24 October Thursday

കുട്ടികൾക്ക്‌ വീട്ടിൽ ലൈബ്രറിയൊരുക്കി റിട്ട. അധ്യാപകൻ

ജാഷിദ്‌ കരീംUpdated: Tuesday Sep 10, 2019

ജോസഫ്‌ വീട്ടിലൊരുക്കിയ ലൈബ്രറിക്ക്‌ മുന്നിൽ

ചുണ്ടേൽ
പുസ്തകങ്ങളെ അങ്ങേയറ്റം സ്നേഹിക്കുന്ന ഒരു അധ്യാപകനുണ്ട് ചുണ്ടേലിൽ. പി എ ജോസഫ്‌ എന്ന ഈ റിട്ട. അധ്യാപകൻ  തന്റെ പ്രദേശത്തെ കുട്ടികൾക്ക് വായിക്കാനായി വീട്ടിൽ ലൈബ്രറി ഒരുക്കി കാത്തിരിക്കയാണ്‌. ചുണ്ടേൽ ആർസിഎച്ച്എസ്എസിൽ മൂന്നു പതിറ്റാണ്ടോളം സേവനമനുഷ്ടിച്ച ജോസഫ്  ചുണ്ടേൽ വയലിലെ തന്റെ വീട്ടിലെ ലൈബ്രറിയിൽ   മൂവായിരത്തോളം പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 1967ൽ അഞ്ചാം തരത്തിൽ പഠിക്കുന്ന സമയത്താണ്  ഇടുക്കി  മൂന്നാറിനടുത്ത്   ദേശീയ വായനശാലയിൽ അംഗത്വമെടുത്ത് പിഎ ജോസഫ് വായന തുടങ്ങുന്നത്‌. 1982 ലാണ് ചുണ്ടേൽ സ്കൂളിൽ  അധ്യാപകനായെത്തിയത്‌. 
 അന്നുതൊട്ട്‌ പുസ്തക ശേഖരണവും തുടങ്ങി. 1984 മുതലുള്ള മിക്ക  ആഴ്ചപതിപ്പുകളും ശേഖരത്തിലുണ്ട്‌.  വിവിധ ഭാഷകളിൽ വിലമതിക്കുന്ന നിരവധി പുസ്തകങ്ങൾ ഇദ്ദേഹത്തിന്റെ ശേഖരത്തിൽ ഉണ്ട്. പ്രദേശത്തെ കുട്ടികൾക്ക് വേണ്ടിയാണ് ലൈബ്രറി ഒരുക്കിയതെന്ന്‌ ജോസഫ്‌ പറഞ്ഞു.
 ഗാനഗന്ധർവന്റെ പാട്ടുകൾ ശേഖരിക്കുകയെന്ന   മറ്റൊരു ഹോബി ഈ മാഷിനുണ്ട്‌. അയ്യായിരത്തിലേറെ പാട്ടുകളുടെ ശേഖരണം കൈവശമുണ്ട്. ദിവസവും 100 പാട്ടെങ്കിലും കേൾക്കും.
 യേശുദാസിന്റെ പാട്ടുകളുടെ പേരും വർഷവും വെച്ച് ഒരു 1000 പേജുകളുള്ള പുസ്തകവും ഉണ്ടാക്കിയിട്ടുണ്ട്. ആരാധന മൂത്ത്‌ യേശുദാസിനെ കാണാൻ തലസ്ഥാനത്തും എത്തിയിട്ടുണ്ട്‌. മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ മന്ത്രി കെ കെ ശൈലജയുടെ സഹപാഠി കൂടിയാണ്‌ ജോസഫ്‌. ഡിഗ്രിക്കാണ്‌ കൂടെ പഠിച്ചത്‌. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്നതാണ് ജോസഫിന്റെ കുടുംബം. 
 
പ്രധാന വാർത്തകൾ
 Top