19 October Saturday

മുത്തങ്ങ ഗതകാല പ്രതാപത്തിലേക്ക‌്

പി മോഹനൻUpdated: Monday Jun 10, 2019

 

നാട്ടിലെത്തി ഒറ്റപ്പെടുന്ന കാട്ടാനക്കുട്ടികളുടെ കളിവീടായും, കൃഷിനശിപ്പിച്ചും ആളുകളെ കൊന്നും കൊലവിളിച്ചും വിലസിയ കാട്ടുകൊമ്പൻമാരുടെ ജയിലറയായും മാറിയ മുത്തങ്ങയിലെ ആനക്യാമ്പ‌ിൽ കുങ്കിയാന പരിശീലനവും പുരോഗമിക്കുന്നു. മലബാറിൽ ബ്രിട്ടീഷുകാരുടെ കാലം മുതൽ തന്നെ പ്രശസ‌്തിയാർജിച്ച ആനക്യാമ്പാണ‌് മുത്തങ്ങയിലേത‌്. വാരിക്കുഴികൾ തീർത്ത്‌ കാട്ടാനകളെ പിടികൂടി  പന്തിയിലെത്തിച്ച‌് സമർഥരായ പാപ്പാൻമാരുടെ ശിക്ഷണത്തിൽ മെരുക്കിയെടുത്ത‌് ലക്ഷണമൊത്ത വളർത്താനകളാക്കി പന്തിയിൽ വളർത്താനും ആവശ്യക്കാർക്ക‌് ലേലം വഴി വിറ്റഴിക്കാനും ഉത്സവങ്ങൾക്ക‌് എഴുന്നള്ളിക്കാനും മരംവലിക്കാൻ വാടകയ‌്ക്കായും  ഒരുകാലത്ത‌് മുത്തങ്ങയിലെ  ആനകളെ നിയോഗിച്ചിരുന്നു. സംസ്ഥാനത്തെ പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലും ആനയുടമകളുടെ കീഴിലുമുണ്ടായിരുന്ന അറിയപ്പെടുന്ന പല നാട്ടാനകളും മുത്തങ്ങ ആനക്യാമ്പിന്റെ സംഭാവനകളായിരുന്നു. ഒരുകാലത്ത‌് അറുപതിലധികം പോറ്റാനകൾ മുത്തങ്ങയിലുണ്ടായിരുന്നു.  കൊമ്പിനായി കാട്ടാനകളെ വേട്ടക്കാർ വ്യാപകമായി കൊന്നൊടുക്കാൻ തുടങ്ങിയതോടെ കൊമ്പനാനകളുടെ എണ്ണം കുറഞ്ഞു.  ആനകൾ വംശനാശ ഭീഷണിയിലായി. 1980ലാണ‌് സംസ്ഥാനത്ത‌് ആനപിടിത്തം വനംവകുപ്പ‌് നിർത്തലാക്കിയത‌്. ആനപിടിത്തം നിർത്തലാക്കിയിട്ടും മുത്തങ്ങ വനത്തിൽ മൂടപ്പെടാതെ കിടന്നിരുന്ന ഏതാനും വാരിക്കുഴികളിൽ തുടർന്നും കാട്ടാനകൾ അകപ്പെട്ടത‌് വലിയ പ്രതിഷേധത്തിന‌് ഇടയാക്കിയിരുന്നു. പിന്നീട‌് വാരിക്കുഴികൾ മുഴുവൻ വനം വകുപ്പ‌് നികത്തിയതോടെ വാരിക്കുഴികൾ ഉപയോഗിച്ചുള്ള ആനപിടിത്തം പൂർണമായും നിലച്ചു. ഇതോടെയാണ‌് വളർത്താനകളുടെ എണ്ണം പടിപടിയായി കുറഞ്ഞ‌് ക്യാമ്പിന്റെ പ്രതാപം പതുക്കെ അസ‌്തമിച്ചു തുടങ്ങിയത‌്.