07 August Friday

ഓർമകളിൽ ഷഹല സർവജനയിൽ പുതിയ ബ്ലോക്കിന‌് തറക്കല്ലിട്ടു

സ്വന്തം ലേഖകൻUpdated: Thursday Jul 9, 2020
ബത്തേരി
ഷഹല ഷെറിന്റെ ദീപ‌്ത സ‌്മരണയിൽ സർവജന സ‌്കൂൾ കോംപൗണ്ടിൽ പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം. പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ‌് നേരിട്ട‌് അനുവദിച്ച രണ്ട‌് കോടിയിലാണ‌് ബത്തേരിയിലെ ആദ്യത്തെ സർക്കാർ ഹൈസ‌്കൂളിന‌് ബഹുനില കെട്ടിടം നിർമിക്കുന്നത‌്. സ‌്കൂളിലെ അഞ്ചാം ക്ലാസ‌് വിദ്യാർഥിനി ഷഹല ഷെറിൻ കഴിഞ്ഞ നവംബർ 20ന‌് ക്ലാസ‌് മുറിയിൽ നിന്നും പാമ്പ‌് കടിയേറ്റ‌് മരിച്ചത‌് ദു:ഖത്തിനൊപ്പം പ്രതിഷേധത്തിനും ഇടയാക്കി.
 സംഭവം നടന്ന‌് രണ്ട‌് ദിവസത്തിനകം സ‌്കൂളിലെത്തിയ മന്ത്രി രവീന്ദ്രനാഥ‌് ഷഹലക്ക‌് പാമ്പ‌് കടിയേറ്റ ക്ലാസ‌്മുറി ഉൾക്കൊള്ളുന്ന പഴയ കെട്ടിടം മുഴുവനായി പൊളിച്ചു മാറ്റി. തൽസ്ഥാനത്ത‌് ഹൈടെക‌് സംവിധാനത്തിൽ ബഹുനില കെട്ടിടം പടുത്തുയർത്തുന്നതിന‌് രണ്ട‌് കോടി രൂപ ഫണ്ട‌് പ്രഖ്യാപിച്ചു. ഒരാഴ‌്ചക്കകം ഭരണാനുമതിയും രണ്ടാഴ‌്ചക്കകം സാങ്കേതികാനുമതിയും ലഭിച്ചതിനെ തുടർന്ന‌് ടെൻഡർ പൂർത്തീകരിച്ച‌് നിർമാണ പ്രവർത്തിയിലേക്ക‌് കടന്നെങ്കിലും ലോക്ക‌് ഡൗൺ കാരണം നിർമാണം താൽക്കാലികമായി നിർത്തി. ലോക്ക‌് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ‌് ലഭിച്ചതോടെയാണ‌് നിർമാണം പുനരാരംഭിച്ചത‌്.
 കോവിഡ‌് മാനദണ്ഡം  പാലിച്ച‌് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ ടി എൽ സാബു ശിലാസ്ഥാപനം നടത്തി. വികസന സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ സി കെ സഹദേവൻ അധ്യക്ഷനായി. ആരോഗ്യ സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ ബാബു അബ്ദുറഹിമാൻ, വിദ്യാഭ്യാസ സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ‌്സൺ വത്സ ജോസ‌് കൗൺസിലർമാരായ എൻ എം വിജയൻ, ഷെബീർ അഹമ്മദ‌്, എം കെ സാബു, ഷിഫാനത്ത‌്, ഡിഡിഇ കെ വി ലീല, ഡിഇഒ എം കെ ഉഷാകുമാരി, വിത്സൺ തോമസ‌്, എം സനൽകുമാർ, വി എൻ ഷാജി, എൻ സി ജോർജ‌് എന്നിവർ സംസാരിച്ചു. അസീസ‌് മാടാല സ്വാഗതവും പി എ അബ്ദുൾ നാസർ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top