02 July Thursday
ജില്ലാ സ്‌റ്റേഡിയത്തിൽ ലൈറ്റുകൾ തെളിഞ്ഞു

മിഴിതുറന്നു, കായികസ്വപ്‌നം

സ്വന്തം ലേഖകൻUpdated: Saturday Jun 6, 2020

ജില്ലാ സ്‌റ്റേഡിയത്തിൽ ലൈറ്റുകൾ തെളിഞ്ഞപ്പോൾ

കൽപ്പറ്റ
ജില്ലയുടെ കായിക ഉയിർപ്പിലേക്ക്‌ പ്രഭ ചൊരിഞ്ഞ്‌ നിദിഷ്‌ട ജില്ലാ സ്‌റ്റേഡിയത്തിൽ ലൈറ്റുകൾ തെളിഞ്ഞു.  മരവയലിലെ സ്‌റ്റേഡിയത്തിൽ സ്ഥാപിച്ച 10 പോളുകളിൽനിന്നും  അറുപത്‌ എൽഇഡി ബൾബുകൾ സ്‌റ്റേഡിയത്തിലേക്ക്‌  പ്രകാശം   ചൊരിഞ്ഞപ്പൊൾ  ജില്ലയുടെ കായിക ചരിത്രം തന്നെ മാറിമറയുകയാണ്‌. സംസ്ഥാനസർക്കാരിന്റെയും ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലിന്റെയും ഇച്ഛാശക്‌തിയിലൂടെ സ്‌റ്റേഡിയം നിർമാണം അവസാനഘട്ടത്തിലെത്തി നിൽക്കെയാണ്‌ ലൈറ്റ്‌ ഓപ്പണിങ്‌.
   സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സി കെ ശശീന്ദ്രൻ എംഎൽഎ ലൈറ്റ്‌ ഓപ്പണിങ്ങിന്റെ സ്വിച്ച്‌ ഓൺ നടത്തി. സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ അംഗം കെ റഫീഖ്‌ അധ്യക്ഷനായി.  എം വി ശ്രേയസ്‌ കുമാർ,  കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ സനിത ജഗദീഷ്‌, വിവിധ രാഷ്‌ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച്‌ പി ഗഗാറിൻ, പി പി ആലി, കെ സദാനന്ദൻ, പി എം നാസർ എന്നിവർ സംസാരിച്ചു. ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ എം മധു സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ സലീം കടവൻ നന്ദിയും പറഞ്ഞു. കൊവിഡ്‌ നിബന്ധകളുള്ളതിനാൽ ലളിതമായിരുന്നു ചടങ്ങ്‌.  കായികപ്രേമികളും രാഷ്‌ട്രീയ സാമൂഹ്യപ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുത്തു.  
   കൽപ്പറ്റ ടൗണിൽനിന്നും മൂന്ന‌് കിലോമീറ്റർ മാത്രം അകലെയായ സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ടത്തിന്‌ മിനുക്ക്‌ പണികൾ മാത്രമാണ്‌ അവശേഷിക്കുന്നത്‌. രണ്ടാം ഘട്ടമായി  സ്‌റ്റേഡിയത്തിൽ  എട്ടുവരി  സിന്തറ്റിക‌് ട്രാക‌് കൂടി പൂർത്തിയാവേണ്ടതുണ്ട്‌.കോവഡിനെ തുടർന്ന്‌ നിലച്ച പണി കാലവർഷത്തിന്‌ ശേഷം പുനരാരംഭിക്കും. 
   7.88 ഏക്കർ ഭൂമിയിൽ രണ്ട‌് ഘട്ടങ്ങളിലായി 16.75 കോടി രൂപയാണ് സ്റ്റേഡിയം നിർമാണത്തിന് മാത്രം ചെലവ്.  കിറ്റ്‌കോയുടെ ചുമതലയിൽ ലീ ബിൽഡേഴ്‌സാണ്‌ നിർമാണം നടത്തുന്നത്‌.  
 
പ്രധാന വാർത്തകൾ
 Top