മാനന്തവാടി
വീടിനകത്തെ രോഗക്കിടക്കയിൽനിന്നുമവർ ആഘോഷങ്ങളുടെ നടുവിലേക്കിറങ്ങിവന്നു. പാട്ട് പാടിയും സദ്യയുണ്ടും ഓണം ആഘോഷിച്ചു. കൂട്ടായി വിദ്യാർഥികളും. മാനന്തവാടി നഗരസഭയിലെ കിടപ്പ് രോഗികൾക്കായി ജില്ലാ ആശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകരും മാനന്തവാടി പ്രസ് ഫോറവും ചേർന്ന് സംഘടിപ്പിച്ച ഓണാഘോഷം രോഗപീഡകളിൽ വീടിനകത്ത് ഒതുങ്ങേണ്ടിവന്നവർക്ക് പുറതെത്താനും ഓണസ്മൃതികളിലേക്കുള്ള തിരിച്ചുപോക്കിനും അവസരമായി.
മാനന്തവാടി ന്യൂമാൻസ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ പൂർണമായും കിടപ്പിലായ 15പേരുൾപ്പെടെ ജില്ലാ ആശുപത്രി പാലിയേറ്റീവിന് കീഴിൽ രജിസ്റ്റർ ചെയ്ത നൂറോളംപേർ പരിപാടികളിൽ പങ്കാളികളായി. ഗുരുകുലം കോളേജിലേയും സെന്റ് പാട്രിക് സ്കൂളിലേയും വിദ്യാർഥികൾ പരിപാടികൾ അവതരിപ്പിക്കാനെത്തി. പഴശ്ശി ഗ്രന്ഥാലയത്തിലെ ‘എല്ലാരും പാടണ്' കൂട്ടായ്മയിലെ കലാകാരന്മാരും ഗാനങ്ങളാലപിച്ചു. ജില്ലാ ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സൈക്യാട്രീ വിഭാഗത്തിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസും നടത്തി.
രോഗികൾക്കെല്ലാം ഓണക്കിറ്റുകൾ വളണ്ടിയർമാർ വീടുകളിലെത്തിച്ചു. ഓണാഘോഷം ഒ ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ഫോറം പ്രസിഡന്റ് അബ്ദുള്ള പള്ളിയാൽ അധ്യക്ഷനായി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയ സബ്ബ് കലക്ടർ എൻ എസ് കെ ഉമേഷിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ആദരിച്ചു. മാനന്തവാടി എഎസ് പി വൈഭവ് സക്സേന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർമാൻ വി ആർ പ്രവീജ് മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരൻ, നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭാ രാജൻ, മാനന്തവാടി തഹസിൽദാർ എൻ ഐ ഷാജു, ഡോ.വി ജിതേഷ്, ഡോ. ശ്രീലേഖ, അസൈനാർ, കെ ഉസ്മാൻ, ഷാജൻ ജോസ്, അരുൺ വിൻസെന്റ്, വിപിൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..