12 November Tuesday

മാനന്തവാടി കോളേജിലെ കെഎസ്‌യു, എംഎസ്‌എഫ്‌ നേതാക്കളെ കഞ്ചാവുമായി പിടികൂടി; നടപടി വേണമെന്ന്‌ എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019
മാനന്തവാടി > വയനാട് എൻജിനീയറിങ് കോളേജിൽ കെഎസ്‌യു, എംഎസ്എഫ്  നേതാക്കളെ കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ   അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എഞ്ചിനിയറിംങ്ങ് കോളേജിലെ യുഡിഎസ്എഫിന്റെ നേതാക്കൻമാരായ എംജി അർജുൻ, കെ നിഖിൽ, രാഹുൽ ,സൂരജ്, ശ്രീരാജ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
 
കോളേജ്‌ അധികൃതരും എക്സൈസ് ഡിപ്പാർട്ട് മെന്റും ഇക്കാര്യത്തിൽ തുടരുന്ന നിസ്സംഗത പ്രതിഷേധാർഹമാണ്‌.  എൻജിനീയറിങ്ങ് കോളേജിലെ ബോയ്സ് ഹോസ്റ്റലിലും കോളേജിലെ യുഡിഎസ്എഫ് നിയന്ത്രണത്തിലുള്ള സ്വകാര്യ ഹോസ്റ്റലിലും  കഞ്ചാവ് മയക്ക് മരുന്ന് മാഫിയകൾ പ്രവർത്തിക്കുന്നുണ്ട്‌.  ഇക്കാര്യം  അധികൃതരുടെയും  പൊലീസ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ പെട്ടിട്ടും നടപടി ഉണ്ടാവാത്തത്‌  കോളേജ് അധികൃതർക്കും മയക്ക് മരുന്ന് മാഫിയയുമായി രഹസ്യ  ബന്ധമുണ്ടെന്ന്  സംശയം ജനിപ്പിക്കുന്നതാണ്. ഇതിന് മുൻപും ഇവിടങ്ങളിൽ നിന്നും കഞ്ചാവ് ഉൾപ്പെടെയുള്ള മാരക ലഹരി പദാർഥങ്ങൾ പിടികൂടിയിട്ടുണ്ട് ഇത്തരക്കാരായ ക്രിമിനലുകളുടെ നേതൃത്വത്തിലാണ് കോളേജിൽ എല്ലാ വിധ അരാചകത്വ പ്രവണതകളും അരങ്ങേറുന്നത്.
 
എൻജിനിയറിങ്ങ് കോളേജിൽ നിരന്തരമായുണ്ടാവുന്ന വിദ്യാർഥി സംഘർഷങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതും ഈ സംഘം തന്നെയാണ്. ഇത്തരക്കാരെ സംരക്ഷിച്ചു നിർത്തുന്നതല്ലാതെ കുറ്റക്കാർക്കെതിരെ  ഒരു ശിക്ഷാ നടപടിയും കോളേജിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.  ഹോസ്റ്റൽ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മയക്ക് മരുന്ന് മാഫിയക്കെതിരെ ഉന്നതല അന്വേഷണം പ്രഖ്യാപിക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും എസ് എഫ് ഐ ജില്ലാ കമ്മറ്റി പ്രസ്‌താവനയിൽ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top