21 November Thursday
തൊഴിൽ നിഷേധം

പിവീസ്‌ എസ്‌റ്റേറ്റിൽ തൊഴിലാളികളുടെ കുടിൽകെട്ടി സമരം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
കുറിച്യർമല
പിവീസ്‌ എസ്‌റ്റേറ്റിലെ തൊഴിൽ നിഷേധത്തിനെതിരെ തൊഴിലാളികൾ സമരം കടുപ്പിച്ചു.  സംയുക്ത തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ  വെള്ളിയാഴ്‌ച്ച മുതൽ തൊഴിലാളികൾ എസ്‌റ്റേറ്റിൽ കുടിൽകെട്ടി സമരം തുടങ്ങി. നാലാംഘട്ട സമരമാണ്‌ ആരംഭിച്ചത്‌. വ്യാഴാഴ്‌ച്ച ലേബർ കമീഷണർ വിളിച്ചുചേർത്ത ചർച്ചയിൽ മാനേജ്‌മെന്റ്‌ പ്രതിനിധികൾ പങ്കെടുത്തില്ല. തുടർന്നാണ്‌ കുടിൽകെട്ടി സമരം ആരംഭിച്ചത്‌. പൊഴുതനയിൽ നടത്തിവന്ന റിലേ സത്യഗ്രഹം അവസാനിപ്പിച്ചാണ്‌ കുടിൽകെട്ടി സമരം തുടങ്ങിയത്‌.  മാനേജ്‌മെന്റ്‌ തൊഴിൽ എടുപ്പിക്കാത്തതിനാൽ തോട്ടം നശിക്കുകയാണ്‌. വിളകൾ സംരക്ഷിക്കുന്നതിനായി   തോട്ടം വീതിച്ചെടുത്ത്‌ കുടിൽകെട്ടിയാണ്‌ തൊഴിലാളികളുടെ സമരം. മുസ്ലീം ലീഗ്‌ നേതാവും എംപിയുമായ പി വി അബ്ദുൾ വഹാബിന്റെ ഉടമസ്ഥതയിലുള്ള തോട്ടമാണിത്‌. മൂന്നുമാസമായി  തൊഴിൽ നൽകുന്നില്ല. തൊഴിലാളികൾ നിരന്തസമരത്തിലാണ്‌. വഹാബിന്റെ സ്ഥാപനത്തിലേക്കും നിലമ്പൂരിലെ വസതിയിലേക്കുംവരെ മാർച്ച്‌ നടത്തി. എന്നിട്ടും പിടിവാശി ഉപേക്ഷിക്കാൻ മാനേജ്‌മെന്റ്‌ തയ്യാറായിട്ടില്ല. പ്രശ്‌നം പരിഹരിക്കുന്നതിനായി തൊഴിൽ വകുപ്പ്‌ വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ  മാനേജ്‌മെന്റ്‌ പങ്കെടുക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ചൂകൂടിയാണ്‌ എസ്‌റ്റേറ്റിനുള്ളിൽ കുടിൽകെട്ടി സമരം തുടങ്ങിയത്‌. ബിഎംഎസ് ജില്ലാ സെക്രട്ടറി പി കെ മുരളീധരൻ  നാലാംഘട്ട സമരപ്രഖ്യപനം നടത്തി.  വയനാട് എസ്റ്റേറ്റ് ലേബർ യൂണിയൻ (സിഐടിയു)ജില്ലാ പ്രസിഡന്റ് സി എച്ച്‌ മമ്മി തോട്ടംവിള സംരക്ഷണ പ്രഖ്യാപനം നടത്തി. സമരസമിതി ചെയർമാൻ ഷർഫുദ്ദീൻ അധ്യക്ഷനായി. ഐഎൻടിയുസി ജില്ലാ സെക്രട്ടറി സുരേഷ്ബാബു,  എസ്ടിയു ജില്ലാ പ്രസിഡന്റ് സി മമ്മി, വി വിനോദ്, ശശികുമാർ എന്നിവർ സംസാരിച്ചു. സമരസമിതി കൺവീനർ  റെജി ജോൺ സ്വാഗതം പറഞ്ഞു.  കെ വി ബാബു, മുഹമ്മദ്‌ അസ്‌ലം. ഷാഫി ഹരിദാസ്, പി ജെ  ഷാജി,  ഹരീഷ്, ശ്രീജിത്ത്‌,  അബ്‌ദുൾറഹ്മാൻ, വി മുരുകൻ, ആർ മുരുകൻ,  ഷാജഹാൻ, സീനത്ത്‌,  സൗദ എന്നിവർ കുടിൽകെട്ടലിന് നേതൃത്വം നൽകി. 
പ്രധാന വാർത്തകൾ
 Top