17 September Tuesday

കൈനിറയെ കിട്ടി കോളനികളിലും ആഘോഷപ്പൊലിമ

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019

 

 
കൽപ്പറ്റ
ആദിവാസി ഊരുകളിലും ഓണത്തിന്‌  കുറവുകളൊന്നുമില്ല. സംസ്ഥാന സർക്കാരിന്റെ കരുതലിൽ കോളനികളിലും ഓണം സമൃദ്ധമാണ്‌. ഓണക്കോടിയും ഓണക്കിറ്റും വീടുകളിലെത്തിച്ചതോടെ ഇവരുടെ ആഘോഷവും സമ്പന്നമായി. വർഷക്കാലദുരിതവും നോവും മറന്ന്‌ ഗോത്രജനതയും ഓണലഹരിയിലാണ്‌.   പ്രളയദുരിതങ്ങൾ വളരെപ്പെട്ടെന്ന്‌ മറികടന്നാണ്‌ നാടിനെ സർക്കാർ ഓണോത്സവത്തിന്‌ ഒരുക്കിയത്‌.  ജില്ലയിൽ 51,532 പട്ടികവർഗ കുടുംബങ്ങൾക്ക്‌ സർക്കാർ ഓണക്കിറ്റും  19,537 പേർക്ക് ഓണക്കോടിയും നൽകി. കിറ്റിന്റെയും കോടിയുടെയും സംസ്ഥാനതല വിതരണോദ്‌ഘാടനവും കൽപ്പറ്റയിലായിരുന്നു.  ആദിവാസി സമൂഹവും പുതുവസ്‌ത്രങ്ങളിഞ്ഞ്‌  തിരുവോണത്തിന്‌ വയറുനിറയെ സദ്യയുണ്ണും. 
ഒമ്പത്‌ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെട്ട ഓണക്കിറ്റാണ്‌ ഓരോകുടുംബത്തിനും നൽകിയത്‌. 15 കിലോ ജയ അരി, 500 ഗ്രാംവീതം ചെറുപയർ, പഞ്ചസാര, വെല്ലം, 200 ഗ്രാം മുളകുപൊടി, അരലിറ്റർ വെളിച്ചെണ്ണ, ഒരു കിലോ ഉപ്പ്‌, 250 ഗ്രാം തുവരപ്പരിപ്പ്, 200 ഗ്രാം തേയില എന്നിവയാണ് ഓണക്കിറ്റിൽ നൽകിയത്‌. 768 രൂപയുടെ കിറ്റാണ്‌ നൽകിയത്‌. പുരുഷൻമാർക്ക് കസവുകരയുള്ള ഡബിൾ മുണ്ടും തോർത്തും സ്ത്രീകൾക്ക് കസവ്‌ സിംഗിൾ സെറ്റ് മുണ്ടുമാണ്‌ സർക്കാർ ഓണസമ്മാനമായി നൽകിയത്‌. ക്ഷേമപെൻഷൻ ലഭിച്ചതും ഇവരുടെ ആഘോഷത്തിന്റെ പൊലിമ വർധിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top