16 September Monday

മീനങ്ങാടിയിൽ പൂർത്തിയാക്കിയത്‌ 390 വീടുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019
ബത്തേരി
സമ്പൂർണ ഭവനനിർമാണ യജ്ഞത്തിൽ മാതൃക തീർക്കുകയാണ‌് മീനങ്ങാടി പഞ്ചായത്ത‌്. 22 ശതമാനം ആദിവാസി ജനസംഖ്യയുള്ള പഞ്ചായത്തിൽ ലൈഫ‌് പദ്ധതി മൂന്നാംഘട്ടം പിന്നിടുന്നതോടെ സ്വന്തമായി വീടില്ലാത്തവരുടെ എണ്ണം നന്നേ ചുരുങ്ങും. പദ്ധതിയുടെ ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും വലിയ പുരോഗതിയുണ്ടാക്കി. ഒന്നാംഘട്ടത്തിൽ ഇഎംഎസ‌്, ഐഎവൈ, ടിഎസ‌്പി പദ്ധതികളിൽ നിർമാണം പൂർത്തീകരിക്കാനാവാതെ വന്ന വീടുകളാണ‌് ഉൾപ്പെടുത്തിയത‌്. ഇഎംഎസ‌് പദ്ധതിയിൽ ബാക്കിയായത‌് 123 വീടുകളായിരുന്നു. ഇതിൽ 119 വീടുകൾ പൂർത്തിയായി. ആൾ ഇല്ലാത്തതിനാലാണ‌് നാല‌് വീടുകൾ ലീസ‌്റ്റിൽനിന്നും ഒഴിവായത‌്. ടിഎസ‌്പിയിൽ 212 വീടുകളും ഒന്നാംഘട്ടത്തിൽ നിർമിച്ചിട്ടുണ്ട‌്. ലൈഫിന്റെ രണ്ടാംഘട്ടത്തിൽ അപേക്ഷ നൽകിയ 178 ഗുണഭോക്താക്കളിൽ 103 പേരെയാണ‌് അർഹരാണെന്ന‌് കണ്ടെത്തിയത‌്. ഇവരിൽ 59 പേരുടെ വീടുകളുടെ നിർമാണം കഴിഞ്ഞു. മൂന്നാംഘട്ടത്തിൽ 241 അപേക്ഷകളാണ‌് നിലവിലുള്ളത‌്. ഇവരിൽ 171 പേർ ജനറൽ വിഭാഗത്തിലും 43 പേർ പട്ടികവർഗത്തിലും 27 പേർ പട്ടികജാതിയിലും ഉൾപ്പെട്ട അപേക്ഷകരാണ‌്. ഗ്രാമസഭകൾ അംഗീകരിച്ച ലീസ‌്റ്റിൽ ഉൾപ്പെട്ട ഇവരുടെ അർഹത പരിശോധന ഒമ്പതിന‌് നടക്കും. ഭൂരഹിതർക്ക‌് സ്ഥലവും വീടും സ്വന്തമായി സ്ഥലമുള്ളവർക്ക‌് വീടുമാണ‌് പദ്ധതിയിൽ അനുവദിക്കുന്നത‌്. അടുത്ത ഘട്ടത്തിൽ വീടുകൾ വാസയോഗ്യമല്ലാത്ത കുടുംബങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന‌് പഞ്ചായത്ത‌് പ്രസിഡന്റ‌് ബീനാ വിജയൻ പറഞ്ഞു. ഓവർസിയർ നിർദേശിക്കുന്ന മുറക്കനുസരിച്ചായിരിക്കും ഇവർക്ക‌് ഫണ്ട‌് അനുവദിച്ചു നൽകുക. 2005﹣-2010 കാലഘട്ടത്തിൽ പഞ്ചായത്ത്‌ ഭരണസമിതി ഇഎംഎസ‌് ഭവനനിർമാണത്തിൽ ഉൾപ്പെടുത്തി 1552 വീടുകൾ നിർമിച്ചു നൽകിയിരുന്നു. ജില്ലാ സഹകരണ ബാങ്കിൽനിന്നും മൂന്ന‌് കോടി ഇതിനായി കടം എടുത്തു. ലൈഫിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾക്കായി പഞ്ചായത്ത‌് വകയിരുത്തിയ തുകയ‌്ക്ക‌് പുറമെ സർക്കാർ ഫണ്ടും സർക്കാർ വിഹിതവും ലഭിച്ചിട്ടുണ്ട‌്.
 
പ്രധാന വാർത്തകൾ
 Top