പുൽപള്ളി
സ്വകാര്യ ബസ് ജീവനക്കാരനെയും കുടുംബത്തേയും വീട്ടിൽ കയറി ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 10 മുതൽ പുൽപള്ളി മേഖലയിൽ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ സ്വകാര്യ ബസ് കണ്ടക്ടറായ സതീഷ്കുമാർ (40), ഭാര്യ , അമ്മ, കുട്ടികൾ എന്നിവരെ കാപ്പിസെറ്റ് സ്വദേശികളായ ചിലർസംഘംചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. പുൽപള്ളി പൊലീസിൽ പരാതി നൽകിയിട്ടും പ്രതികളെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സംയുക്ത തൊഴിലാളി യൂണിയൻ ബസ് പണിമുടക്കും പുൽപള്ളി സിഐ ഓഫീസ് മാർച്ച് അടക്കമുള്ള സമരപരിപാടികളും ആരംഭിക്കുന്നത്. വാർത്താ സമ്മേളനത്തിൽ എം ജെ സജി, ഏലിയാസ് തെക്കുംതറ, പി ആർ സന്തോഷ്, മഹേഷ് എന്നിവർ പങ്കെടുത്തു.