാഹനത്തിൽ സഞ്ചരിച്ചാണ‌് പ്രതികൾ സ്ഥിരമായി ബാറ്ററി മോഷണം നടത്തിയത‌്. വാഹനം പൊലീസ‌് കസ‌്റ്റഡിയിലാണ‌്. ബത്തേരി ജെഎഫ‌്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ‌് ചെയ‌്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top