19 February Tuesday

വാസയോഗ്യമല്ലാതായത് 676 ഏക്കറിലധികം ഭൂമി

പി ഒ ഷീജUpdated: Thursday Sep 13, 2018

 

കൂറ്റൻ പാറക്കഷ്ണങ്ങളും മണ്ണുംവടവൃക്ഷങ്ങളുമായി കുത്തിയൊലിച്ചെത്തിയ മല വെള്ളപ്പാച്ചിലിൽ വൈത്തിരിക്ക് നഷ്ടമായത് ഒരു ജീവൻ മാത്രമല്ല. നിരവധി കുടുംബങ്ങളുടെ വാസസ്ഥലം കൂടിയാണ്. ടൗണിലെ അയ്യപ്പൻകുന്ന് നാല് സെന്റ് കോളനിയിൽ ഉരുൾപൊട്ടലിൽ വഴിയാധാരമായത് 26 കുടുംബങ്ങളാണ്.   കോളനിയിലെ ജോർജിന്റെ ഭാര്യ ലില്ലി ഉരുൾപൊട്ടലിൽ മരിച്ചതും തീരാനോവായി. വാസുവും ഭാര്യ ദേവുവും പാണ്ഡിയമ്മയും വേൽമുരുകനുമെല്ലാം ഇങ്ങനെ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ  എല്ലാം നഷ്ടമായവരാണ്. പ്രളയം ഒഴിഞ്ഞ വീടുകളിലേക്ക് മറ്റുള്ളവരെല്ലാം തിരിച്ചെത്തിയപ്പോൾ അറമലയിലെയും അയ്യപ്പൻകൊല്ലിയിലെയും നിരവധി കുടുംബങ്ങൾക്കും ആമനലകോളനിയിലെ ആദിവാസി കുടുംബങ്ങൾക്കും മടങ്ങാൻ ഇടമില്ലാതായി. വീണ്ടും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള ഈ പ്രദേശങ്ങളിലേക്ക് മടങ്ങരുതെന്ന് അധികൃതർ ഇവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി ഇവർ അഭയം തേടിയിരിക്കുകയാണ്. 
ഏറ്റവും കൂടുതൽ മഴ പെയ്ത ആഗസ്ത് എട്ടിന് രാത്രിയിലാണ് വൈത്തിരിയിലും പൊഴുതനയിലുമെല്ലാം വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. വൈത്തിരി പഞ്ചായത്തിൽ 50.69 ഏക്കർ ഭൂമി ഒലിച്ച് പോയതായി ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം സർക്കാരിന് സമർപ്പിച്ച റിപോർട്ടിൽ പറയുന്നു. വൈത്തിരിയിൽ 40 ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി 18.90 ഏക്കർ ഭൂമി വാസയോഗ്യമല്ലാതായി മാറി. 45 കുടുംബങ്ങളാണ് ഇതിന്റെ തിക്തഫലം അനുഭവിക്കുന്നത്. 16 ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. 31.37 ഏക്കർ ഭൂമി ഒലിച്ച് പോയി. രണ്ടിടങ്ങളിൽ ഭൂമി വിണ്ട് കീറി നിരങ്ങി നീങ്ങി. 80 ഓളം കുടുംബങ്ങളാണ് ഇതിന്റെ തിക്തഫലം അനുഭവിക്കുന്നത്.
അയ്യപ്പൻകുന്നിൽ ഉരുൾപൊട്ടി മൂന്ന് വീടുകൾ പൂർണമായും 23 വീടുകൾ ഭാഗീകമായും തകർന്നു. വൈത്തിരി പൊലീസ് സ്റ്റേഷന് പിന്നിൽ ഉരുൾപൊട്ടി. പൊലീസ് സ്റ്റേഷന് അകത്ത് കൂടി മണ്ണും ചെളിയും ഒഴുകി കെട്ടി കിടക്കുന്നു. കെട്ടിടം അപകടാവസ്ഥയിലാണ്. പാറയും മറ്റും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലായ പ്രദേശങ്ങൾ  ഇപ്പോഴും വാസയോഗ്യമല്ലെന്ന് ജില്ലാ മണ്ണ് സംരക്ഷണവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  സർക്കിൾ ഇൻസ്പെക്ടറുടെ  ക്വാർട്ടേഴ്സിലാണ് പൊലീസ് സ്റ്റേഷൻ നിലവിൽ  പ്രവർത്തിക്കുന്നത്. ലക്കിടി അറമല ലക്ഷം വീട് കോളനിയിലെ മണ്ണിടിച്ചിലാണ് പ്രദേശത്തെ ദുരന്തമേഖലയാക്കി മാറ്റിയത്.  അഞ്ച് വീടുകൾ  പൂർണമായും 22 വീടുകൾ ഭാഗീകമായും തകർന്നു. അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് നിന്ന് എല്ലാവരെയും മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ലക്കിടി ജിഎൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് അഞ്ച് കുടുംബങ്ങൾ താമസിക്കുന്നത്.
പൂക്കോട് ഡയറി പ്രോജക്ടിലെ ആനമല പട്ടിക വർഗ സെറ്റിൽമെന്റും പൂർണമായും തകർന്നു. 16 കുടുംബങ്ങൾ പൂക്കോട് മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് ഇപ്പോഴും കഴിയുന്നത്. താഴെ ആനമല കോളനിയിലെ ഒമ്പത് കുടുംബങ്ങളും ഭീഷണിയിലാണ് . ഇവരെ എത്രയും പെട്ടെന്ന് മാറ്റി പാർപ്പിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശമുണ്ട്.
 
