18 August Sunday
ടൗണിൽ കർഷക റാലി

പുൽപ്പള്ളിയിൽ നാളെ കർഷക പാർലമെന്റ്

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019
പുൽപള്ളി
വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ‌്ച്ച പുൽപ്പള്ളിയിൽ കർഷക പാർലമെന്റ‌് നടത്തും.  വിജയ ഹൈസ്കൂൾ ഗ്രൗണ്ടിൽ പകൽ രണ്ട‌് മുതൽ നാലുവരെയാണ‌് പരിപാടി.  വൈകിട്ട‌് അഞ്ചിന‌് പുൽപ്പള്ളി ടൗണിൽ കർഷക റാലിയും പൊതുസമ്മേളനവും ഉണ്ടാകും. 
1991 ൽ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ നവലിബറൽ നയങ്ങളാണ‌് വയനാട്ടിലെ കർഷകരുടെ തകർച്ചക്ക‌്  ഇടയാക്കിയത‌്.  ജില്ലയിൽ  1995–-2007 കാലയളവിൽ ഔദ്യോഗിക കണക്ക് പ്രകാരം 965 കർഷകർ ജീവനൊടുക്കി. കാപ്പിക്കും കുരുമുളകിനും ചുങ്കം കുറച്ച് ഇറക്കുമതി ചെയ്യാൻ കുത്തകകൾക്ക് അനുവാദം നൽകിയ ഉദാരവൽക്കരണ നടപടികളെ തുടർന്നായിരുന്നു ആത്മഹത്യകൾ. 
36,000 കർഷകരാണ് മോഡി ഭരണത്തിന്റെ ആദ്യ മൂന്നുവർഷം ആത്മഹത്യ ചെയ്തത്. കോർപ്പറേറ്റ്, റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങൾക്കായി കാർഷിക ഭൂമി വൻ തോതിൽ ഏറ്റെടുത്തു.  ഉൽപ്പാദന ചെലവിന്റെ 50 ശതമാനം ലാഭം കർഷകർക്ക് താങ്ങുവിലയായി നൽകണമെന്ന സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശ നടപ്പാക്കുമെന്നായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി പ്രഖ്യാപനം.  അധികാരത്തിലെത്തിയ ശേഷം ഈ ശുപാർശ അവഗണിച്ചു. 
കേരളത്തിലെ എൽഡിഎഫ് സർക്കാർ നെൽ കർഷകർക്ക് മികച്ച വില നൽകിയാണ് നെല്ല് സംഭരിക്കുന്നത്. ബംഗാൾ, ബീഹാർ, ഒറീസ, ജാർഖണ്ഡ‌്, ഉത്തർപ്രദേശ‌് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരു ക്വിന്റൽ നെല്ലിന് പരമാവധി 1200 രൂപ നൽകുമ്പോൾ കേരളത്തിലെ എൽഡിഎഫ് സർക്കാർ 2350 രൂപ നൽകുന്നുണ്ട്. 
ലോക‌്സഭാ തെരഞ്ഞെടുപ്പ് കർഷക ജനതക്ക‌് അതീവ നിർണായകമാണ്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ വയനാടും അതിന്റെ കർഷക പ്രശ്നവും വീണ്ടും ശ്രദ്ധ നേടുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടക്ക് നാലര ലക്ഷത്തോളം കർഷകരെ ആത്മഹത്യയിയേക്ക് നയിച്ച നവലിബറൽ സാമ്പത്തിക നയങ്ങൾക്ക് കർഷക ജനതയോട് മാപ്പ് പറയുന്നതിന് പകരം കൂടുതൽ ശക്തമായി ആ നയങ്ങൾ നടപ്പാക്കും എന്നാണ്  കോൺഗ്രസ് പ്രകടന പത്രിക പറയുന്നത്. കർഷകർക്ക് ആശ്വാസമാകുമായിരുന്ന 2006ലെ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട്  കോൺഗ്രസോ, പിന്നീട് വന്ന ബിജെപിയോ നടപ്പാക്കിയില്ല.
നവലിബറൽ  നയങ്ങൾ തങ്ങൾ ഇനിയും ആവർത്തിക്കുമെന്ന ധിക്കാരപരമായ നിലപാടാണ് ഇരുപാർടികളും ഈ തെരഞ്ഞെടുപ്പിലും സ്വീകരിക്കുന്നത്. ഇതിനെതിരെയാണ‌് കർഷക പാർലമെന്റ്.
മഹാരാഷ്ട്രയിലെ ഐതിഹാസിക കർഷക സമരങ്ങൾക്ക‌് നേതൃത്വം നൽകിയ ആൾ ഇന്ത്യ കിസാൻസഭ പ്രസിഡന്റ‌് അശോക് ധാവളെ, പ്രശസ‌്ത  മാധ്യമ പ്രവർത്തകൻ പി സായിനാഥ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ,  എം പി വീരേന്ദ്രകുമാർ എംപി, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ, അഖിലേന്ത്യ കിസാൻ സഭ ട്രഷറർ പി കൃഷ്ണപ്രസാദ്, അഖിലേന്ത്യ കിസാൻ സഭ ജോയിന്റ‌് സെക്രട്ടറി  വിജു കൃഷ്ണൻ, ആദിവാസി ഗോത്ര മഹാസഭാ നേതാവ‌്  സി കെ ജാനുതുടങ്ങിയവർ പങ്കെടുക്കും.
പ്രധാന വാർത്തകൾ
 Top