20 September Friday

വിട്ടകലാത്ത ഭീതിയുമായി അവർ നെഞ്ചോട്‌ ചേർത്ത്‌ നന്മമനസുകൾ

സ്വന്തം ലേഖകൻUpdated: Monday Aug 12, 2019

 

 
മേപ്പാടി
കാണാതായവർക്കായി കാത്തിരിക്കുന്ന കുടുബാംഗങ്ങൾ... ഇപ്പോഴും  തോരാത്ത കണ്ണീരുമായി മുതിർന്നവർ.. ഉറക്കത്തിൽ ഞെട്ടലോടെ ഉണർന്ന്‌ കരയുന്ന കുട്ടികൾ..... മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെ കാഴ്‌ചകൾ ഇങ്ങനെ...
ഇന്നേവരെ കാണാത്ത പ്രകൃതിദുരന്തം ജീവിതം കശക്കിയെറിഞ്ഞവരെ കൊണ്ട്‌ നിറഞ്ഞിരിക്കയാണ്‌  മേപ്പാടിയിലെ എല്ലാ സ്‌കൂളുകളും. അവരെയെല്ലാം നിറഞ്ഞ സ്‌നേഹത്തോടെ നെഞ്ചോട്‌ ചേർക്കുകയാണ്‌ നാടൊന്നാകെ.  സർക്കാർ സംവിധാനങ്ങളും പൊതുപ്രവർത്തകരും സന്നദ്ധ സംഘടനകളും ദൂരെനിന്നടക്കം എത്തുന്ന നന്മ മനസുകളുമാണ്‌ ഇവരിൽ പ്രതീക്ഷയും ആശ്വാസവും നിറക്കുന്നത്‌.  
ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, സെന്റ്‌ ജോസഫ്‌സ്‌ യുപി സ്‌കൂൾ, ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂൾ, മൗണ്ട്‌ താബോർ ഇംഗ്ലീഷ്‌ സ്‌കൂൾ, എച്ച്‌എംഎൽ  ആശുപത്രി, നെല്ലിമുണ്ട മദ്രസ എന്നിവിടങ്ങളിലാണ്‌ ക്യാമ്പുകളുള്ളത്‌.  3000 േപരാണ്‌ ഇവിടങ്ങളിൽ കഴിയുന്നത്‌. ആദ്യഘട്ടത്തിൽ  ഉരുൾപൊട്ടൽ നേരിട്ട പുത്തുമല, പച്ചക്കാട്‌ എന്നിവിടങ്ങളിലുള്ളവരായിരുന്നു ക്യാമ്പിൽ എത്തിയത്‌. നിലക്കാത്ത മഴ ഭീഷണിയായതോടെ  സി കെ ശശീന്ദ്രൻ എംഎൽഎയുടെയും സബ്‌ കലക്ടർ എൻ എസ്‌ കെ ഉമേഷിന്റെയും നേതൃത്വത്തിൽ ചൂരൽമലയിലുള്ളവരെ അടക്കം സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറാൻ നിർബന്ധിച്ചു.  ഇവരെല്ലാം മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ്‌ കഴിയുന്നത്‌.   കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ ഇതിലുൾപ്പെടുന്നുണ്ട്‌. ഇവർക്കെല്ലാം മതിയായ പരിചരണവും സഹായവും പരിമിതിക്കൾക്കത്ത്‌ നിന്ന്‌ പരമാവധി നിർവഹിക്കുകയാണ്‌  സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും. പരസ്‌പര സഹായത്തിനായി എല്ലാവിധ അഭിപ്രായഭിന്നതകളും മറന്നുള്ള പ്രവർത്തനം.
ഉരുൾപൊട്ടൽ നേരിട്ട്‌ അനുഭവിച്ചവർ ആ ആഘാതത്തിൽ നിന്നും ഇനിയും മോചിതരല്ല. അവരുടെ മുഖത്തും സംസാരങ്ങളിലും ഇപ്പോഴും ഭീതി നിഴലിക്കുകയാണ്‌. ദുരന്തമല്ലാതെ മറ്റൊന്നും സംസാരിക്കാനില്ലാത്തതുപോലെ.  അതിൽനിന്നും അവരെ മോചിപ്പിക്കുന്നതിന്‌  ചിലയിടങ്ങളിൽ കൗൺസിലിങും ചിലർ നടത്തുന്നുണ്ട്‌. പകൽ സമയങ്ങളിൽ നിശബ്ദരായിരിക്കുന്ന കുട്ടികളെ കളികളിൽ ഏർപ്പെടാനും പാട്ടുപാടിക്കാനും ചിലർ ശ്രമിക്കുന്നു.  ചെറുതല്ലാത്ത ആശ്വാസമാണ്‌ അവർക്ക്‌ ഇതുമൂലം ലഭിക്കുന്നത്‌. ക്യാമ്പുകളിലേക്ക്‌ ജില്ലക്ക്‌ പുറത്തുനിന്നടക്കം സഹായഹസ്‌തങ്ങൾ എത്തുന്നുണ്ട്‌. അവയെല്ലാം താലൂക്ക്‌ അധികൃതരും പഞ്ചായത്ത്‌ അധികൃതരും കൈപ്പറ്റി ഓരോ കേന്ദ്രങ്ങളിലേക്കും എത്തിക്കുകയാണ്‌. 
 
പ്രധാന വാർത്തകൾ
 Top