22 June Tuesday

തെരഞ്ഞെടുപ്പ്‌ തോൽവി ഡിസിസി അന്വേഷണം തള്ളി ജയലക്ഷ്‌മി; 
കെപിസിസി അന്വേഷിക്കണം

സ്വന്തം ലേഖകൻUpdated: Monday May 10, 2021

 

 
കൽപ്പറ്റ
തെരഞ്ഞെടുപ്പിൽ തന്റെ തോൽവി കെപിസിസി അന്വേഷിക്കണമെന്ന്‌ മുൻമന്ത്രി പി കെ ജയലക്ഷ്‌മി. ഈ ആവശ്യമുന്നയിച്ച്‌ കെപിസിസിക്ക്‌ കത്ത്‌ നൽകി. മാനന്തവാടി മണ്ഡലത്തിൽ ജയലക്ഷ്‌മിയുടെ പരാജയം അന്വേഷിക്കാൻ ഡിസിസി പ്രസിഡന്റ്‌ ഐ സി ബാലകൃഷ്‌ണൻ അന്വേഷണ സമിതിയെ നിയോഗിച്ചതിന്‌ പിന്നാലെയാണ്‌ കെപിസിസി അന്വേഷിക്കണമെന്ന ആവശ്യവുമായി ഇവർ രംഗത്തെത്തിയത്‌‌. ഡിസിസിയുടെ അന്വേഷണം പ്രഹസനമാണെന്ന നിലപാടാണ്‌ എഐസിസി അംഗവും കെപിസിസി ജനറൽസെക്രട്ടറിയുമായ ജയലക്ഷ്‌മിക്കുള്ളത്‌‌. ഡിസിസി നേതൃത്വത്തിലുള്ളവർ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന ആക്ഷേപമാണ്‌ ഉന്നയിച്ചിട്ടുള്ളത്‌‌. പാർടിക്കുള്ളിൽ തനിക്കെതിരായ പ്രവർത്തനങ്ങൾ ഇത്തവണയുമുണ്ടായി.  ‌
ഓരോ പഞ്ചായത്തിലും കോൺഗ്രസിനുള്ളിൽ തന്നെയുള്ളവർ  എതിരായി പ്രവർത്തിച്ചു.  അതുകൊണ്ടാണ്‌ ജില്ലയിലെ മറ്റു രണ്ട്‌ മണ്ഡലങ്ങളിലും വിജയിച്ചിട്ടും യുഡിഎഫിന് മേൽക്കൈയുള്ള മാനന്തവാടിയിൽ പരാജയപ്പെടാൻ കാരണം. 
ന്യായ് പദ്ധതിയും  കർഷിക കടാശ്വാസവുമൊന്നും  നേതൃത്വം വോട്ടർമാർക്കിടയിൽ പ്രചരിപ്പിച്ചില്ല. ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ എൽഡിഎഫ് സ്ഥാനാർഥിക്കൊപ്പമായിരുന്നു.  പ്രവർത്തിച്ച ഭാരവാഹികളെയും പ്രവർത്തകരെയും അവഹേളിക്കാനും അപമാനിക്കാനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്.   നിജസ്ഥിതികൾ പുറത്ത് കൊണ്ടുവരുന്നതിനും കോൺഗ്രസിനെ  ശാക്തീകരിക്കുന്നതിനും കെപിസിസി  അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന ആവശ്യമാണ്‌ ജയലക്ഷ്‌മി ഉയർത്തിയിട്ടുള്ളത്‌. 
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ മൂന്ന്‌ ഡിസിസി സെക്രട്ടറിമാർ രാജിവച്ചിരുന്നു‌.  തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയുടെ ഭാരവാഹികളായിരുന്ന ഡിസിസി സെക്രട്ടറിമാരാണ്‌ രാജിവച്ചത്‌. എന്നാൽ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ജയലക്ഷ്‌മിയാണ്‌ പദവികൾ ഒഴിയേണ്ടതെന്ന ആവശ്യമാണ്‌ ഇവർ ഉയർത്തുന്നത്‌. മണ്ഡലത്തിൽ സംഘടന ദുർബലമായതിന്റെ ഉത്തരവാദിത്തം എഐസിസി  അംഗമായ ജയലക്ഷ്‌മിക്കാണെന്ന്‌ ഇവർ  ചൂണ്ടിക്കാണിക്കുന്നു‌. ജയലക്ഷ്‌മിയെ സ്ഥാനാർഥിയാക്കിയാൽ പരാജയപ്പെടുമെന്നും നേരത്തെ തന്നെ സംസ്ഥാന നേതാക്കളെ ബോധ്യപ്പെടുത്തിയിരുന്നതായും ഇവർ പറയുന്നു. 9282 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ എൽഡിഎഫിലെ  ഒ ആർ കേളുവാണ്‌ ജയലക്ഷ്‌മിയെ‌ തോൽപ്പിച്ചത്‌. 2016ലും ജയലക്ഷ്‌മി കേളുവിനോട്‌ തോറ്റിരുന്നു. മന്ത്രിയായിരിക്കെയായിരുന്നു‌ അന്നത്തെ തോൽവി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top