29 May Sunday

രുചിയേറെ, വില കുറവ് ...
വയറും മനസ്സും നിറയ്‌ക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

മേപ്പാടിയിലെ ജനകീയ ഹോട്ടൽ

മേപ്പാടി
    " എല്ലാ ദിവസവും ജനകീയ ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. 20 രൂപയ്ക്ക് ഇത്രയും നല്ല ഭക്ഷണം വേറെ എവിടെ കിട്ടാനാണ്‌ ’.  മേപ്പാടിയിൽ ഡിടിപി വർക്ക് ചെയ്യുന്ന അജീഷിന്റെ  ഈ വാക്കുകൾ തന്നെയാണ്  മേപ്പാടി ജനകീയ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എല്ലാവരുടെയും അഭിപ്രായം.  മേപ്പാടിയിലെ ജനകീയ ഹോട്ടൽ ജനകീയമായത് 20 രൂപയ്ക്ക് ഭക്ഷണം നൽകുന്നതുകൊണ്ട് മാത്രമല്ല , രുചിയുള്ള ഭക്ഷണം കഴിച്ചതിന്റെ  സംതൃപ്തിയും സന്തോഷവും കൊണ്ടാണ്. മേപ്പാടിയിലെത്തിയാൽ കുറഞ്ഞ ചെലവിൽ നല്ല ഊണും കഴിച്ച് വയറും മനസ്സും നിറഞ്ഞ് ഹോട്ടലിൽനിന്ന് പുറത്തിറങ്ങാം. 
    സാമ്പാർ, മീൻകറി, ഉപ്പേരി അല്ലെങ്കിൽ കൂട്ടുകറി, അച്ചാർ എന്നിവയാണ് ചോറിന്  കൂടെ  ലഭിക്കുക.  ഊണിന് പുറമേ തേങ്ങാച്ചോറും ചിക്കൻ, ബീഫ് ബിരിയാണിയും  ഹോട്ടലിൽ ലഭ്യമാകും. ഏഴ് കുടുംബങ്ങൾക്ക് കരുത്താകുന്നതും ഈ ഹോട്ടലാണ്.  ദിവസവും 200 മുതൽ 300 വരെ  ഭക്ഷണം നൽകുന്നുണ്ട്. 50 മുതൽ 70 വരെ പാഴ്സലായും ഭക്ഷണം നൽകുന്നു. ഹോട്ടൽ തുടങ്ങിയത് മുതൽ മേപ്പാടി ടൗണിലെ ഭിന്നശേഷിക്കാരനായ മധ്യവയസ്‌കനും,  ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് വരുന്ന നിർധനരായവർക്കും സൗജന്യഭക്ഷണം നൽകുന്നുണ്ട്. മേപ്പാടി പോളിടെക്നിക് കോളേജിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ആശ്വാസകരമാണ് ജനകീയ ഹോട്ടൽ. ഉച്ചയൂണിന്‌ പുറമേ വിദ്യാർഥികൾക്ക് രാത്രിയിലും 20 രൂപക്ക് ഭക്ഷണം നൽകുന്നുണ്ട്‌. 
   രാവിലെയും ഭക്ഷണം നൽകുന്നുണ്ട്. ടൗണിലെ വണ്ടിക്കാർ, കടകളിലെ തൊഴിലാളികൾ എന്നിവർക്കും വലിയ ആശ്വാസമാണ് ജനകീയ ഹോട്ടൽ. ജില്ലയിൽ തന്നെ ടൂറിസ്റ്റുകൾ കൂടുതലെത്തുന്ന മേപ്പാടിയിൽ ഹോട്ടൽ അന്വേഷിച്ചു കണ്ടെത്തി ഭക്ഷണം കഴിക്കുന്നവരും ഏറെ. ഡിവൈഎഫ്ഐക്ക് ആവശ്യമായ പൊതിച്ചോറും നൽകുന്നത് ഇവിടെ നിന്നാണ്. വെള്ളിയാഴ്ചകളിലാണ് കൂടുതൽ തിരക്ക്. രണ്ടു വർഷം തികയാനിരിക്കുന്ന ഹോട്ടലിൽ സ്ഥിരമായി വന്നു ഭക്ഷണം കഴിക്കുന്നവരും ഏറെ. വലിയ ഓർഡറുകളും എടുക്കുന്നുണ്ട്. 
   ‘‘ ജനങ്ങൾ സന്തുഷ്ടരാണ്, ഞങ്ങളും സന്തുഷ്ടരാണ്, കാശ് കുറവുള്ളതിന്റെ പേരിൽ  ആരും വിശന്നിരിക്കുന്നില്ലെന്ന് ഞങ്ങൾക്ക് ഉറപ്പിച്ചുപറയാനാകും’’–-ജനകീയ ഹോട്ടലിന്റെ  നടത്തിപ്പുകാരിൽ ഒരാളായ കനകലത പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top