വനം വകുപ്പ‌് ആനപിടിത്തം ഉപേക്ഷിച്ചതോടെ സംസ്ഥാനത്ത‌് വളർത്താനകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. ആനവേട്ടയ്‌ക്കെതിരെ വനം വന്യജീവി വകുപ്പ‌ുകൾ ശക്തമായ നിയമ നടപടികൾ എടുത്തതോടെ  കൊമ്പനാനകളുടെ എണ്ണം വർധിച്ചു. എണ്ണത്തിൽ പെരുകിയ കാട്ടാനകളിലെ വികൃതികളാണ‌് നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും വഴിയാത്രക്കായെും മറ്റും ആക്രമിക്കുന്നത്‌.  ജില്ലയിൽ ഇരുനൂറിലേറെ പേരാണ‌് ഇതിനകം കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത‌്. ഇതിന്റെ എത്രയോ ഇരട്ടി പേർക്കാണ‌് മാരകമായ പരിക്കുകളേറ്റത‌്. എണ്ണിത്തിട്ടപ്പെടുത്താനാകാത്ത വിധമായിരുന്നു  കൃഷിനാശം. നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചും  ആളുകളെ കൊന്നും പരിക്കേൽപ്പിച്ചും വിഹരിച്ച കാട്ടാനകളെ വിരട്ടിയോടിക്കാനും മയക്കു വെടിവച്ച‌്  പിടികൂടി പന്തിക്കൂട്ടിലടക്കുന്നതിനും റേഡിയോ കോളർ വച്ചുപിടിപ്പിച്ച‌് കാട്ടിൽ വിടുന്നതിനും വനപാലകർക്ക‌് ഏറെ ആശ്രയിക്കേണ്ടി വരുന്നത‌് കുങ്കിയാനകളെയാണ‌്. നിരവധി മാസക്കാലത്തെ വിദഗ‌്ധ പരിശീലനത്തിലൂടെ മാത്രമാണ‌് സമർഥരായ കുങ്കിയാനകളെ വാർത്തെടുക്കാൻ കഴിയുക. സംസ്ഥാനത്ത‌് ഇത്തരം കുങ്കിയാനകൾ അപൂർവമായതിനാൽ അയൽ സംസ്ഥാനങ്ങളായ തമിഴ‌്നാട്ടിലെ മുതുമലയിലെയും കർണാടകയിലെ ബന്ദിപ്പൂരിലെയും ആനക്യാമ്പുകളിൽനിന്നുള്ള കുങ്കിയാനകളെ കൊണ്ടുവന്നാണ‌് പലപ്പോഴും കാട്ടാനകളെ തുരത്തുന്ന ദൗത്യം നിർവഹിക്കുന്നത‌്. ചില ഘട്ടങ്ങളിൽ മദപ്പാടിന്റെയും മറ്റും പേരിൽ ഇരു ക്യാമ്പുകളിൽനിന്നും കുങ്കിയാനകളെ വിട്ടുകിട്ടാത്ത പ്രശ‌്നങ്ങളും സംസ്ഥാന വനം വകുപ്പ‌് നേരിടാറുണ്ട‌്. ഇതിന‌് പ്രതിവിധി എന്നോണമാണ‌് വനംവകുപ്പിന്റെ വിവിധ ക്യാമ്പുകളിലുള്ള ലക്ഷണമൊത്ത വളർത്താനകൾക്ക‌് കുങ്കിയാന പരിശീലനം നടത്താൻ മുത്തങ്ങ ക്യാമ്പിനെ തെരഞ്ഞെടുത്തത‌്. ക്യാമ്പിന‌് മുന്നോടിയായി മുതുമല ആനക്യാമ്പിൽ മുത്തങ്ങയിലെ സൂര്യ, കോടനാട്ടെ നീലകണ‌്ഠൻ, കോന്നിയിലെ സുരേന്ദ്രൻ എന്നീ ആനകൾക്ക‌് കുങ്കി പരിശീലനം നൽകിയിരുന്നു. ഇപ്പോൾ കുങ്കി പരിശീലനത്തിലുള്ള അഗസ‌്ത്യനും ഉണ്ണികൃഷ‌്ണനും സുന്ദരിയും കോട്ടൂർ കാപ്പുകാട‌് ആനവളർത്തുകേന്ദ്രത്തിൽ നിന്നും മുത്തങ്ങയിലെത്തിയ അതിഥികളാണ‌്. ഇവർ ഉൾപ്പെടെ ഇപ്പോൾ പന്തിയിലുള്ള ആനകളുടെ എണ്ണം 13 ആണ‌്. ഇതിൽ അഞ്ച‌് കുങ്കിയാനകളും രണ്ട‌് കുട്ടിയാനകളും കാട്ടിൽനിന്നും മയക്കുവെടിവച്ച‌് പിടികൂടി കൂട്ടിലടച്ച മൂന്ന‌് കൊമ്പനാനകളും ഉൾപ്പെടുന്നു. വന്യമൃഗ ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ ഉപദ്രവകാരികളായ മൃഗങ്ങളെ കാട്ടിലേക്ക‌് തുരത്തുന്നതിനുള്ള പരിശീലനമാണ‌് പ്രധാനമായും കുങ്കിയാന പരിശീനത്തിൽ നൽകിയത‌്. മുത്തങ്ങയിൽ നിലവിൽ പിടിയാനയായ സുന്ദരി കൊമ്പൻമാരായ അഗസ‌്ത്യൻ, ഉണ്ണികൃഷ‌്ണൻ എന്നീ മൂന്ന‌് ആനകൾക്കാണ‌് പരിശീലനം നൽകുന്നത‌്. പരിശീലനം ആറുമാസം നീളും. തുടക്കത്തിൽ നിർദേശങ്ങൾ അനുസരിക്കാനുള്ള പരിശീലനമാണ‌് നൽകിയത‌്. പിന്നീട‌് ശല്യക്കാരായ കാട്ടാനകളെ വനത്തിലേക്ക‌് തുരത്താനും മയക്കുവെടിവച്ച‌് പിടികൂടുന്നവയെ വനം വകുപ്പിന്റെ ആംബുലൻസ‌് ലോറിയിൽ കയറ്റി പന്തിയിൽ എത്തിക്കുന്നതിനും വാഹനം എത്തിപ്പെടാത്ത ഉൾവനങ്ങളിൽ വനപാലകരെ പുറത്തിരുത്തിയുള്ള സവാരിയിലൂടെ പരിശോധനകൾക്ക‌് സഹായിക്കുന്നതും ശല്യക്കാരായ കാട്ടാനകളെ ഇരുമ്പ‌് ചങ്ങല കൊണ്ടടിച്ച‌്  കാട്ടിലേക്ക‌് തുരത്തുന്നതിനുമുള്ള പരിശീലനം നൽകും. ആർആർടി റെയിഞ്ചർ കെ എം സെയ‌്തലവിക്കാണ‌് കുങ്കിയാന പരിശീലനത്തിന്റെ മുഖ്യ ചുമതല. മുതുമല, ബന്ദിപ്പൂർ ക്യാമ്പുകളിൽനിന്നും പരിശീലനം നേടിയ പാപ്പാൻമാരായ സജി, കൃഷ‌്ണകുമാർ, സജീഷ‌്, രതീഷ‌് എന്നിവരാണ‌് മുഖ്യ പരിശീലകർ. ഇവർക്ക‌് സഹായികളായി ബയോളജിസ‌്റ്റ‌് വിഷ‌്ണു, സെക്ഷൻ ഫോറസ‌്റ്റർ രാജൻ,  മുത്തങ്ങയിലെ സീനിയർ പാപ്പാൻ ചെതലയം പൂവഞ്ചി കോളനിയിലെ കുട്ടൻ ഉൾപ്പെടെയുള്ള പാപ്പാൻമാരും ഉണ്ട‌്. കഴിഞ്ഞ ഏപ്രിൽ എട്ടിനാണ‌് ആറ‌് മാസത്തെ കുങ്കിയാന പരിശീലനം മുത്തങ്ങയിൽ തുടങ്ങിയത‌്.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top