16 December Monday

അക്രമികൾക്കെതിരെ ശക്തമായ നടപടി വേണം: ഭരണസമിതി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 

ബത്തേരി
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈററി മലബാർ മീറ്റ് ഫാക്ടറിക്കെതിരെ നടന്ന അക്രമത്തിലും വനിതാ ജീവനക്കാരിയെ വീട്ടിൽക്കയറി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലും അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന‌്   ഭരണ സമിതി ആവശ്യപ്പെട്ടു. പൊലിസ‌് സമയോചിതമായി ഇടപെട്ടതിനാലാണ‌് കൂടുതൽ അനിഷ‌്ടസംഭവങ്ങൾ ഒഴിഞ്ഞത‌്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബ്രഹ്മഗിരിയിലെ മാലിന്യ പ്രശ്നം പ്രദേശത്ത് പ്രയാസങ്ങൾ ഉണ്ടാക്കുന്നു എന്ന ആക്ഷേപം ഉന്നയിച്ച് ഒരു കൂട്ടം ആളുകൾ ബ്രഹ്മഗിരിക്കെതിരെ കുപ്രചാരണങ്ങൾ നടത്തിവരികയാണ്. രാത്രികാലങ്ങളിൽ ഫാക്ടറിയിൽ എത്തി തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും ഉണ്ടായി.  ഇത് സംബന്ധിച്ച് അമ്പലവയൽ പൊലിസിൽ പരാതി നൽകിയിരുന്നു.  
സർക്കാരിന്റേയും, കർഷകരുടേയും, തൊഴിലാളികളുടേയും കൂട്ടായ നേതൃത്വത്തിലാണ‌് സ്ഥാപനം പ്രവർത്തിക്കുന്നത‌്. മലബാർ മീറ്റ് മാംസ സംസ്ക്കരണ ശാല  അനുദിനം പുരോഗതിയിലാണ‌്. 22 കോടി രൂപ ചെലവിൽ നിർമിച്ച  കേരളത്തിലെ ഏറ്റവും ആധുനിക സംവിധാനത്തോടെയുള്ള  മാംസ സംസ്ക്കരണ ശാലയാണിത‌്. വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലായി 110  ഔട്ട‌് ലെറ്റുകളിലൂടെ മാംസോൽപ്പന്നങ്ങൾ  വിപണനം നടത്തിവരുന്നു. 
സീറോ വേസ്റ്റ് മാനദണ്ഡപ്രകാരം  പ്രവർത്തിക്കുന്ന ബ്രഹ്മഗിരി മലബാർ മീറ്റ് രാജ്യത്തെ ഏറ്റവും മാതൃകാപരമായ മാംസ സംസ്ക്കരണ പ്ലാന്റാണ്.   പ്ലാന്റിലെ മലിന ജലം എഫ്ളുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റിൽ സംസ്ക്കരിച്ച് കൃഷിക്കും, ക്ലീനിങ്  ആവശ്യങ്ങൾക്കും ഉപയോഗിക്കുകയാണ്.  ഫാക്ടറിക്ക‌്പുറത്ത് മലിന ജലം ഒഴുക്കുന്നുവെന്നത് തെറ്റായ ആരോപണമാണ്. മലബാർ മീറ്റ് പ്ലാന്റ് എല്ലാവർക്കും സന്ദർശിച്ച് വസ്തുതകൾ മനസ്സിലാക്കാനാവുന്ന പൊതുസ്ഥാപനമാണ്.   ഒരു സംഘം ആളുകൾ നടത്തുന്ന  ആക്രമണങ്ങൾ സൊസൈറ്റിയുടെ  പ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നു.   ബ്രഹ്മഗിരിയുടെ സ്വത്തിനും ജീവനക്കാർക്കും  എതിരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം.  അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായ  മന്ത്രി, ജില്ലാ കലക്ടർ, ജില്ലാ പൊലീസ‌് മേധാവി എന്നിവർക്ക് ഭരണസമിതി കത്തയച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top