27 June Thursday

കാലവർഷം കനക്കുന്നു

സ്വന്തം ലേഖകൻUpdated: Wednesday Jun 12, 2019

 മാനന്തവാടി

ജില്ലയിലും കാലവർഷം കനത്തു. മൂന്ന‌് ദിവസമായി പരക്കെ മഴയാണ‌്. ചൊവ്വാഴ‌്ച്ച മഴ ശക്തമായിരുന്നു. മഴക്കൊപ്പം ആശങ്കയുമുണ്ട‌്. കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ ഭീതി മനസുകളിലുണ്ട‌്.  ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തുന്നുണ്ട‌്. മഴക്കൊപ്പം ചിലയിടങ്ങളിൽ കാറ്റുമുണ്ടായി. വെള്ളമുണ്ടയിൽ ഓട്ടോറിക്ഷക്ക‌് മുകളിൽ മരംവീണു. വേനലിൽ വറ്റിയ തോടുകളിലും അരുവികളിലും നീരൊഴുക്ക‌് തുടങ്ങി. ഇത്തവണ  സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ വേനൽ മഴ ജില്ലയിൽ ലഭിച്ചെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച‌് കുറവായിരുന്നു. വേനൽമഴ കുറഞ്ഞതും കാലവർഷം എത്താൻ വൈകിയതും ജലദൗർലഭ്യത്തിന‌ും ഇടയാക്കി. മഴപെയ്യാൻ തുടങ്ങിയതോടെ ജലക്ഷാമത്തിന‌് പരിഹാരമായി. ഇത്തവണ മാർച്ച‌് മുതൽ മെയ‌് വരെയുള്ള കാലയളവിൽ ജില്ലയിൽ 264.3 മില്ലീമീറ്റർ മഴയാണ‌് ലഭിച്ചത‌്. 2018 മെയിൽമാത്രം  267 മില്ലീമീറ്റർ മഴ ലഭിച്ചിരുന്നു.  ഇത്തവണ  പ്രതീക്ഷിത മഴയേക്കാൾ രണ്ടുശതമാനം  വർധനയുണ്ടായി.
കഴിഞ്ഞ വർഷം ജില്ലയിൽ കാലവർഷത്തിൽ റെക്കോർഡ‌് മഴയായിരുന്നു.  ഒപ്പം തീരാദുരിതങ്ങളും പ്രളയം നൽകി. 3067 മില്ലീമീറ്റർ മഴയാണ‌്   കാലവർഷത്തിൽ പെയ‌്തത‌്. ജൂണിൽ 817 മില്ലീമീറ്ററും ജൂലൈയിൽ 1089 മില്ലീമീറ്ററും ആഗസ‌്തിൽ 1053 മില്ലീമിറ്ററും മഴ ലഭിച്ചു.  സെപ‌്തംബറിലാണ‌് മഴ പിന്നോട്ടടിച്ചത‌്. 2017ൽ  1651 മില്ലീമീറ്ററും 2016ൽ 1072മില്ലീമീറ്ററും 2015ൽ 1581മില്ലീമീറ്ററും 2014ൽ 2558 മില്ലീമീറ്ററും മഴയാണ‌് കാലവർഷത്തിൽ ജില്ലക്ക‌് ലഭിച്ചത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top