08 August Saturday

സമ്പർക്ക ഭീഷണി; ജാഗ്രത കൈവിട്ടാൽ അപകടം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020
കൽപ്പറ്റ
കോവിഡ്‌ ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും ആളുകൾ ജാഗ്രത കൈവിടുന്നു. സാമൂഹിക അകലം പാലിക്കുന്നതിലും സോപ്പും സാനിറ്റൈസറും ഉപയോഗിക്കുന്നതിലും പിന്നോക്കം പോയി. മാസ്‌ക് ധരിക്കുന്നുണ്ടെങ്കിലും‌ കൃത്യമായല്ല ഇടുന്നത്‌. 
സംസ്ഥാനത്ത്‌ സമ്പർക്കംമൂലമുള്ള രോഗബാധിതരുടെ എണ്ണം ഏറുകയാണ്‌.  കൂടുതൽ ജാഗ്രത പുലർത്തണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക അറിയിച്ചു. 
തിങ്കളാഴ്‌ച സംസ്ഥാനത്ത്‌ 35 പേർക്കാണ്‌ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്‌. 
ജില്ലയിലും സമ്പർക്ക ഭീക്ഷണി നിലവിലുണ്ട്‌. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വരുന്നവർ ക്വാറന്റൈൻ കൃത്യമായി പാലിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ നിർദേശിച്ചു.   ടൗണുകളിലെല്ലാം തിരക്കേറി.  ജാഗ്രതാ നിർദേശങ്ങൾ അവഗണിക്കപ്പെടുകയാണ്‌. കച്ചവട സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാനെത്തുവർ മാനദണ്ഡപ്രകാരമുള്ള അകലം പാലിക്കുന്നില്ല.  റിവേഴ്‌സ്‌ ക്വാറന്റൈൻ നിർദേശിച്ചിട്ടും പ്രായമായവർ പൊതുഇടങ്ങളിൽ സഞ്ചരിക്കുകയാണ്‌. അറുപത്തിയഞ്ച്‌ വയസിന്‌ മുകളിലുള്ളവർ ധാരളമായി പുറത്തിറങ്ങുന്നുണ്ട്‌.  കുട്ടികളെയുംകൊണ്ട്‌ അനാവശ്യമായി കറങ്ങുന്നവരുമുണ്ട്‌. പ്രായമായവർക്കും കുട്ടികൾക്കും രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നറിഞ്ഞിട്ടും ഗൗരവമായി കാണുന്നില്ല.  
മുത്തങ്ങവഴി ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ വരവ്‌ തുടരുകയാണ്‌.  കർണാടകയിൽനിന്നും കൂട്ടത്തോടെയാണ്‌ ആളുകൾ മടങ്ങുന്നത്‌. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുള്ളവരും വരുന്നുണ്ട്‌. സർക്കാരിന്റെ കോവിഡ്‌ ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാതെ വരുന്നവരുമുണ്ട്‌. കർണാടകയിൽ സമൂഹ വ്യാപനത്തിലേക്ക്‌ കാര്യങ്ങൾ മാറിയതോടെയാണ്‌ മലയാളികൾ കൂട്ടമായി വരാൻ തുടങ്ങിയത്‌. ഇവർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സമ്പർക്കപുലർത്തിയാണ്‌ യാത്ര തുടരുന്നത്‌. കൂട്ടത്തിൽ രോഗബാധിതരും രോഗവാഹകരും ഉണ്ടാകാമെന്നാണ്‌ ആരോഗ്യവകുപ്പിന്റെ കണക്കൂകൂട്ടൽ. ഇതുകൂടി കണക്കാക്കിയാണ്‌ ജാഗ്രത ശക്തിപ്പെടുത്തണമെന്ന്‌ ആരോഗ്യ വുകുപ്പ്‌  മുന്നറിയിപ്പ്‌ നൽകുന്നത്‌. 
ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ കഴിഞ്ഞ‌ ദിവസം നാലുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌ ആശങ്ക ഉയർത്തിയിരുന്നു. ഇവരുടെ കുടുംബാംഗങ്ങൾ ക്വാറന്റൈനിലാണ്‌.  രോഗബാധിതരിൽ‌ ഒരാൾക്ക്‌ വീടിന്‌ പുറത്തും സമ്പർക്കമുണ്ട്‌. ഇവരെയും ക്വാറന്റൈയിനിലാക്കിയിട്ടുണ്ട്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top