16 August Sunday
കത്തി നശിച്ചത്‌ ‘എർഗോ ഫോം’ ഫാക്ടറി

കിൻഫ്ര അഗ്നിബാധ: 10 കോടിയുടെ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

കത്തിനശിച്ച എർഗോ ഫോം ഫാക്ടറി

കൽപ്പറ്റ
കിൻഫ്ര വ്യവസായ പാർക്കിൽ ബുധനാഴ്‌ച രാത്രിയുണ്ടായ അഗ്നിബാധയിൽ ‘എർഗോ ഫോം’ യൂണിറ്റ്‌ പൂർണമായും കത്തിനശിച്ചു. 10 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി  ഉടമകൾ പറഞ്ഞു. രാത്രി 8.30ഓടെയുണ്ടായ അഗ്നിബാധ 12.30ഓടെയാണ്‌ നിയന്ത്രണവിധേയമായത്‌. അഗ്നിശമന സേനയുടെ 13 യൂണിറ്റുകൾ നാല്‌ മണിക്കൂറെടുത്താണ്‌ തീ അണച്ചത്‌. ഷോർട്ട്‌ സർക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമീക നിഗമനം. തൃശ്ശൂർ ഫയർഫോഴ്‌സ്‌ അക്കാദമിയിലെ വിദഗ്‌ധർ വെള്ളിയാഴ്‌ച പരിശോധന നടത്തും.
സ്‌റ്റോറിനോട്‌ ചേർന്നാണ്‌  തൊഴിലാളികൾ തീ കണ്ടത്‌.  മിനുട്ടുകൾക്കകം ഫാക്ടറി പൂർണമായും അഗ്നി വിഴുങ്ങി. ഫാക്ടറിയോട്‌ ചേർന്ന്‌ നിർത്തിയിട്ടിരുന്ന  മൂന്ന്‌ ലോറികളും കത്തി. ഒന്ന്‌ പൂർണമായും നശിച്ചു. മറ്റ്‌ രണ്ട്‌ ലോറികൾക്കും തീപിടിച്ചു. ഇതിലൊന്നിൽ ലോഡ്‌ കയറ്റി നിർത്തിയതായിരുന്നു. ലോഡുൾപ്പെടെ  കത്തി. അഗ്നിശമന സേന സാഹസീകമായി വെള്ളം  ചീറ്റിയാണ്‌  മറ്റ്‌ കെട്ടിടങ്ങളിലേക്ക്‌ തീ പടരുന്നത്‌ ഒഴിവാക്കിയത്‌. 
ലക്ഷങ്ങൾ വിലവരുന്ന മെഷ്യനുകൾ, 2.5 കോടിയോളംവരുന്ന ഉൽപ്പന്നങ്ങൾ, അസംസ്‌കൃത വസ്‌തുക്കൾ എന്നിവയെല്ലാം അഗ്നിക്കിരയായി. മേൽക്കൂരയുടെ ടീൻ ഷീറ്റുകൾവരെ ഉരുകി വീണു. കെട്ടിടവും നശിച്ചു.
കിൻഫ്രയിൽ 2014ൽ സ്ഥാപിച്ച വ്യവസായ സ്ഥാപനമാണ്‌ ‘എർഗോ ഫോം’ യൂണിറ്റ്‌. കോഴിക്കോട്‌ സ്വദേശികളായ പി വി ഇമ്പിച്ചാമു, അഹമ്മദ്‌ നിസാർ എന്നിവരാണ്‌ ഉടമകൾ. 67 സെന്റിലായാണ്‌ ഫാക്ടറിയുള്ളത്‌. വിവിധ കമ്പനികളുടെ കിടക്കകൾ,  സോഫകൾ, കസേരകൾ, മറ്റുഫർണിച്ചറുകൾ എന്നിവക്കെല്ലാംവേണ്ട ഫോമുകളാണ്‌(സ്‌പോഞ്ച്‌) ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്നത്‌. സംസ്ഥാനത്തിനകത്തും പുറത്തും ഉൽപ്പന്നങ്ങൾ വിതരണം ചെയ്‌തിരുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്നുമാണ്‌ അസംസ്കൃത വസ്‌തുക്കൾ കൊണ്ടുവന്നിരുന്നത്‌. ഉൽപ്പന്ന നിർമാണത്തിനുള്ള വിലപിടിപ്പുള്ള കെമിക്കലുകളടക്കം നശിച്ചു. 
അഗ്നിശമന സേനയുടെ കൽപ്പറ്റ, ബത്തേരി, മാനന്തവാടി, മുക്കം, വെള്ളിമാടുകുന്ന്‌ സ്‌റ്റേഷനുകളിൽനിന്നുള്ള യൂണിറ്റുകളാണ്‌ തീ അണക്കാനെത്തിയത്‌. കോഴിക്കോട്‌ റിജ്യണൽ ഫയർ ഓഫീസർ അബ്ദുൾ റഷീദ്‌ സ്ഥലതെത്തി പരിശോധന നടത്തി. കൽപ്പറ്റ സ്‌റ്റേഷൻ ഓഫീസർ കെ എം ജോമി വ്യാഴാഴ്ചയും സ്ഥലം പരിശോധിച്ച്‌ ഉന്നത ഉദ്യോഗസ്ഥർക്ക്‌ റിപ്പോർട്ട്‌ നൽകി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top