പൊഴുതനയിൽ  
നഷ്ടമായത് 
283 ഏക്കർ ഭൂമി
പൊഴുതന പഞ്ചായത്തിൽ 283 ഏക്കർ ഭൂമിയാണ്  വാസയോഗ്യമല്ലാതായത്. 101 കുടുംബങ്ങളെയാണ് ഇത് ബാധിച്ചത്. അഞ്ചിടങ്ങളിൽ ഉരുൾപൊട്ടലും 11 ഇടങ്ങളിൽ മണ്ണിടിച്ചിലും സംഭവിച്ചതായാണ് റിപോർട്ട്. കുറിച്യർമല, സുഗന്ധഗിരി, അമ്മാറ, സേട്ട്കുന്ന്, മേൽമുറി, അച്ചൂരാനം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഉരുൾപൊട്ടി ഭൂമി ഛിന്നഭിന്നമായി. കുറിച്യർമല എസ്റ്റേറ്റിൽ 150 ഏക്കർ ഭൂമിയാണ് ഒലിച്ച് പോയത്. 17 കുടുംബങ്ങളുടെ ഭൂമി വാസയോഗ്യമല്ലാതായി. കൃഷിക്കും അനുയോജ്യമല്ലാതായി. അമ്മാറയിൽ വിവിധ ഇടങ്ങളിലായി ഉരുൾപൊട്ടി എട്ടേക്കറോളം ഭൂമി നഷ്ടമായി. ആദിവാസി പുനരധിവാസകേന്ദ്രമായ സുഗന്ധഗിരിയിൽ കൂപ്പ്, ചെന്നായകവല, മൂന്നാം യൂണിറ്റ്, ഏഴാം യൂണിറ്റ്, അഞ്ചേക്കർ പ്ലാന്റേഷൻ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കനത്ത മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി കൃഷി ഭൂമി  ഇല്ലാതായി.
തവിഞ്ഞാൽ പഞ്ചായത്തിൽ 119 ഏക്കർ ഭൂമിയാണ് വാസയോഗ്യമല്ലാതായത്. എട്ടിടങ്ങളിൽ ഉരുൾപൊട്ടി 57 ഏക്കർ ഭൂമി ഒലിച്ച് പോയതായി ജില്ലാ മണ്ണ് സംരക്ഷണവിഭാഗം റിപോർട്ട് ചെയ്യുന്നു. രണ്ടിടങ്ങളിൽ മണ്ണിടിച്ചിൽ സംഭവിച്ചു. മണ്ണ് വിണ്ട് കീറി നിരങ്ങി നീങ്ങി 58 ഏക്കർ കൃഷി ഭൂമി വാസയോഗ്യവും കൃഷി യോഗ്യവും അല്ലാതായി. മക്കിമലയിൽ മണ്ണിടിച്ചിലിൽ 20 ഏക്കർ ഭൂമിയാണ് നഷ്ടമായത്. ബോയ്സ് ടൗൺ നാലാം മൈലിൽ 18 ഏക്കറും  ഗോദാവരി കോട്ടക്കുന്ന് കോളനിയിൽ 15 ഏക്കറും ഉദയഗിരിക്കുന്നിൽ വിള്ളൽവീണ് 15 ഏക്കറും തലപ്പുഴ ടൗൺ തേയില എസ്റ്റേറ്റിൽ രണ്ടേക്കറും പണിച്ചിപ്പാലത്തിൽ വിള്ളലുണ്ടായി അഞ്ചേക്കറും നശിച്ചു. കൈപ്പഞ്ചേരിയിൽ 12 ഏക്കറും മാവിലവീട്ടിൽ അഞ്ച് ഏക്കറും ശിവഗിരികുന്നിൽ അഞ്ച് ഏക്കറും  നഷ്ടമായിട്ടുണ്ട്.
 മാനന്തവാടി പഞ്ചാരക്കൊല്ലിയിലും കൽപ്പറ്റ നഗരത്തിലെ റാട്ടക്കൊല്ലി മലയിലും ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താരതമ്യേന ചെറുതും വലുതുമായ നിരവധി മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഭൂമി വിണ്ട് കീറി നിരങ്ങി നീങ്ങിയ പ്രതിഭാസവും ഉണ്ടായിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top